ന്യൂദല്‍ഹി: സത്യത്തെ അടിസ്ഥാനമാക്കിയുള്ളതല്ല ‘കശ്മീര്‍ ഫയല്‍സ്’ എങ്കില്‍ താന്‍ സിനിമാരംഗം വിടാന്‍ തയ്യാറാണെന്ന് സംവിധായകന് വിവേക് അഗ്നിഹോത്രി വെല്ലുവിളിച്ചു. ദേശീയ ചലച്ചിത്രോത്സവത്തിലെ ജൂറി അധ്യക്ഷന്‍ കൂടിയായ ഇസ്രയേലി സംവിധായകന് നദവ് ലാപിഡ് ‘കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമ അശ്ലീലവും വെറും പ്രചരണസിനിമയും ആണെന്ന് വിമര്‍ശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു വിവേക് അഗ്നിഹോത്രി.
“ഗോവ ദേശീയ ചലച്ചിത്രോത്സവത്തിലെ ജൂറി ചെയര്മാന് കശ്മീര്‍ ഫയല്‍സിനെ അശ്ലീലമെന്നും വെറും പ്രചാരണചിത്രമെന്നും കുറ്റപ്പെടുത്തുകയുണ്ടായി. ഇത് എനിക്ക് പുത്തരിയല്ല. കശ്മീര്‍ ഫയല്‍സിനെക്കുറിച്ച് ഇതേ അഭിപ്രായപ്രകടനം തന്നെയാണ് അര്‍ബന്‍ നക്സലുകളും തീവ്രവാദ സംഘടനകളും ഇന്ത്യയെ കീറിമുറിക്കാന്‍ വെമ്പല്‍ക്കൊള്ളുന്ന തുക്ഡെ തുക്ഡെ സംഘങ്ങളും പറഞ്ഞത്. ഗോവ ചലച്ചിത്രമേളയിലെ പരാമര്‍ശം ഇന്ത്യയ്ക്കെതിരായ ചില ഇന്ത്യക്കാര്‍ ഉപയോഗിച്ചിരുന്നു. ആരാണ് ഇക്കൂട്ടര്‍? ഈ സിനിമ എടുക്കാന്‍ നാല് വര്‍ഷം നീണ്ട ഗവേഷണം ആരംഭിച്ച നാള് മുതലേ എന്റെ സിനിമയെ പ്രചാരണ സിനിമ എന്ന് കുറ്റപ്പെടുത്താന്‍ തുടങ്ങിയവരാണിവര്‍. “- വിവേക് അഗ്നിഹോത്രി പറഞ്ഞു.
“700 ല്‍ പരം ആളുകളെ അഭിമുഖം ചെയ്ത ശേഷമാണ് ഈ സിനിമ എടുത്തത്. പട്ടാപ്പകല്‍ തങ്ങളുടെ മാതാപിതാക്കളും കുട്ടികളും നഷ്ടപ്പെട്ട, കൂട്ടബലാത്സംഗത്തിനിരയായ, രണ്ട് കഷ്ണങ്ങളായി ശരീരം വെട്ടിമുറിക്കപ്പെട്ട അനുഭവങ്ങളുള്ള ഇവരുടെ വാക്കുകള്‍ പ്രചാരണവും അശ്ലീലവുമാകുന്നതെങ്ങിനെ? ഹിന്ദുക്കളുടെ ഭൂമി എന്നവകാശപ്പെട്ടിരുന്ന കശ്മീരില്‍ ഒരു ഹിന്ദുവും അവശേഷിക്കാത്ത സ്ഥലമായി മാറി. ഇന്നും അവിടെ ഹിന്ദുക്കളെ തെരഞ്ഞുപിടിച്ച് കൊല്ലുന്നു. ഇത് പ്രചാരണവും അശ്ലീലവുമാണോ? യാസിന് മാലിക്ക് അയാള്‍ ചെയ്ത കുറ്റം ഏറ്റുപറഞ്ഞുകഴിഞ്ഞു. ഇപ്പോള്‍ ജയിലിലാണ്. ഇതെല്ലാം അശ്ലീലവും പ്രചാരണവുമാണോ?”- വിവേക് അഗ്നിഹോത്രി പറയുന്നു.
“കശ്മീര്‍ ഫയല്‍സ് ഒരു പ്രചാരണ സിനിമയാണെങ്കില്‍ ഹിന്ദുക്കളുടെ വംശഹത്യ അവിടെ നടന്നിട്ടില്ലെന്ന് സമ്മതിക്കേണ്ടി വരും. ഈ സിനിമയിലെ ഏതെങ്കിലും ഡയലോഗോ രംഗങ്ങളോ തെറ്റാണെന്ന് തെളിയിക്കാന്‍ ഇസ്രയേലി സംവിധായകന് നദവ് ലാപിഡിനെ ഞാന്‍ വെല്ലുവിളിക്കുന്നു. അങ്ങിനെയെങ്കില്‍ ഞാന്‍ സിനിമാരംഗം വിടാം. ആരാണ് ഇന്ത്യയ്ക്കെതിരെ നിലകൊള്ളുന്നവര്‍ അവര്‍ ഇന്ത്യയിലെ മുസ്ലിങ്ങളെക്കുറിച്ചുള്ള ചില സത്യങ്ങള്‍ ഒളിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. കശ്മീരിനെക്കുറിച്ചുള്ള സത്യം ഒളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണിവര്‍. ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ പട്ടാപ്പകല്‍ കൊലചെയ്യപ്പെട്ട സത്യം ഒളിപ്പിച്ചുവെയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണിവര്‍. കോവിഡ് കാലത്ത് ഏതാനും ഡോളറുകള്‍ക്ക് പട്ടടകള്‍ വിറ്റവരാണിവര്‍.” -അര്‍ബന്‍ നക്സലുകളെയും ഇടത് ബുദ്ധിജീവികളെയും ഇസ്രയേലി സംവിധായകന് നദവ് ലാപിഡിനെയും വെല്ലുവിളിച്ച് വിവേക് അഗ്നിഹോത്രി ചോദിച്ചു.
1990കളില്‍ കശ്മീരില്‍ ലക്ഷക്കണക്കായ ഹിന്ദുക്കളായ കശ്മീരി പണ്ഡിറ്റുകളെ ഇസ്ലാമിക തീവ്രവാദികള്‍ അതിക്രൂരമായി കൊന്നൊടുക്കിയ വംശഹത്യയുടെ കഥ പറയുന്ന സിനിമയാണ് വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: