ദോഹ: ഇക്വഡോറിന്റെ ചെറുത്തുനില്‍പ്പ് മറികടന്ന് സെനഗലിന്റെ പടയോട്ടം. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാമത്തെ ടീമായി സെനഗലും പ്രീ ക്വാര്‍ട്ടറില്‍. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളിന് കീഴടക്കി സെനഗലിന്റെ മുന്നേറ്റം. രണ്ടാം തവണയാണ് സെനഗല്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുന്നത്. ഇസ്മയില സാര്‍ (44, പെനല്‍റ്റി), കാലിഡൊ കൗലിബാലി (70) എന്നിവരാണ് സെനഗലിനായി ഗോള്‍ നേടിയത്. ഇക്വഡോറിന്റെ ഗോള്‍ മോയ്സസ് കയ്സെഡോയുടെ (67) ബൂട്ടില്‍ നിന്ന്.
ജയിച്ചേ മതിയാകൂയെന്ന തിരിച്ചറിവില്‍ കളിയുടെ തുടക്കം മുതല്‍ സെനഗലാണ് മേധാവിത്വം പുലര്‍ത്തിയത്. 43-ാം മിനിറ്റിലാണ് സെനഗല്‍ ആദ്യം ലക്ഷ്യം കണ്ടത്. അവരുടെ ഇസ്മാലിയ സാറിനെ ഇക്വഡോര്‍ താരം പ്രെസിയാഡോ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി കിക്കെടുത്ത സാറിന് തെറ്റിയില്ല. അനായാസം ലക്ഷ്യം കണ്ട് താരം ടീമിന് ലീഡ് സമ്മാനിച്ചു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാനുറച്ചാണ് ഇക്വഡോര്‍ ഇറങ്ങിയത്. 67-ാം മിനിറ്റില്‍ സമനില നേടി. കോര്‍ണര്‍ കിക്കിനൊടുവിലായിരുന്നു ഗോള്‍. കോര്‍ണറില്‍നിന്ന് ഗോണ്‍സാലോ പ്ലേറ്റ ഉയര്‍ത്തിവിട്ട പന്ത് ഉയര്‍ന്നു ചാടിയ ഫെലിക്സ് ടോറസ് തലകൊണ്ടു ചെത്തിയിട്ടു. ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന കയ്സെഡോ കാല്‍പ്പാകത്തിനു ലഭിച്ച പന്ത് അനായാസം വലയിലേക്ക് തട്ടിയിട്ടു.
ഇക്വഡോറിന്റെ സമനില ഗോളിന്റെ ആഹ്ലാദത്തിന് ആയുസ് മൂന്നു മിനിറ്റു മാത്രം. ഫ്രീ കിക്കിനൊടുവിലായിരുന്നു ഗോള്‍. ബോക്സിനു പുറത്തുനിന്ന് ഇദ്രിസ ഗുയെ ഉയര്‍ത്തിവിട്ട പന്ത് ഫെലിക്സ് ടോറസിന്റെ തോളില്‍ത്തട്ടി വലതു മൂലയില്‍ കാലിഡൊ കൗളിബാലിയിലേക്ക്. കൗളിബാലിയുടെ തകര്‍പ്പന്‍ ഷോട്ട് ഇക്വഡോര്‍ ഗോള്‍കീപ്പര്‍ ഗലീന്‍ഡസിനെ മറികടന്ന് പോസ്റ്റിന്റെ ഇടതുമൂലയില്‍ വിശ്രമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: