ദോഹ: ഇരമ്പിയാര്‍ത്തു ദക്ഷിണ കൊറിയ… പക്ഷെ, കോട്ടമതില്‍ പോലെ ഉറച്ചുനിന്ന ഘാനയുടെ പ്രതിരോധം പിളര്‍ത്താനായില്ല. നിശ്ചിത സമയം പൂര്‍ത്തിയായപ്പോള്‍ മത്സരം ഘാനയുടെ പക്ഷത്ത് (3-2). ഘാനയ്ക്കായി മുഹമ്മദ് കുഡുസ് രണ്ട് ഗോളടിച്ചു. ആദ്യ ഗോള്‍ മുഹമ്മദ് സാലിസുവിന്റെ ബൂട്ടില്‍ നിന്ന്. കൊറിയയുടെ രണ്ട് ഗോളും ചൊ ഗ്യു സങ് നേടി. ജയത്തോടെ ഘാന പ്രീ ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കിയപ്പോള്‍ ദക്ഷിണ കൊറിയയുടെ സാധ്യതകള്‍ ഏറെക്കുറെ മങ്ങി.
മത്സരത്തിനിടെ വരുത്തിയ പിഴവുകളും കൊറിയന്‍ തിരിച്ചടിക്ക് ആക്കം കൂട്ടി. കളിയുടെ അവസാന നിമിഷത്തില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് എടുക്കുന്നതിനു മുന്‍പ് റഫറി ലോങ്വിസില് വിളിച്ചതില്‍ പ്രതിഷേധിച്ച് മൈതാനത്തിറങ്ങി റഫറിയോട് കയര്‍ത്ത കൊറിയന്‍ കോച്ച് പൗളൊ ജോര്‍ഗെ ഗോമസ് ബെന്റോയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതും കൊറിയയ്ക്ക് ഇരട്ട പ്രഹരമായി.
തുടക്കത്തില്‍ കൊറിയയാണ് ആധിപത്യം പുലര്‍ത്തിയത്. കളിയുടെ ഗതിക്കെതിരെ ഘാന 24-ാം മിനിറ്റില്‍ സാലിസുവിലൂടെ മുന്നില്‍. ജോര്‍ദാന്‍ ആയൂ ദക്ഷിണ കൊറിയന്‍ ബോക്സിലേക്ക് ഉയര്‍ത്തിവിട്ട ക്രോസ് ക്ലിയര്‍ ചെയ്യുന്നതില്‍ അവരുടെ പ്രതിരോധം വരുത്തിയ പിഴവ് ആദ്യ ഗോളിനു വഴിവച്ചു. പന്തു പിടിച്ചെടുത്ത് മുഹമ്മദ് സാലിസു തൊടുത്ത ഇടംകാലന്‍ ഷോട്ട് കൊറിയന്‍ വല കുലുക്കി. 10 മിനിറ്റിനു ശേഷം കുഡുസ് രണ്ടാം ഗോളും നേടി. ബോക്സിനു പുറത്ത് ഇടതുവിങ്ങില്‍നിന്ന് ആയൂ കൊറിയന്‍ ബോക്സിലേക്ക് ഉയര്‍ത്തി വിട്ട പന്ത് നല്ലൊരു ഹെഡറിലൂടെ മുഹമ്മദ് കുഡൂസ് വലയിലെത്തിച്ചു.
രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ കൊറിയ ആക്രമണം തുടര്‍ന്നു. 58-ാം മിനിറ്റില്‍ ആദ്യ മറുപടി. ഘാന ബോക്സിലേക്ക് ദക്ഷിണ കൊറിയന്‍ താരങ്ങള്‍ നടത്തിയ അലകടലായുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയായിരുന്നു ഗോള്‍. ഇടതുവിങ്ങിലൂടെ തുടങ്ങിയ മുന്നേറ്റത്തിനൊടുവില്‍ ലീ കാങ് ഇന്‍ ഘാന ബോക്സിലേക്ക് ഉയര്‍ത്തി നല്കിയ ക്രോസില്‍ സുങ് ചോ ഗുവെയുടെ തകര്‍പ്പന്‍ ഹെഡര്‍. ഘാന ഗോള്‍കീപ്പര്‍ ആട്ടി സിഗിയുടെ പ്രതിരോധം തകര്‍ത്ത് പന്ത് വലയില്‍. ആദ്യ ഗോളിന്റെ ആരവം അവസാനിക്കും മുന്‍പ് കൊറിയ രണ്ടാം ഗോളും നേടി. കിം ജിന്‍ സു തളികളയിലെന്നവണ്ണം ഉയര്‍ത്തി നല്കിയ പന്തില്‍ സുങ് ചോ ഗുവെയുടെ ബുള്ളറ്റ് ഹെഡര്‍.
സമനില നേടിയതിന്റെ അവേശം ഏറെ നീണ്ടില്ല. ഏഴ് മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഘാനയുടെ വിജയഗോൾ. ഇടതുവിങ്ങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റത്തിനൊടുവില്‍ ഗിഡിയോന്‍ മെന്സാഹ് പന്ത് കൊറിയന്‍ പോസ്റ്റിനു സമാന്തരമായി ബോക്സിലേക്ക് മറിച്ചു. പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള ഇനാകി വില്യംസിന്റെ ശ്രമം പാളിയെങ്കിലും, പന്ത് കിട്ടിയത് കുഡൂസിന്. ഒരു നിമിഷം പോലും പാഴാക്കാതെ കുഡൂസ് പന്ത് കൊറിയന്‍ ബോക്സിന്റെ ഇടതു മൂലയിലേക്കു പായിച്ചപ്പോള്‍ കൊറിയന്‍ ഗോളിക്ക് മറുപടിയുണ്ടായില്ല. പിന്നീട് സമനില ഗോളിനായി കൊറിയന്‍ താരങ്ങള്‍ ഘാന ഗോള്‍മുഖത്തേക്ക് നിരന്തരം ഇരച്ചു കയറിയെങ്കിലും പ്രതിരോധവും ഗോളിയും അവര്‍ക്ക് വിലങ്ങുതടിയായി.
ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗലിനോടു തോറ്റ ഘാനയ്ക്ക് ഈ ജയത്തോടെ മൂന്നു പോയിന്റ് ലഭിച്ചു. ആദ്യ മത്സരത്തില്‍ ഉറുഗ്വെയെ സമനിലയില്‍ തളച്ചതിനു ലഭിച്ച ഒരു പോയിന്റാണ് കൊറിയയുടെ സമ്പാദ്യം. ഡിസംബര്‍ രണ്ടിന് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഘാന ഉറുഗ്വെയെയും കൊറിയ പോര്‍ച്ചുഗലിനെയും നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: