ന്യൂദല്‍ഹി : രാജ്യത്തെ ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ അഞ്ച് സംസ്ഥാനങ്ങളില്‍ വ്യാപക തെരച്ചിലുമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഐ). ദല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് എന്‍ഐഎ തെരച്ചില്‍ നടത്തി വരുന്നത്. രാജസ്ഥാനില്‍ മാത്രം 20 സ്ഥലങ്ങളിലാണ് പ്രത്യേക സംഘം തെരച്ചില്‍ നടത്തുന്നത്.
ഗുണ്ടാ സംഘങ്ങള്‍ ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ വ്യാപകമായ തെരച്ചില്‍ നടത്തി വരുന്നത്. രാജ്യത്ത് ഭീകരരും ഗുണ്ടാസംഘങ്ങളും മയക്കുമരുന്ന് മാഫിയയും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. വിദേശത്തു നിന്നും ഇവര്‍ക്ക് സഹായം ലഭിച്ചിരുന്നെന്നും സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ആഴ്ചകളില്‍ ചില ഗുണ്ടാസംഘങ്ങളെ കസ്റ്റഡിയിലെടുത്തിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് സംസ്ഥാനങ്ങളിലെ എന്‍ഐഎയുടെ വ്യാപക തെരച്ചില്‍. പഞ്ചാബ് ഗായകന്‍ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തിഹാര്‍ ജയിലിലെ കുപ്രസിദ്ധ ഗുണ്ട ലോറന്‍സ് ബിഷ്‌ണോയ്, നീരജ് ബവാന, ടില്ലു ടാസ്പുറിയ, ഗോള്‍ഡി ബ്രാര്‍ എന്നിവരുടെ ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ചാണ് എന്‍ഐഎയുടെ തെരച്ചില്‍ നടക്കുന്നത്.
ഒക്ടോബറില്‍ ഹരിയാനയില്‍ നിന്നും ഒരു ഗുണ്ടയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദല്‍ഹി ഉള്‍പ്പടെയുള്ള വടക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 52 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. വടക്ക് കിഴക്കന്‍ ദല്‍ഹിയില്‍ നിന്നും കസ്റ്റഡിയിലായ ആസിഫ് ഖാന്‍ എന്നയാളെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇത്രയും വിപുലമായ റെയ്ഡ് അന്ന് എന്‍ഐഎ നടത്തിയത്. പിടിയിലായ ആസിഫിന് ഇപ്പോള്‍ ജയിലിലുള്ള ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും ഇയാളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഹരിയാനയില്‍ നിന്നും രാജു മോത്ത എന്നയാള്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: