ദോഹ: കൊണ്ടും കൊടുത്തും മുന്നേറിയപ്പോള്‍ ഗോളുകളുടെ ആറാട്ട്. ലോകകപ്പില്‍ ഇന്നലത്തെ കാമറൂണ്‍-സെര്‍ബിയ മത്സരമാണ് ആവേശക്കൊടുമുടി കയറിയത്. ഇരു ടീമുകളും മൂന്ന് ഗോള്‍ വീതം നേടി തുല്യത പാലിച്ചു. ഒരുഘട്ടത്തില്‍ 3-1ന് മുന്നിട്ടുനിന്ന ശേഷമാണ് സെര്‍ബിയയ്ക്ക് സമനില വഴങ്ങേണ്ടിവന്നത്. ഇതോടെ ഖത്തര്‍ ലോകകപ്പില്‍ അക്കൗണ്ട് തുറന്ന ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവച്ചു.
ആദ്യ മത്സരത്തില്‍ സെര്‍ബിയ കരുത്തരായ ബ്രസീലിനോട് 2-0ന് തോറ്റിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനെതിരെ 1-0 ത്തിനായിരുന്നു കാമറൂണിന്റെ തോല്‍വി. കാമറൂണിന് വേണ്ടി യാന്‍ ചാള്‍സ് കാറ്റെലിറ്റോ, വിന്‍സന്റ് അബൂബക്കര്‍, എറിക് ചൗപൊ മോട്ടിങ് എന്നിവരാണ് ലക്ഷ്യം കണ്ടത്. സെര്‍ബിയയ്ക്കുവേണ്ടി പാവ്ലോവിക്, മിലിന്‍കോവിച്ച് സാവിച്ച്, അലക്സാണ്ടര്‍ മിട്രോവിച്ച് എന്നിവരും ലക്ഷ്യം കണ്ടു.
കളിയില്‍ ആദ്യം ഗോള്‍ വല ചലിപ്പിച്ചത് കാമറൂണ്‍. 29-ാം മിനിറ്റില്‍ യാന്‍ ചാള്‍സ് കാറ്റെലിറ്റോയാണ് ഗോള്‍ നേടിയത്. കോര്‍ണറില്‍, ടോളയില്‍നിന്നു ലഭിച്ച പാസ് കാറ്റെലിറ്റോ വലയിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കാമറൂണ്‍ കോട്ട തകര്‍ത്ത് സെര്‍ബിയ രണ്ട് തവണ നിറയൊഴിച്ചു. പാവ്ലോവിച്ച്, മിലിന്‍കോവിച്ച് സാവിച്ച് എന്നിവരാണ് ഗോള്‍ വേട്ടക്കാര്‍. ഇതോടെ ആദ്യ പകുതിയില്‍ സെര്‍ബിയ ഒരു ഗോളിന്റെ ലീഡെടുത്തു.
രണ്ടാം പകുതിയില്‍ സെര്‍ബിയ പൂര്‍ണമായും ആക്രമണം ഏറ്റെടുത്തു. 53-ാം മിനിറ്റില്‍ സെബര്ബിയ മൂന്നാം ഗോളും അടിച്ചു. മിട്രോവിച്ചാണ് ലക്ഷ്യം കണ്ടത്. എന്നാല്‍ സെര്‍ബിയയുടെ മൂന്നു ഗോളുകള്‍ക്ക് കാമറൂണിന്റെ പോരാട്ടവീര്യം തകര്‍ക്കാനായില്ല. വര്‍ദ്ധിത വീര്യത്തോടെ പോരാടിയ ആഫ്രിക്കന്‍ താരങ്ങള്‍ സെര്‍ബിയയെ നിരന്തരം വിറപ്പിച്ചു.
64-ാം മിനിറ്റില്‍ സെര്‍ബിയയെ ഞെട്ടിച്ച് കാമറൂണിന്റെ രണ്ടാം ഗോള്‍. കാറ്റെലിറ്റോയുടെ പാസില്‍ നിന്ന് വിന്‍സന്റ് അബൂബക്കറാണ് ലക്ഷ്യം കണ്ടത്. രണ്ടു മിനിറ്റിനുള്ളില്‍ വീണ്ടും കാമറൂണിന്റെ സമനില ഗോളും പിറന്നു. അബൂബക്കറിന്റെ അസിസ്റ്റില്‍ ചൗപൊ മോട്ടിങ് സ്കോറര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: