കണ്ണൂര്‍: കൊന്നതും കൊല്ലപ്പെട്ടതും സിപിഎം പ്രവര്‍ത്തകരായിട്ടും തലശ്ശേരി ലഹരിമാഫിയകളുടെ പരസ്പരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ബന്ധം കേസിന്റെ പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടിലില്ല. ഇതിനു പിന്നില്‍ സിപിഎമ്മിന്റെയും സംസ്ഥാന ആഭ്യന്തര വകുപ്പിന്റെയും ഇടപെടലുണ്ടെന്നാണ് സൂചനകള്‍.
തലശ്ശേരി എസിപി നിഥിന്‍രാജ് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടു പറയുന്നത് കൊലയ്ക്കു കാരണം വാഹനകച്ചവടത്തിലെ തര്‍ക്കത്തിനിടെയുയായ വ്യക്തിവൈരാഗ്യവും കഞ്ചാവ് വില്പന ചോദ്യം ചെയ്തതുമാണെന്നതാണ്. കേസിലെ മുഖ്യപ്രതിയായ പാറായി ബാബുവിന് ക്രിമിനല്‍ പശ്ചാത്തലുമുണ്ടെന്ന് നേരത്തെ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
നിസാര സംഭവങ്ങള്‍ക്കും സിപിഎമ്മുകാര്‍ക്ക് അനുകൂലമായ കേസാണെങ്കില്‍ എതിര്‍കക്ഷികളുടെ രാഷ്ട്രീയം പോലീസ് റിപ്പോര്‍ട്ടുകളിലും പതിവാണ്. എന്നാല്‍ മയക്കുമരുന്ന കച്ചവടത്തിന്റെ പേരില്‍ നടന്ന ഈ കൊലപാതകത്തില്‍ രണ്ടുപക്ഷത്തും സിപിഎമ്മുകാരായതിനാല്‍ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് അത്തരം കാര്യങ്ങളൊന്നും പരാമര്‍ശിച്ചിട്ടില്ല. സംഭവം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും സിപിഎം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി പ്രതിഷേധിക്കുകയോ അനശോചന പരിപാടികള്‍ നടത്തുകയോ ചെയ്തിട്ടില്ല. സംഭവം വിശദീകരിക്കാനും സിപിഎം നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന മാഫിയയാണ് കൊലപാതികകള്‍ എന്നറിഞ്ഞിട്ട് അവര്‍ക്കെതിരേ പറയാന്‍ പോലും കഴിഞ്ഞിട്ടില്ല. ശരിക്കും വിഷമ സ്ഥിതിയിലാണ് സിപിഎം നേതൃത്വം.
പ്രതികളെ ചോദ്യം ചെയ്യുന്നതിന് വിട്ടുകിട്ടുന്നതിന് തലശ്ശേരി ടൗണ്‍ പോലിസ് തലശ്ശേരി അഡീ. ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കും. തെളിവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനാണ് പൊലീസ് കോടതിയില്‍ പ്രതികളെ വിട്ടുകിട്ടുന്നതിനായി അപേക്ഷ നല്‍കുക. സംഭവത്തില്‍ മുഖ്യപ്രതിയടക്കം ഏഴുപേരാണ് റിമാന്‍ഡിലായത്. കേസിലെ പ്രതിയായ നെട്ടൂര്‍ ചിറക്കക്കാവിന് സമീപം മുട്ടങ്ങല്‍ വീട്ടില്‍ ജാക്സണ് വിന്‍സെന്റ് നടത്തിയ കഞ്ചാവ് വില്പനയെ ചോദ്യം ചെയ്ത വൈരാഗ്യമാണ് പ്രതികള്‍ ആസൂത്രിതമായി ഇരട്ടക്കൊല നടത്താന്‍ കാരണമായത്. ലഹരിമാഫിയ സംഘത്താല്‍ കൊല്ലപ്പെട്ട സിപിഎം നെട്ടൂര്‍ ബ്രാഞ്ച് അംഗമായ പൂവനാഴി ഷമീറിന്റെ (40) മകന് ഷബീലിനെ (20) ബൈക്കിലെത്തിയ ജാക്സണ് തടഞ്ഞു നിര്‍ത്തി മര്‍ദിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷബീലാണ് തന്റെ വീട്ടില്‍ കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന വിവരം പോലീസിനെ അറിയിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ചത്.
കഴിഞ്ഞ ബുധനാഴ്ച്ച വൈകുന്നേരം നാലുമണിയോടെ തലശ്ശേരി സഹകരണാശുപത്രിക്ക് സമീപം വെച്ചായിരുന്നു കൊലപാതകം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: