കൊല്ലം : കിളിക്കൊല്ലൂരില്‍ വിഷ്ണുവിനും സഹോദരന് വിഘ്നേഷിനും പോലീസ് സ്റ്റേഷനില്‍ നിന്നും മര്‍ദ്ദനമേറ്റിട്ടുണ്ട്. എന്നാല്‍ മര്‍ദ്ദിച്ചത് ആരാണെന്ന് അറിയില്ലെന്ന് വിചിത്ര റിപ്പോര്‍ട്ടുമായി പോലീസ്. കേസുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷന് കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ മെറിന് ജോസഫ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
വിഷ്ണുവിന്റെ സഹോദരന് വിഘ്നേഷാണ് മനുഷ്യാവകാശ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നത്. ഇതേത്തുടര്‍ന്ന് പോലീസിനോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മിഷന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസിനെ വെള്ളപൂശി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സ്റ്റേഷനില്‍വെച്ച് മര്‍ദ്ദിച്ചതിന് സാക്ഷികളില്ലെന്നും റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ഇരുവര്‍ക്കും പോലീസ് സ്റ്റേഷന് പുറത്തുവെച്ചാണ് മര്‍ദ്ദനമേറ്റതെന്നായിരുന്നു കിളികൊല്ലൂര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ആ വാദം തെറ്റാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മര്‍ദ്ദനമേറ്റു എന്നു പറഞ്ഞ സ്ഥലത്ത് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ല. അതിനാല്‍ത്തന്നെ പോലീസ് സ്റ്റേഷനില്വെച്ചുതന്നെയാണ് മര്‍ദ്ദനമേറ്റതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എംഡിഎംഎ കേസില്‍ അകത്തായ ആളെ ജാമ്യത്തിലിറക്കാനായി വിഘ്നേഷിനെ അയല്‍വാസിയായ പോലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ കേസ് എംഡിഎംഎ ആയിരുന്നെന്ന് സ്റ്റേഷനിലെത്തിയപ്പോഴാണ് വിഘ്നേഷ് അറിയുന്നത്തെന്നാണ് പറയുന്നത്. സ്റ്റേഷനില്‍ നിന്നും മടങ്ങാനിരിക്കോണ് സഹോദരന് വിഷ്ണുവെത്തിയത്. തുടര്‍ന്ന് വിഷ്ണുവും എഎസ്ഐയും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വിഷ്ണുവിനെ പോലീസ് കൈയേറ്റം ചെയ്യുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: