ദോഹ: ഈ ലോകകപ്പ് കണ്ട ഏറ്റവും മനോഹര ഗോളടിച്ച് ബ്രസീലിന്റെ സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് ടോട്ടനത്തിന്റെ സ്റ്റാര്‍ സ്ട്രൈക്കര്‍ റിച്ചാര്ലിസണ്. സൂപ്പര്‍ താരങ്ങളായ ഗബ്രിയേല്‍ ജെസ്യുസ്, റോഡ്രിഗോ തുടങ്ങിയവരെ ബെഞ്ചിലിരുത്തിയാണ് കോച്ച് ടിറ്റെ റിച്ചാര്‍ലിസണെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത് ആരും പ്രതീക്ഷിക്കാത്ത നീക്കമായിരുന്നു. ടോട്ടനത്തിവേണ്ടി കളിക്കുന്ന റിച്ചാര്ലിസണ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താത്തതും പരിക്കുമായിരുന്നു ഇതിന് കാരണം. എന്നാല്‍ സെര്‍ബിയക്ക് എതിരായ മത്സരത്തിലൂടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ടിറ്റെയും റിച്ചാര്‍ലിസണും. ബ്രസീലിനായി അവസാനം കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് ഇതോടെ താരം ഒന്‍പത് ഗോളുകളും അടിച്ചു. ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ ഇരട്ട ഗോള്‍ നേടുകയെന്ന നെയ്മറുടെ റിക്കാഡിനൊപ്പം താരം എത്തുകയും ചെയ്തു.
റിച്ചാര്‍ലിസണിന്റെ രണ്ടാമത്തെ ഗോള്‍ മതി ആ പ്രതിഭയുടെ ആഴം മനസ്സിലാക്കാന്‍. വിനീഷ്യസ് ജൂനിയര്‍ നല്കിയ ആ പാസ് കാലുകൊണ്ട് തട്ടിയുയര്‍ത്തി വായുവിലേക്ക് ചെരിഞ്ഞ് റിച്ചാര്ലിസന് തൊടുത്തുവിട്ട ആക്രോബാറ്റക് കിക്ക് സെര്‍ബിയന്‍ വലയില്‍ തറച്ചുകയറിയപ്പോള്‍ പിറന്നത് ഖത്തര്‍ ലോകകപ്പിലെ ഇതുവരെയുള്ള ഏറ്റവും മനോഹരമായ ഗോള്‍. ഈ ഗോള്‍ കണ്ടാല്‍ ബ്രസീല്‍ ഫാന്‍ അല്ലാത്തവര്‍ പോലും കൈയടിച്ചുപോകും. അത്ര മനോഹരമായിരുന്നു അത്.
സമൂഹമാധ്യമങ്ങളില്‍ ഈ ഗോള്‍ തരംഗമായി മാറിക്കഴിഞ്ഞു. ഇതേ ഗോളിനായി താരം പരിശീലിക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ഈ ലോകകപ്പില്‍ ബ്രസീലിന്റെ സുവര്‍ണതാരമായി റിച്ചാര്ലിസണ് മാറുമെന്ന ശുഭപ്രതീക്ഷയിലാണ് ആരാധകര്‍.
പ്രതിഭകളുടെ അതിപ്രസരമുള്ള ബ്രസീലില്‍ പൂര്‍ണമായും ഫോമിലെത്തിയാല്‍ ലക്ഷണമൊത്ത ഒരു സ്ട്രൈക്കറാണ് റിച്ചാര്ലിസണ്. ക്ലബ് ഫുട്ബോളില്‍ എവര്‍ട്ടണില്‍ നിന്ന് ഹോട്ട്സ്പറില്‍ എത്തിയ താരം പ്രീമിയര്‍ ലീഗില്‍ സ്പര്‍സിനായി ഇനിയും ഗോള്‍ നേടിയിട്ടില്ല. പക്ഷേ ഈ ഇരുപത്തഞ്ചുകാരന് ബ്രസീല്‍ ജഴ്സിയില്‍ വെടിയുണ്ടയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. ദേശീയ ജേഴ്സിയില്‍ 39 കളികളില്‍ നിന്ന് 19 ഗോളുകള്‍ അടിച്ചുകൂട്ടിയിട്ടുണ്ട് ഒന്‍പതാം നമ്പര്‍ ജേഴ്സിയുമായി കളിക്കുന്ന റിച്ചാര്ലിസണ്.
സെര്‍ബിയക്ക് എതിരെയുള്ള മത്സരത്തില്‍ 64 മിനിറ്റ് വരെ പ്രതിരോധക്കോട്ട കെട്ടി ടീമിനെ ഗോളിലേക്ക് അടുപ്പിക്കാതെ നില്‍ക്കുമ്പോഴാണ് ഇരട്ട ഗോളുമായി താരം അവതരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: