ന്യൂദല്‍ഹി: പല കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ വിട്ടുകിട്ടാന്‍ ആഗ്രഹിക്കുന്ന വിവാദ മതപണ്ഡിതന്‍ സക്കീര്‍ നായിക്ക് ഫിഫ ലോകകപ്പിനിടയില്‍ ഖത്തറില്‍ ടിവിയില്‍ മതപ്രഭാഷണം നടത്തുമെന്ന കാര്യം ഇന്ത്യ കൈകാര്യം ചെയ്യുമെന്ന് ഇന്ത്യയുടെ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ്ങ് പുരി. ഇതാദ്യമായാണ് പ്രശ്നം പുറത്തുവന്ന ശേഷം കേന്ദ്രസര്‍ക്കാര്‍ പരസ്യമായി സക്കീര്‍ നായിക്കിന്റെ ഖത്തറിലെ സാന്നിധ്യത്തില്‍ അനിഷ്ടം പ്രകടിപ്പിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍, മതവിദ്വേഷം വളര്‍ത്തല്‍, വിദ്വേഷ പ്രസംഗം തുടങ്ങി ഒട്ടേറെ കുറ്റങ്ങളുടെ പേരില്‍ ഇന്ത്യ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്ന സക്കീര്‍ നായിക്കിനെ ചുവന്നപരവതാനി വിരിച്ച് ഖത്തര്‍ സ്വീകരിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ലോകകപ്പിനോടനുബന്ധിച്ച് മതപ്രഭാഷണം നടത്താന്‍ ഖത്തറില്‍ എത്തിയ സക്കീര്‍ നായിക്കിന്റെ ചിത്രവും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ലോകകപ്പിനോട് അനുബന്ധിച്ച് തുടര്‍ച്ചയായി സക്കീര്‍ നായിക്കിന്റെ പ്രഭാഷണം ഖത്തര്‍ ഭരണാധികാരികള്‍ക്ക് പങ്കാളത്തിമുള്ള ഒരു സ്പോര്‍ട്സ് ചാനല്‍ സംപ്രേഷണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ഇതോടെയാണ് ഇന്ത്യ പരസ്യപ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയം ഉന്നയിക്കുമെന്നും കടുത്ത നടപടി ഇക്കാര്യത്തില്‍ എടുക്കുമെന്നും ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. “ഇന്ത്യ ഈ പ്രശ്നം ഏറ്റെടുക്കുമെന്ന് എനിക്കുറപ്പുണ്ട്. അയാള്‍ മലേഷ്യയില്‍ ജീവിക്കുകയാണെങ്കിലും ഇന്ത്യ സര്‍ക്കാര്‍ ഈ പ്രശ്നം ഏറ്റെടുക്കും. “- ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: