ശബരിമല: തീര്‍ത്ഥാടനത്തിന്റെ ആദ്യദനം തന്നെ സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്. ബര്‍ത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ഭക്തരാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിംഗിലൂടെയും വന്‍ തോതില്‍ തീര്‍ത്ഥാടകര്‍ എത്തും. നടതുറന്ന ആദ്യ ദിനത്തില്‍ത്തന്നെ ശബരിമലയിലേക്ക് ഒഴുകിയെത്തിയത് പതിനായിരത്തിലധികം ഭക്തരാണ്. വൃശ്ചികം ഒന്നായ ഇന്നാണ് തീര്‍ത്ഥാടനം ആരംഭിക്കുന്നതെങ്കിലും ഇന്നലെ നട അടയ്ക്കുംവരെ ഭക്തര്‍ എത്തിക്കൊണ്ടിരുന്നു.ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്കാണ് നട തുറന്നത്. പുതുതായി സ്ഥാനമേറ്റ മേല്‍ശാന്തി കെ.ജയരാമന് നമ്പൂതിരിയാണ് ശ്രീകോവില്‍ തുറന്നു ദീപം തെളിച്ചത്. തിരക്ക് കൂടുന്നതിനനുസരിച്ച് കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ദേവസം ബോര്‍ഡിന്റെ തീരുമാനം. ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് സന്നിധാനത്ത് എത്തി നേരിട്ട് സ്ഥിതിഗതികള്‍ വിലയിരുത്തും.
ഇന്നലെ വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി ശ്രീകോവില്‍ നട തുറന്നതോടെ ശബരിമലയാകെ പ്രാര്‍ത്ഥനാനിര്‍ഭരമായി.ശ്രീകോവിലില്‍ മേല്‍ശാന്തി ദീപങ്ങള്‍ തെളിച്ച് യോഗനിദ്രയില്‍ നിന്ന് ഭഗവാനെ ഉണര്‍ത്തി. ഉപദേവതാക്ഷേത്രങ്ങളും തുറന്ന് വിളക്ക് തെളിച്ചു. പതിനെട്ടാം പടിക്കു മുന്നിലെ ആഴിയിലും അഗ്നി പകര്‍ന്നു. തുടര്‍ന്ന് ഭക്തര്‍ പതിനെട്ടാംപടി കയറി ഭഗവത് ദര്‍ശനം നടത്തി. തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു. ഇന്നലെ പ്രത്യേക പൂജകള്‍ ഇല്ലായിരുന്നു.
പുതിയ പുറപ്പെടാ മേല്‍ശാന്തിയായി സന്നിധാനത്ത് ജയരാമന് നമ്പൂതിരിയും മാളികപ്പുറത്ത് ഹരിഹരന് നമ്പൂതിരിയും ചുമതലയേറ്റു. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറിവന്ന ഇരുവരെയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എന്‍. പരമേശ്വരന് നമ്പൂതിരി കൈപിടിച്ച് ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ജയരാമന് നമ്പൂതിരിയെ തന്ത്രി കണ്ഠര് രാജീവരര് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിച്ച് ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ചുകയറ്റി. നട അടച്ചശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കാതില്‍ തന്ത്രി ചൊല്ലിക്കൊടുത്തു. മാളികപ്പുറം ശ്രീകോവിലിനു മുന്നില്‍ കലശാഭിഷേകം നടത്തി ഹരിഹരന് നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിച്ചു. ഡിസംബര്‍ 27നാണ് മണ്ഡലപൂജ. മകരവിളക്ക് ഉത്സവത്തിനായി ഡിസംബര്‍ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീര്‍ത്ഥാടനം ജനുവരി 20ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: