ലഹരിയുടെ മഹാവിപത്തില്നിന്ന് സമൂഹത്തെ എങ്ങനെ മോചിപ്പിക്കാമെന്നത് ഇന്നത്തെ ലോകത്തെ പ്രധാന ചിന്താവിഷയമാണ്. സര്‍ക്കാരുകളും സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ ഈ ചിന്ത പ്രവൃത്തിപഥത്തിലെത്തിക്കുന്നതിന്റെ തിരക്കിലാണ്. എന്നാല്‍ ആഗ്രഹിക്കുന്ന അളവില്‍ വിജയം വരിക്കാന്‍ കഴിയുന്നില്ലെന്നു മാത്രമല്ല, ലഹരിയുടെ ദുരുപയോഗം വര്‍ധിച്ചുവരികയും ചെയ്യുന്നു. പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന സംസ്ഥാനം കേരളമാണെന്ന റിപ്പോര്‍ട്ടുകള്‍ മലയാളികളെ വല്ലാതെ ആശങ്കപ്പെടുത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്ന സ്ത്രീപീഡനങ്ങളുടെയും ആത്മഹത്യകളുടെയും കൊലപാതകങ്ങളുടെയും മറ്റുതരത്തിലുള്ള കുറ്റകൃത്യങ്ങളുടെയും പിന്നില്‍ മയക്കുമരുന്നിന്റെ സ്വാധീനം പ്രകടമാണ്. കടല്‍വഴിയും കരവഴിയുമൊക്കെ വന്‍തോതില്‍ മയക്കുമരുന്നു കടത്തുകയും, അത് വിറ്റഴിക്കുകയും ചെയ്യുന്നതിന് ആനുപാതികമായി കുറ്റകൃത്യങ്ങളുടെ എണ്ണവും വര്‍ധിക്കുന്നതായി കാണാം. ഭീഷണമായ ഈ പശ്ചാത്തലത്തിലാണ് ലഹരിക്കെതിരെ മാതൃശക്തിയുണര്‍ത്താന്‍ മഹിളാ സമന്വയവേദിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം തിരുനക്കര മൈതാനത്തിന് സംഘടിപ്പിച്ച മഹിളാശക്തി സംഗമം ശ്രദ്ധേയമാകുന്നത്. ഭാരതത്തിന്റെ അഭിമാനതാരവും കേരളത്തിനു പ്രിയങ്കരിയുമായ ഒളിമ്പ്യന്‍ പി.ടി. ഉഷ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ തലമുറ വിടവ് മറികടക്കുന്ന സ്ത്രീകളുടെ പുതിയൊരു നേതൃനിര അണിനിരന്നു. മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയ താരം മീനാക്ഷിയും, കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തിയും, രാഷ്ട്രസേവികാ സമിതിയുടെ ഉഷാ വര്‍മയും, എഴുത്തുകാരിയും പ്രഭാഷകയുമായ ഡോ.ലക്ഷ്മി ശങ്കറുമൊക്കെ ഇവരില്‍പ്പെടുന്നു. ആയിരങ്ങള്‍ പങ്കെടുത്ത ഈ മഹിളാസംഗമം കേരളത്തില്‍ ലഹരിക്കെതിരെ പുതുമയാര്‍ന്ന മുന്നേറ്റത്തിന് തുടക്കംകുറിച്ചിരിക്കുകയാണ്.
സംഗമം ഉദ്ഘാടനം ചെയ്ത് പി.ടി. ഉഷ നടത്തിയ പ്രസംഗം ലഹരിക്കെതിരായ കരുത്തുറ്റ ആഹ്വാനം തന്നെയായിരുന്നു. ലഹരിക്കെതിരായ പ്രതിരോധം വീടുകളില്‍നിന്ന് തുടങ്ങണമെന്ന അവരുടെ വാക്കുകള്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിന് മഹത്തായൊരു തുടക്കം നല്കിയിരിക്കുന്നു. ലഹരിക്ക് അടിപ്പെട്ട യുവതലമുറയില്‍ വന്നിരിക്കുന്ന ഭീകരമായ മാറ്റത്തെക്കുറിച്ചും, രക്തബന്ധങ്ങള്‍പോലും മറന്നുള്ള അവരുടെ ചെയ്തികളെക്കുറിച്ചും, സമൂഹത്തോടും കുടുംബത്തോടുമുള്ള ഉത്തരവാദിത്വങ്ങള്‍ മറക്കുന്ന അവസ്ഥയെക്കുറിച്ചും ആത്മരോഷത്തോടെയാണ് ഉഷ പ്രതികരിച്ചത്. ലഹരിവിരുദ്ധമായ ഒരു പ്രദേശം സ്വപ്നം കാണുന്നുവെങ്കില്‍ അതിന്റെ തുടക്കം വീടുകളില്‍നിന്നുതന്നെയാവണമെന്ന ഉഷയുടെ വാക്കുകള്‍ സ്ത്രീസമൂഹത്തിന് ഇക്കാര്യത്തില്‍ വഹിക്കാനുള്ള പങ്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ലഹരിവിപത്തിനെതിരെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ പോരാടാന്‍ മാനസികമായി കരുത്താര്‍ജിക്കണമെന്ന ഉഷയുടെ വാക്കുകള്‍ ഓരോ അമ്മമാര്‍ക്കും പ്രചോദനമാണ്. ഭാരതീയമായ അര്‍ദ്ധനാരീശ്വര സങ്കല്പം വലിയ ശക്തി പകരുമെന്നും അവര്‍ പറഞ്ഞത് സ്ത്രീ സമൂഹത്തിന് തിരിച്ചറിവ് നല്‍കും. സ്ത്രീയില്‍ മറ്റുള്ളവരും സമൂഹവും അടിച്ചേല്‍പ്പിക്കുന്ന പരിമിതികളെ മറികടന്ന് കരുത്തിന്റെയും വിജയങ്ങളുടെയും ആള്‍രൂപമായി മാറിയ ഒരാള്‍തന്നെ ഇങ്ങനെ പറയുമ്പോള്‍ അതിന് സവിശേഷമായ പ്രാധാന്യമുണ്ട്. സ്ത്രീകള്‍ തിരുത്തല്‍ ശക്തിയാവുമ്പോള്‍ അത് രാഷ്ട്രത്തിന്റെ അവബോധമായി മാറുമെന്നും, നരേന്ദ്ര മോദി സര്‍ക്കാരിന്റെ വിവിധങ്ങളായ പദ്ധതികള്‍ സ്ത്രീശക്തിയെ ആഴത്തില്‍ സ്പര്‍ശിച്ചിരിക്കുകയാണെന്നും ഉഷ പറയുകയുണ്ടായി.
ലഹരി ഒരു മഹാമാരി തന്നെയാണെന്ന് തിരുനക്കര മഹിളാ സംഗമത്തില്‍ ഉയര്‍ന്നുകേട്ടത് ശ്രദ്ധേയമാണ്. ഈ വിപത്തിനെ നേരിടേണ്ടത് എങ്ങനെയെന്ന കൃത്യമായ സൂചനയും ഇത് നല്‍കുന്നുണ്ട്. മാനവരാശി മരണത്തെ മുഖാമുഖം കണ്ട കൊവിഡ് മഹാമാരിയെ എങ്ങനെയാണോ നേരിട്ടതും അതിജീവിച്ചതും, അത്രതന്നെ ശ്രദ്ധയും ഗൗരവവും ലഹരിക്കെതിരായ പോരാട്ടത്തിനും നല്‍കിയേ തീരൂ. മഹാമാരിക്ക് വാക്സിനേഷന് പോലെയാണ് ലഹരിക്കെതിരായ ബോധവല്‍ക്കരണം. വ്യത്യസ്തമായ പരിപാടികളിലൂടെ സംഘടനകളും വ്യക്തികളുമൊക്കെ ഇത് നടത്തുന്നുണ്ടെങ്കിലും ലഹരിക്ക് അടിപ്പെടുന്ന യുവതലമുറയെ എത്രമാത്രം സ്വാധീനിക്കാന്‍ ഇതിനു കഴിയുന്നുണ്ട് എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു. ചെഗുവേരയെപ്പോലെ മയക്കുമരുന്നിന് അടിമകളായ വൈദേശിക നേതൃരൂപങ്ങളെ ആദര്‍ശ പ്രതീകങ്ങളായി കൊണ്ടുനടക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും, മദ്യപാനത്തെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടങ്ങളും നടത്തുന്ന ബോധവല്‍ക്കരണം ലക്ഷ്യം കാണാത്തത് സ്വാഭാവികം. ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിന്റെ പരിധിയില്‍നിന്ന് കുടുംബങ്ങള്‍ ഒഴിവാക്കപ്പെടുന്നത് വലിയൊരു പിഴവാണ്. സ്വന്തം മക്കളെ മാതാപിതാക്കള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്നതുപോലെ സംഘടനകള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കുമൊന്നും എപ്പോഴും കഴിഞ്ഞെന്നു വരില്ലല്ലോ. മാതാപിതാക്കള്‍ തന്നെയാണ് ഇതിന് മുന്നിട്ടിറങ്ങേണ്ടത്. ഇവിടെ അമ്മമാരുടെ പങ്കു വളരെ വലുതാണ്. ലഹരി വിപത്തിനെക്കുറിച്ച് അവര്‍ തിരിച്ചറിവു നേടണം. തിരുനക്കരയിലെ മഹിളാ സംഗമം പി.ടി. ഉഷ എന്ന പയ്യോളി എക്സ്പ്രസ്സിനെപോലെ വിജയങ്ങള്‍ കൊണ്ടുവരട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: