ന്യൂദല്‍ഹി: ഇതാണ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലെ ആ നിമിഷം. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മോദിയെ ദൂരെ നിന്നും അഭിവാദ്യം ചെയ്ത നിമിഷം. രാജ്യത്തലവന്മാര് ബുധനാഴ്ച കണ്ടല്‍വനം കാണാന്‍ പോയിരുന്നു. അവിടെ പ്രകൃതി ആസ്വദിക്കാനും പരസ്പരം സംവദിക്കാനും പോയതായിരുന്നു അവര്‍. അവിടെ മോദി അല്പം ദൂരെ നിന്നും ജോ ബൈഡനെ അഭിവാദ്യം ചെയ്തു. ഉടനെ ജോ ബൈഡനും കൈ ഉയര്‍ത്തി മോദിയെ സല്യൂട്ട് ചെയ്തു.
ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ പങ്കുവെച്ച ട്വീറ്റ്:
ഇത്ര ദൂരെ നിന്ന് സൗഹൃദത്തിന്റെ ഒരു സല്യൂട്ട് കൈമാറാനുള്ള ധീരത മോദിയുടെ നിഷ്കളങ്കതയില്‍ നിന്നുയരുന്ന ഒന്നാണ്. അതിന് അതേ ഊഷ്മളതയോടെ മറുവശത്ത് നിന്നും ഒരു അഭിവാദ്യം കിട്ടുമ്പോള്‍ ഈ രാഷ്ട്ര നേതാക്കള്‍ക്ക് ഏതവസരത്തിലും വ്യക്തിഗതമായി ആശയവിനിമയം നടത്താനുള്ള ഇടവുമാണ് ലഭിക്കുന്നത്.
ചൊവ്വാഴ്ച മോദിയും ജോ ബൈഡനും തമ്മില്‍ ഉച്ചകോടിയ്ക്കിടയില്‍ പ്രത്യേകമായി പരസ്പരം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു നേതാക്കളും അങ്ങേയറ്റം സൗഹൃദത്തോടെയാണ് നിമിഷങ്ങള്‍ പങ്കുവെച്ചത്.
വ്യക്തിഗതമായ ഈ സൗഹൃദനിമിഷങ്ങള്‍ ലോകനേതാക്കളുമായി കൈമാറാന്‍ കഴിയുന്ന മോദിയുടെ ഈ കഴിവ് ഏറെ പ്രശംസനീയമാണ്. ഇതിന്റെ ചുവടുപിടിച്ചാണ് ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ മന്മോഹന് സിങ്ങിനെതിരെ ഒരു ട്വീറ്റ് പങ്കുവെച്ചത്. മന്മോഹന് സിങ്ങ് ഉച്ചകോടികളില്‍ പങ്കെടുമ്പോള്‍ വിദേശ നേതാക്കള്‍ ഗൗനിക്കാറില്ല. പക്ഷെ ലോകനേതാക്കള്‍ മോദിയെ തേടിവരുന്നു. ഈ ട്വീറ്റിനെതിരെ ജയറാം രമേശും മറ്റ് കോണ്‍ഗ്രസ് നേതാക്കളും കടുത്ത പ്രതികരണവുമായാണ് എത്തിയത്.
പക്ഷെ മോദിയുടെ ഈ കഴിവ് അനന്യമാണ്. അദ്ദേഹം ലോകനേതാക്കളെ കൈകാര്യം ചെയ്യുന്ന അനായാസത അത്ഭുതപ്പെടുത്തുന്നതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സനകുമായി സംസാരിക്കുന്ന ഫോട്ടോയില്‍ എത്ര ബഹുമാനത്തോടെയാണ് ഋഷി സുനക് മോദിയെ നോക്കുന്നത്.
അതുപോലെ വൈകുന്നേര ഭക്ഷണത്തിനിടയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി തന്ത്രപരമായി മോദി നടത്തിയ ഒരു അനൗദ്യോഗിക കൂടിക്കാഴ്ചയും എടുത്തു പറയേണ്ടതുതന്നെ. വ്യക്തികള്‍ക്കിടയില്‍ അറിയാതെ ശത്രുതയുടെയോ, തെറ്റിദ്ധാരണയുടേയോ മഞ്ഞുരുക്കുമ്പോള്‍ അത് രാജ്യങ്ങള്‍ക്കിടയിലെ മഞ്ഞുരുക്കമായി മാറുന്നു.
സ്ത്രീ നേതാക്കളുമായും മോദിക്ക് വിവേചനമില്ല. പുരുഷ നേതാക്കളോടുള്ള അതേ ഊഷ്മളതയോടെ പെരുമാറുന്നു എന്നത് മോദിയുടെ മാത്രം സവിശേഷത. ഇറ്റലിയില്‍ ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്കെത്തിയ ജ്യോര്‍ജ്ജിയ മെലനിയുമായി മോദി കാലാവസ്ഥാ വ്യതിയാനം, സംസ്കാരം, പ്രതിരോധം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ചര്‍ച്ച നടത്തി. ഇസ്ലാമിക മതമൗലികവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന നേതാവ് കൂടിയാണ് ജ്യോര്‍ജ്ജിയ മെലനി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള കൂടിക്കാഴ്ചയും ഊഷ്മളമായിരുന്നു. അതുപോല പുതിയ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് ഏറെ സ്നേഹവായ്പയോടെയാണ് മോദിയ ഏതിരേറ്റത്. ജി20 ഉച്ചകോടിക്കെത്തിയ ഏതാണ്ട് എല്ലാ രാഷ്ട്രത്തലവന്മാരുമായും മോദി സൗഹൃദം പങ്കുവെയ്ക്കുകയും സാധ്യമായിടത്തെല്ലാം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. റഷ്യയില്‍ നിന്നും അസംസ്കൃത എണ്ണ കുറഞ്ഞവിലയില്‍ വാങ്ങാന്‍ കഴിയുന്ന നയതന്ത്ര ധൈര്യം മോദിക്ക് ഉണ്ടാകുന്നത് ഈ സൗഹൃദത്തില്‍ നിന്നാണ്. ഇന്ത്യയുടെ ഉപഭോക്തൃപണപ്പെരുപ്പം തടഞ്ഞുനിര്‍ത്താന്‍ റഷ്യയുടെ എണ്ണ എത്ര മാത്രം ഉപകാരപ്രദമായെന്ന് കഴിഞ്ഞ ദിവസം നമ്മള് കണ്ടതാണ്. മാത്രമല്ല, രാജ്യത്തിനാവശ്യമായ അസാധാരണ വീക്ഷണകോണുകള്‍ മോദിക്ക് പകര്‍ന്നുകിട്ടുന്നത് ഇത്തരം ഇടപഴകലില്‍ നിന്നാണ്. ഒരു പുസ്തകത്തിലും കാണാത്ത, പ്രായോഗിക നയതന്ത്രത്തിന്റെ കാണാച്ചരടുകള്‍ മോദി പഠിച്ചെടുക്കുന്നത് ഈ തീവ്രസൗഹൃദങ്ങളില് നിന്നാണ്.
എസ് 400 എന്ന വ്യോമപ്രതിരോധ സംവിധാനം അമേരിക്കയുടെ എതിര്‍പ്പിനെ വകവയ്ക്കാതെ റഷ്യയില്‍ നിന്നും വാങ്ങിയെടുക്കാന്‍ സാധിച്ചതും മോദിയുടെ ഈ നയതന്ത്ര മിടുക്ക് തന്നെ. ഇതേ എസ് 400 വാങ്ങിയെന്ന കുറ്റത്തിന് നാറ്റോ അംഗരാജ്യം പോലുമായി തുര്‍ക്കിക്കെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയ്ക്കെതിരെ അമേരിക്ക ചെറുവിരല്‍പോലും അനക്കാതിരുന്നത് മോദിയുടെ ഈ അഗാധവ്യക്തിഗതസൗഹൃദം കാത്തുസൂക്ഷിക്കാനുള്ള മിടുക്ക് തന്നെ. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചൈന ഇന്ത്യയ്ക്കെതിരെ കടുത്ത നടപടികള്‍ എടുക്കാന്‍ ധൈര്യപ്പെടാത്തതും മോദിയുടെ ലോകരാജ്യങ്ങളിന്മേലുള്ള സ്വാധീനം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: