ഭുവനേശ്വര്‍: ഇക്കഴിഞ്ഞ സൂര്യഗ്രഹണസമയത്തും ചന്ദ്രഗ്രഹണസമയത്തും ബിരിയാണി സദ്യ നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പുരി ജഗന്നാഥക്ഷേത്രത്തിലെ പരിപാലകര്‍ ഒഡിഷ മുഖ്യമന്ത്രിക്ക് കത്തെഴുതി.
ഇത്തരം പ്രകോപനങ്ങള്‍ നടത്തിയവരെ ശിക്ഷിക്കണമെന്ന് മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. 36 വിവിധ സംഘങ്ങള്‍ അടങ്ങിയ ചതിശ നിജോഗ് എന്ന ക്ഷേത്രപരിപാലക സംഘമാണ് ഹിന്ദുക്കളെ അപമാനിച്ചുവെന്ന് ആരോപിച്ച് കത്തെഴുതിയിരിക്കുന്നത്.
യുക്തിവാദികളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സംഘം ഗ്രഹണ സമയങ്ങളില്‍ ബിരിയാണി ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. ടെലിവിഷന്‍ ചാനലുകളില്‍ ഈ സംഘങ്ങള്‍ ശ്രീരാമനെയും ലക്ഷ്മണനെയും അധിക്ഷേപിക്കുകയും ജഗന്നാഥക്ഷേത്രത്തില്‍ പ്രസാദമായി ചോറും ചിക്കനും നല്‍കണമെന്നും വാദിച്ചതായി കത്തില്‍ ആരോപിക്കുന്നു.
ഇനിയും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ നാട്ടില്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ അതിന് സര്‍ക്കാര്‍ ഉത്തരവാദികളായിരിക്കുമെന്നും കത്ത് താക്കീത് ചെയ്യുന്നു. കത്തിന്റെ കോപ്പികള്‍ ചീഫ് സെക്രട്ടറി മഹാപാത്ര, ഡിജിപി എസ്.കെ. ബന്‍സാല്‍ എന്നിവര്‍ക്കും അയച്ചു. ഗ്രഹണസമയത്ത് ബിരിയാണി സദ്യയൊരുക്കിയ എട്ട് പേരെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: