എം. രാജഗോപാല്‍
ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നിലെ ഒരു സായാഹ്നം, ചരിത്രമുറങ്ങുന്ന പാലക്കാട്ടെ കോട്ടമൈതാനം. ഗാനഗന്ധര്വ്വന് കെ.ജെ. യേശുദാസ് സംഗീതസദസ് നടത്തുന്ന മാനവമൈത്രി സംഗമവേദി. ഇളകിമറിയുന്ന പുരുഷാരം, സാമൂഹ്യ സാംസ്കാരിക കലാസാഹിത്യ മേഖലകളിലെ പ്രമുഖര്‍ മുന്‍നിരയില്‍ ഉപവിഷ്ടരായിരിക്കുന്നു.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ മണ്ണില്‍ അദ്ദേഹത്തിന്റെ പ്രിയശിഷ്യന്റെ കച്ചേരി കേള്‍ക്കാന്‍ ജനങ്ങള്‍ കാതോര്‍ത്തിരിക്കുന്നു. ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരി അന്തരീക്ഷത്തെ കോരിത്തരിപ്പിക്കുമ്പോള്‍, വയലിന് മാന്ത്രികന് കോവൈ ബാലസുബ്രഹ്മണ്യന്റെ വിരലുകള്‍ ദ്രുതചലനത്താല്‍ വയലിനില്‍ തന്ത്രികള്‍ വിരിയിക്കുന്നു.
ചെമ്പൈ സ്മാരക സംഗീതകോളേജ് പ്രിന്‍സിപ്പലും മൃദംഗ വാദ്യത്തിലെ അജാതശത്രുവുമായ പ്രൊഫ. പാറശാല രവിയുടെ കരസ്പര്‍ശത്താല്‍ മൃദംഗധ്വനിയും ആ സദസ്സിനെ വിസ്മയിപ്പിച്ചു. ഈ മഹാരഥന്മാര്‍ക്കു പിന്നില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു യുവാവ് ഇരിക്കുന്നുണ്ടായിരുന്നു.
പരിപാടി കഴിഞ്ഞു അഭിനന്ദനങ്ങളാല്‍ വീര്‍പ്പുമുട്ടുമ്പോള്‍ കലാകേരളം ഇലഞ്ഞിമേല്‍ സുശീല്‍ കുമാര്‍ എന്ന പുതിയൊരു താളവാദ്യക്കാരനെ തിരിച്ചറിയുകയായിരുന്നു. അഞ്ചുപതിറ്റാണ്ടുകൊണ്ട് കഠിനസാധനയിലൂടെ മൃദംഗവായനയുടെ അവാച്യാനുഭൂതി സ്വാംശീകരിച്ചെടുത്ത ആ കലാകാരനാണ് പിന്നീട് പ്രൊഫ. ഇലഞ്ഞിമേല്‍ സുശീല്‍കുമാര്‍ എന്ന പേരില്‍ പ്രസിദ്ധനായത്.
ചെറുപ്രായത്തില്‍ തന്റെ ഗുരുനാഥനു സമര്‍പ്പിക്കുവാന്‍ കഴിഞ്ഞ വലിയ കാണിക്കയായി പാലക്കാട്ടെ പരിപാടിയെന്ന് അറുപതിന്റെ നിറവിലെത്തിയ അദ്ദേഹം സ്മരിക്കുന്നു. കര്‍ണാടക സംഗീത ലോകത്ത് മൃദംഗം, ഘടം എന്നിവയില്‍ താളത്തിന്റെ മാസ്മരികത കലാസ്വാദകരെ വേണ്ടുവോളമനുഭവിപ്പിച്ച ഈ കലാകാരന് കേരളത്തിന്റെ വരദാനമായി ശോഭിക്കുന്നു.
ജനനവും വിദ്യാഭ്യാസവും
കൊല്ലവര്‍ഷം 1138 തുലാമാസം 26ന് ഭരണി നക്ഷത്രത്തിലാണ് ജനനം. അച്ഛന് ഓണററി ലഫ്റ്റനന്റ് വി. പത്മനാഭക്കുറുപ്പ്. ചങ്ങനാശ്ശേരി വാലടി വലിയ കാക്കനാട്ടു കുടുംബം. അമ്മ പി. മീനാക്ഷിയമ്മ. ചെങ്ങന്നൂര്‍ താലൂക്കില്‍ ഇലഞ്ഞിമേല്‍ വരിക്കോലില്‍ കുടുംബാംഗം.
കരസേനയിലെ അച്ചടക്കവും കാര്‍ക്കശ്യവും വേണ്ടുവോളമുണ്ടായിരുന്ന അച്ഛനില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാതെ പോയ ഒരു കാലാഹൃദയവുമുണ്ടായിരുന്നു. തന്റെ അഞ്ചുമക്കളില്‍ മൂന്നുപേരെയും കര്‍ണാടക സംഗീതത്തിന്റെ വിവിധ മേഖലകളില്‍ പഠിപ്പിക്കുവാന്‍ ഇതിടയാക്കി.
സംഗീതമഭ്യസിച്ച മകള്‍ കുടുംബിനിയായി ജീവിക്കുന്നു. കര്‍ണാടക സംഗീതത്തിന് പ്രതീക്ഷയേകിയ ഇളയ സഹോദരന് അകാലത്തില്‍ വേര്‍പെട്ടു. തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജില്‍ നിന്നും വയലിന് വാദനത്തില്‍ പിജി ഡിപ്ലോമ നേടിയ ഇലഞ്ഞിമേല്‍ പി. സുനില്‍ കുമാറായിരുന്നു അത്. സഹോദരന്റെ വേര്‍പാട് ആ കുടുംബത്തെയും പ്രത്യേകിച്ച് സുശീല്‍ കുമാറിനെയും തീരാദുഃഖത്തിലാഴ്ത്തി. ഉണങ്ങാത്ത മുറിവുമായി അവരുടെ മനസ്സുകളില്‍ ഇന്നും അതവശേഷിക്കുന്നു.
ഇലഞ്ഞിമേല്‍ എല്‍പി സ്കൂളിലും തൊട്ടടുത്ത ഗ്രാമമായ പെരിങ്ങിലിപ്പുറം യുപിസ്കൂളിലും പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് ഹൈസ്കൂള്‍ പഠനം ചെറിയനാട് ദേവസ്വം ബോര്‍ഡ് ഹൈസ്കൂളില്‍. പെരിങ്ങിലിപ്പുറം യുപി സ്കൂളില്‍ നിന്നും യുവജനോത്സവത്തിന് മൃദംഗവായനയില്‍ സമ്മാനങ്ങള്‍ നേടിയത് ഇന്നും ചരിത്രമായി തുടരുന്നു.
ഹൈസ്കൂള്‍ പഠനകാലമായ 1974-77 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളില്‍ മൃദംഗത്തില്‍ ഒന്നാം സ്ഥാനമുള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കി ചെറുപ്രായത്തില്‍ തന്നെ കലാപരമായ കഴിവുകള്‍ തെളിയിച്ചിരുന്നു.
ഒന്നാം ക്ലാസില്‍ മൃദംഗപഠനം
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ മൃദംഗപഠനം ആരംഭിച്ചു. യശഃശരീരനായ ഹരിപ്പാട് നാണുക്കുട്ടന് ആശാന് എന്ന സാധുമനുഷ്യനായിരുന്നു ആദ്യത്തെ ഗുരുനാഥന്. യാതൊരു ഗതാഗത സൗകര്യങ്ങളുമില്ലാത്ത അക്കാലത്ത് ഹരിപ്പാട്ട് നിന്നും മാവേലിക്കര വഴി അച്ചന്‍കോവിലാറ്റിലെ കടത്തും കടന്ന് മൃദംഗം പഠിപ്പിക്കാന്‍ എത്തിയിരുന്ന ആശാന്റെ കഷ്ടപ്പാടുകള്‍ ഇന്നുള്ളവര്‍ക്ക് വിശ്വസിക്കുവാന്‍ പ്രയാസം.
ചിട്ടയായ പഠനത്തിലൂടെ പതിനൊന്നാം വയസില്‍ അരങ്ങേറ്റം. എണ്ണയ്ക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍, സ്വന്തം സഹോദരി പത്മജ കുമാരിയുടെ സംഗീതസദസില്‍ വെച്ചായിരുന്നു അതെന്ന പ്രത്യേകതയുമുണ്ട്. അവിടുത്തെ പ്രമുഖ കുടുംബാംഗവും, അറിയപ്പെടുന്ന വൈദ്യനുമായിരുന്ന പട്ടോടയില് വീട്ടില്‍ ഗോപാലപിള്ളയില്‍ നിന്നുള്ള സ്വര്‍ണമോതിരമാണ് ആദ്യമായി ലഭിച്ച പാരിതോഷികം. തുടര്‍ന്ന് കലാജീവിതത്തിന്റെ നാള്‍വഴിയില്‍ നിരവധി അനുമോദനങ്ങളും പാരിതോഷികങ്ങളും തേടിയെത്തി.
അരങ്ങേറ്റത്തിനുശേഷം പ്രശസ്ത മൃദംഗ വിദ്വാന് മാവേലിക്കര ശങ്കരന് കുട്ടിനായരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം തുടര്‍ന്നു. പ്രീഡിഗ്രി പഠനത്തിനുശേഷം തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പ്രവേശനം ലഭിച്ചു. ഏഴു വര്‍ഷത്തെ പഠനത്തെ തുടര്‍ന്ന് മൃദംഗത്തില്‍ ഗാനഭൂഷണം, ഗാന പ്രവീണ്‍ പരീക്ഷകള്‍ പാസായി.
കടനാട് വി.കെ. ഗോപി, ചെന്നിത്തല രാമകൃഷ്ണപിള്ള, പ്രൊഫ. പാറശാല രവി, മാവേലിക്കര വേലുക്കുട്ടിനായര്‍, മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങി ആ കാലയളവിലുള്ള അധ്യാപകരില്‍ നിന്നും കൂടുതല്‍ പാഠങ്ങള്‍ പഠിച്ചു. ഇതൊരു ഭാഗ്യമായും അഭിമാനമായും സുശീല്‍കുമാര്‍ ഇന്നും ഓര്‍ക്കുന്നു.
പ്രശസ്ത വയലിന് വിദ്വാന് ചാലക്കുടി നാരായണസ്വാമിയായിരുന്നു അക്കാലത്തെ കോളേജ് പ്രിന്‍സിപ്പല്‍. സംഗീതത്തില്‍ മാവേലിക്കര പ്രഭാകരവര്‍മ, കോട്ടയം കുമാരകേരള വര്‍മ, പാല്‍ക്കുളങ്ങര അംബികാദേവി, ജി. സീതാലക്ഷ്മി എന്നിവരും, വയലിന് വിഭാഗത്തില്‍ സുബ്രഹ്മണ്യശര്‍മ, ധര്മരാജന്, കിളിമാനൂര്‍ ത്യാഗരാജന്, ഈശ്വരവര്‍മ എന്നിവരും വീണയില്‍ തൂവയൂര്‍ ശാന്തമ്മ, തിരുവനന്തപുരം ജാനകി, പി.എസ് കൃഷ്ണന് തുടങ്ങിയ പ്രഗത്ഭരായ അധ്യാപകര്‍ മറ്റുവകുപ്പുകളില്‍ സേവനമനുഷ്ടിച്ചിരുന്നു.
ഇക്കാലയളവില്‍ പഠിക്കാന്‍ കഴിഞ്ഞതും വലിയൊരനുഭവമായി. കലാജീവിതത്തിന് എന്നും താങ്ങുംതണലുമായിരുന്ന പ്രൊഫ. വൈക്കം വേണുഗോപാലും മറക്കാന്‍ കഴിയാത്ത അനുഭവമായി തീര്‍ന്നു.
മൃദംഗത്തില്‍ പ്രശസ്തരായ ചങ്ങനാശ്ശേരി. ബി. ഹരികുമാര്‍, വൈപ്പിന്‍ സതീശന്, കോട്ടയം ഉണ്ണികൃഷ്ണന്, താമരക്കുടി വിജയകുമാര്‍, സംഗീത വിദ്വാന്മാരായ ആനയടി പ്രസാദ്, പ്രൊഫ. വയ്യാങ്കര മധുസൂദനന്, പ്രൊഫ. ആലപ്പുഴ ശ്രീകുമാര്‍, വയലില്‍ വാദകന്‍ കൈപ്പട്ടൂര്‍ രാധാകൃഷ്ണന്, തിരുവനന്തുപരം വൈദ്യനാഥന് തുടങ്ങിയവര്‍ അക്കാലത്തെ സഹപാഠികളില്‍ ചിലര്‍ മാത്രമാണ്.
പതിറ്റാണ്ടുകള്‍ പ്രമുഖര്‍ക്കൊപ്പം
കലാസപര്യയുടെ അഞ്ചു പതിറ്റാണ്ടുകളില്‍ വിവിധ തലമുറകളില്‍പ്പെട്ട ദക്ഷിണാമൂര്‍ത്തിസ്വാമി, സംഗീത സംവിധായകരായ ദേവരാജന്‍ മാഷ്, രാഘവന് മാഷ്, ബ്രഹ്മാനന്ദന്, ജയവിജയന്മാര്, എം.ജി. രാധാകൃഷ്ണന്, വയലിന് ചക്രവര്‍ത്തി ബാലഭാസ്കര്‍ തുടങ്ങി നിരവധി പ്രഗത്ഭരോടൊപ്പം പരിപാടികളില്‍ പങ്കെടുക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
പ്രശസ്ത സാഹിത്യ നിരൂപകനും, നാടക രചയിതാവും സംവിധായകനും അഭിനയപ്രതിഭയുമായിരുന്ന പ്രൊഫ. ആര്. നരേന്ദ്രപ്രസാദിന്റെ അമച്വര്‍ നാടകട്രൂപ്പായ ‘നാട്യഗൃഹ’ ത്തിലും തന്റെ കലാമികവു തെളിയിക്കാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ നാടകങ്ങളായ സൗപര്‍ണികയും ലങ്കാലക്ഷ്മിയും നിരവധി വേദികളില്‍ അവതരിപ്പിച്ചു മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി.
നാട്യഗൃഹത്തിന്റെ നാടകങ്ങള്‍ കേരളത്തിലെ നാടകരംഗത്ത് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. നാട്യഗൃഹവുമായുള്ള ബന്ധം മലയാള സനിമാ സാഹിത്യമേഖലയിലെ പ്രമുഖരുമായി അടുപ്പത്തിലാകുവാനും ഇടയാക്കി.
നാടകാചാര്യനും കവിയും ബഹുമുഖപ്രതിഭയുമായിരുന്ന കാവാലം നാരായണപണിക്കര്‍, സിനിമാ സംവിധായകരായ അരവിന്ദന്, ഭരതന്, ഗാനരചയിതാവും സംഗീതജ്ഞനും നടനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സഹോദരനും സംഗീത സംവിധായകനുമായിരുന്ന കൈതപ്രം വിശ്വനാഥന് നമ്പൂതിരി, പ്രശസ്ത ഹാസ്യനടന് അടൂര്‍ഭാസി, ഭരത് മുരളി, എം.ആര്. ഗോപകുമാര്‍, എം.വി. ഗോപകുമാര്‍, പ്രൊഫ. അലിയാര്, തഴക്കര ഗോപാലകൃഷ്ണന്, ലീലാപണിക്കര്‍, ശ്രീലത മുതലായവരുമായുള്ള സൗഹൃദം ഇങ്ങനെ ലഭിച്ചതാണ്.
നരേന്ദ്രപ്രസാദുമായുള്ള അടുപ്പമാണ് തന്നെ പുസ്തകവായനാശീലക്കാരനാക്കിയതെന്നും, ഒരു വലിയ പുസ്തകശേഖരത്തിന്റെ ഉടമയാകാനും കഴിഞ്ഞതായി സുശീല്‍കുമാര്‍ പറഞ്ഞു.
ഭാരതരത്നം എം.എസ്.സുബ്ബലക്ഷ്മി, സംഗീതസാമ്രാട്ട് ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവരൊടൊപ്പം മൃദംഗവും ഘടവും വായിക്കുവാന്‍ അവസരം ലഭിച്ച അപൂര്‍വം കലാകാരന്മാരില് ഒരാള്‍ കൂടിയാണ് സുശീല്‍കുമാര്‍. കര്‍ണാടക സംഗീതലോകത്തെ പ്രശസ്തരും പ്രതിഭാശാലികളുമായ ഒട്ടുമിക്ക കലാകാരന്മാരൊടൊപ്പം പക്കം വായിക്കുവാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്.
അംഗീകാരങ്ങള്‍ അവാര്‍ഡുകള്‍
കര്‍ണാടക സംഗീതശാഖയില്‍ മൃദംഗം, ഘടം എന്നീ വാദ്യോപകരണങ്ങളില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. കേരള സംഗീത നാടക അക്കാഡമിയുടെ 2012 ലെ കലാശ്രീ അവാര്‍ഡ്, കേന്ദ്രഗവണ്മെന്റിന്റെ സീനിയര്‍ ഫെലോഷിപ്പ്, കേരള സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ കാപ്പൊലി അവാര്‍ഡ്, കേരള സത്യസായി സേവാ സമിതിയുടെ ലയരത്ന പുരസ്കാരം, കാഞ്ചികാമകോടി പീഠം ആസ്ഥാന വിദ്വാന് പദവി തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മഹാത്മാഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, കേരള സര്‍വകലാശാല എന്നിവിടങ്ങളില്‍ കുറച്ചുകാലം സേവനമനുഷ്ടിച്ചു. കേരള സര്‍വകലാശാലയില്‍ ഡോ.കെ. ഓമനക്കുട്ടിയോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത് വലിയൊരു അനുഭവമായി. അന്നത്തെ സൗഹൃദവും സ്നേഹവും ഇന്നും തുടരുന്നു.
തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീതകോളേജ്, തൃപ്പൂണിത്തുറ ആര്‍എല്‍വി സംഗീതകോളേജ്, പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായി സേവനമുഷ്ടിക്കുകയും, 2019 ല്‍ ഒദ്യോഗിക സേവനത്തില്‍ നിന്നും വിരമിക്കുകയും ചെയ്തു.
പഠനകാലത്ത് ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, അഭേദാനന്ദാശ്രമം, നെയ്യാര്‍ ശിവാനന്ദയോഗാശ്രമം, ആനന്ദകുടീരം ജ്ഞാനാനന്ദാശ്രമം, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം എന്നിവിടങ്ങളില്‍ ബന്ധം സ്ഥാപിക്കുകയും ആദ്ധ്യാത്മിക യോഗ സാധനകളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു.
സ്വാമി വിഷ്ണു ദേവാനന്ദയുടെ ശിവാനന്ദയോഗാശ്രമത്തില് നിന്നും സ്വായത്തമാക്കിയ യോഗസാധനയും മറ്റുള്ള ആദ്ധ്യാത്മിക സത്സംഗങ്ങളും ഗുരുകടാക്ഷത്തിനും സര്‍വ്വൈശ്വര്യങ്ങള്‍ക്കും ഇടയാക്കിയതായി ധന്യതയോടെ അദ്ദേഹം സ്മരിക്കുന്നു.
ക്ഷേത്രചൈതന്യ രഹസ്യം എന്ന മഹത്ഗ്രന്ഥത്തിന്റെ രചയിതാവും, ശ്രീവിദ്യോപാസകനും, തന്ത്രമന്ത്രശാസ്ത്രങ്ങളില്‍ ആധികാരികപഠനം നടത്തി അഗ്രഗണ്യനായിത്തീര്‍ന്ന പി.മാധവ്ജിയെ കണ്ടുമുട്ടുവാനും അദ്ദേഹത്തില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിക്കുവാനും സാധിച്ചു. ഈ ആദ്ധ്യാത്മിക കൂടിച്ചേരലുകള്‍ പില്ക്കാല ജീവിതത്തിന് അനുഗ്രഹമായി. അന്നു തുടങ്ങിയ ശ്രീവിദ്യോപാസന ഇന്നും മുടക്കമില്ലാതെ തുടരുന്നു.
കലാപരിപാടികള്ക്കുവേണ്ടി അമേരിക്ക, കാനഡ, യൂറോപ്പ്, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്എന്നിവ സന്ദര്‍ശിച്ചു. കലാസ്വാദകരുടെ മുക്തകണ്ഠമായ പ്രശംസനേടുവാന് ഈ പരിപാടികള്‍ ഉപകരിച്ചു.
പിന്തിരിഞ്ഞു നോക്കുമ്പോള്‍
താന്‍ പഠിച്ച കാലയളവില്‍ കലാമേഖലയോട് പൊതു സമൂഹത്തിനുണ്ടായിരുന്ന അവഗണനകള്‍ മാനസികമായി തളര്‍ത്തിയിട്ടുണ്ട്. നേരിടേണ്ടിവന്ന കഷ്ടപ്പാടുകളും ദുരിതങ്ങളും നിരവധിയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ മനഃസംഘര്‍ഷങ്ങള്‍ക്ക് ഇടവരുത്തി. തന്നെ കലാരംഗത്തേക്ക് നിയോഗിച്ച പിതാവിന്റെ വേര്‍പാടും കുടുംബത്തെ തീരദുഃഖത്തിലാഴ്ത്തിയ നാളുകള്‍. സഹപാഠികള്‍, ഗുരുനാഥന്മാര്, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, നാട്ടുകാര്‍ മറ്റഭ്യുദയകാംക്ഷികള് എന്നിവര്‍ നല്കിയ പിന്തുണ ഇത്തരം സാഹചര്യങ്ങളെയെല്ലാം അതിജീവിക്കാന്‍ ഇടയാക്കി.
കലയുടെ ആത്മാംശം തേടിയുള്ള തീര്‍ത്ഥയാത്ര ഉത്തമനായ സാധകനെപ്പോലെ പോലെ ഇന്നും തുടരുന്നു. അനിര്‍വചനീയമായ ആനന്ദാനുഭൂതിയാണ് ഓരോ കലാകാരന്റെയും ആത്മസംതൃപ്തി. അതനുഭവിക്കുന്തോറും അന്തഃരംഗം ആളിക്കത്തുകയാണ്. ആ ചൂടും പ്രകാശവും അനന്തര തലമുറയ്ക്ക് വഴികാട്ടിയാകുന്നിടത്താണ് കലാകാരന്റെ ജീവിതം സാര്‍ത്ഥകമാകുന്നത്. ഇന്ന് ശിഷ്യന്മാരുടെ ഒരു നിരതന്നെയുള്ള ഈ യാത്രാ സംഘവും മുന്നേറുകയാണ്.
അവരില്‍ പലരും വിവിധ സംഗീത കോളേജുകളിലും ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലും പ്രവര്‍ത്തിക്കുന്നു. കാലാതിവര്‍ത്തിയായ ശാസ്ത്രീയ സംഗീതത്തെ അത്മാന്വേഷണത്തിന്റെ ഭാഗമാക്കി ഭാരതീയ സംസ്കാരത്തിന്റെ പരിപോഷണത്തിന് ത്യാഗ മനസ്സോടെ പ്രവര്‍ത്തിക്കുന്ന ഈ കലാകാരനാണ് അറുപതിന്റെ നിറവില്‍ എത്തിയിരിക്കുന്നത്.
മൃദംഗം, ഘടം എന്നീ വാദ്യമേഖലകളില് പ്രശസ്തരായ നിരവധി ശിഷ്യന്മാരെ വളര്‍ത്തിയെടുത്ത ആത്മസംതൃപ്തി, ശിഷ്ട ജീവിതത്തിലും ഈ മേഖലയ്ക്കു വേണ്ടി ആത്മാര്‍പ്പണം ചെയ്യാന്‍ തനിക്ക് പ്രേരണ നല്‍കുമെന്ന് അദ്ദേഹം ഉറച്ച സ്വരത്തില്‍ പറയുന്നു.
അര്‍ഹതയ്ക്ക് അംഗീകാരങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് ആരാധകരും മറ്റ് കലാകാരന്മാരും പരിതപിക്കുമ്പോഴും ‘കല കലയ്ക്കുവേണ്ടി മാത്രം’ എന്ന ആദര്‍ശമാണ് അദ്ദേഹത്തിന്. കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമായും സംസ്ഥാന സ്കൂള്‍, കോളജ് കലാമേളകളില്‍ വിധികര്‍ത്താവായും പ്രവര്‍ത്തിച്ച ഈ കലാകാരന് ഇനിയും കൂടുതല്‍ കരുത്തോടെ കലാ ജീവിതം കൊട്ടിക്കയറുവാനുണ്ട്.
സംസ്കൃതത്തില്‍ ബിരുദാനന്തര ബിരുദപഠനത്തിന് ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയ മകന് ഗൗരിശങ്കറും, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദത്തിനു പഠിക്കുന്ന നന്ദകൃഷ്ണയും മൃദംഗത്തിലും സംഗീതത്തിലും അച്ഛന്റെ പാത പിന്തുടരുന്നു. ഭാര്യ രാജശ്രീയുടെ പിന്തുണ ഈ കലാകുടുംബത്തിന്റെ ജീവിതം ധന്യമാക്കുന്നു.
ഈ കലാകാരനെ മനസ്സിലാക്കുവാനും അര്‍ഹമായ അംഗീകാരങ്ങള്‍ ലഭിക്കുവാനും ഈ ഷഷ്ഠി പൂര്ത്തിവേളയില് കലാകേരളത്തിന്റെ കാവ്യദേവത കനിഞ്ഞിരുന്നുവെങ്കില്‍.
പി. സുശീല്‍കുമാറിന്റെ
ഫോണ്‍ നമ്പര്‍: 8075796971
പ്രതികരിക്കാൻ ഇവിടെ എഴുതുക: