ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ സമാധാനം ഉറപ്പാക്കാത്ത കാലത്തോളം ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം സാധാരണ നിലയിലാകില്ലെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍. ചൈനയോടുള്ള ഇന്ത്യയുടെ സമീപനത്തില്‍ ഒരുതരത്തിലുള്ള അവ്യക്തതയും ആശയക്കുഴപ്പവുമില്ല. നിലപാട് ഉറച്ചതാണ്, ജയശങ്കര്‍ പറഞ്ഞു. ഗാല്‍വാന്‍ താഴ്വരയില് നടന്നതിന്റെ എല്ലാ ഉത്തരവാദിത്തവും അവര്‍ക്കാണ്.
അത്തരം ഏകപക്ഷീയമായ അതിക്രമങ്ങള്‍ കരാറുകളെയും ധാരണകളെയും അപ്രസക്തമാക്കും. കരാറുകളുടെ തുടര്‍ച്ചയായ ലംഘനം ചൈനയാണ് നടത്തുന്നത്. ഇന്ത്യയുടെ മറുപടിയില്‍ എല്ലാമുണ്ട്, അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച നേതൃതല ഉച്ചകോടിയിലാണ് വിദേശകാര്യമന്ത്രി നിലപാട് ആവര്‍ത്തിച്ചത്.
ഗാല്‍വന്‍ ശേഷം നമ്മള് അതിര്‍ത്തികളില്‍ കരുത്ത് വര്‍ധിപ്പിക്കുന്നതില്‍ കൂടുതല്‍ മുന്നോട്ടുപോയിട്ടുണ്ട്. ഒന്നിലധികം പോയിന്റുകളില്‍ ഇരുസൈന്യങ്ങളും മുഖാമുഖം നില്ക്കുന്ന അവസരമുണ്ട്. സുരക്ഷയുടെ വിഷയത്തില്‍ ഒരു ഭാഗത്തിനുമാത്രമല്ല ഉത്തരവാദിത്തം. നിലവിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് അനുകൂലമല്ലെന്ന തിരിച്ചറിവ് ചൈനയ്ക്കുണ്ടാകുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, ജയശങ്കര്‍ പറഞ്ഞു.
നയങ്ങളുടെയും പ്രഖ്യാപനങ്ങളുടെയും ബന്ധങ്ങളുടെയും അടിസ്ഥാനത്തില്‍ ധാരാളം കാര്യങ്ങള്‍ ചെയ്യുന്നു, വസ്തുതകളെ ശരിയായി നിരീക്ഷിക്കുന്ന ഒരാള്‍ ഇപ്പോള്‍ നയങ്ങളെയും പ്രഖ്യാപനങ്ങളെയും കുറിച്ച് സംസാരിക്കുമെന്ന് കരുതുന്നില്ലെന്ന് ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.നമ്മള് ചൈനയ്ക്ക് നല്കിയ സന്ദേശത്തില്‍ ഒരു തരത്തിലുമുള്ള അവ്യക്തതയുമില്ല.
പ്രഖ്യാപനത്തിലും പ്രവൃത്തിയിലും അവരെവിടെയാണ് നില്‍ക്കുന്നതെന്ന് അവര്‍ തന്നെ ആലോചിക്കണം, അദ്ദേഹം പറഞ്ഞു. ഗാല്‍വനിലെ പ്രശ്നങ്ങള്‍ക്കുശേഷവും കിഴക്കന്‍ ലഡാക്കിലെ ഡെംചോക്ക്, ഡെപ്സാങ് മേഖലകളില്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുകയാണ്. യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ സമ്പൂര്‍ണസമാധാനം സാധ്യമാവും വരെ ബന്ധങ്ങളിലെ അടുപ്പം എങ്ങനെയുണ്ടാകുമെന്ന് അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: