തിരുവനന്തപുരം: സര്‍വ്വകലാശാലകളിലേയും മറ്റും ഇടത് ചായ്വുള്ളവരെ തിരുകി കയറ്റാനുള്ള പിണറായി സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ചതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയ പ്രഖ്യാപനം താത്കാലികമായി ഒഴിവാക്കാന്‍ നീക്കവുമായി സര്‍ക്കാര്‍. നിയമസഭാ സമ്മേളം നീട്ടിവെച്ച് നയ പ്രഖ്യാപന പ്രസംഗം താത്കാലികമായി നീട്ടിവെയ്ക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പരിഗണിക്കുന്നത്.
സര്‍വ്വകലാശാലകളില്‍ യുജിസി ചട്ടങ്ങള്‍ പാലിക്കാതെ വിസിമാരെ നിയമിക്കുന്നതിനെതിരെ ചാന്‍സിലറായ ഗവര്‍ണര്‍ നടപടി സ്വീകരിച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ നിയമസഭയിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കം തുടങ്ങിയത്. ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരിയിലേക്ക് നീട്ടാനാണ് ആലോചന. സഭ അനിശ്ചിതകാലത്തേക്ക് പിരിയാതെ സമ്മേളനം നീട്ടിവെയ്ക്കുകയാണെങ്കില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനം തത്കാലത്തേക്ക് ഒഴിവാക്കാനാകുമെന്നാണ് പിണറായി സര്‍ക്കാരിന്റെ വിലയിരുത്തല്‍.
ഇതിനായി ഡിസംബര്‍ 15ന് സഭാ നടപടികള്‍ താത്കാലികമായി അവസാനിപ്പിച്ച് ക്രിസ്തുമസിന് ശേഷം വീണ്ടും തുടങ്ങി ജനുവരിയിലേക്ക് നീട്ടാനാണ് തീരുമാനം. നിയമസഭാ സമ്മേളനം അവസാനിപ്പിച്ച് അടുത്തത് ആരംഭിക്കുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങേണ്ടി വരും, ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ സഭാ നടപടികള്‍ നീട്ടിവെയ്ക്കാനായി ഒരുങ്ങുന്നത്. 1990ല്‍ നായനാര്‍ സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാന്‍ ഇത്തരത്തില്‍ നീട്ടിവെച്ചിരുന്നു. 1989 ഡിസംബര്‍ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.
അതേസമയം സംസ്ഥാനത്തെ 14 സര്‍വ്വകലാശാലകളുടെയും ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് അയയ്ക്കുമെന്ന് പറഞ്ഞെങ്കിലും ഇനിയും രാജ് ഭവനിലേക്ക് സര്‍ക്കാര്‍ അയച്ചിട്ടില്ല. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്. ബന്ധപ്പെട്ട മന്ത്രിമാര്‍ ഒപ്പിടാന്‍ വൈകുന്നതാണ് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് അയയ്ക്കാന്‍ വൈകുന്നതിനുള്ള കാരണമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: