ന്യൂദല്‍ഹി: ദല്‍ഹി എക്സൈസ് നയം പുറത്തിറങ്ങുന്നതിന് വളരെ മുമ്പുതന്നെ അത് ചില മദ്യനിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്പ്പടെയു്ളവര്ക്ക് ഇതില്‍ പങ്കുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സാമ്പത്തിക കുറ്റകൃത്യ(പിഎംഎല്‍എ) കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനായി സിസോദിയ ഉള്‍പ്പെടുള്ള 34 ഓളം സംസ്ഥാനത്തെ വിഐപികള്‍ അവരുടെ പക്കലുണ്ടായിരുന്ന 140 ഓളം ഫോണുകളാണ് നശിപ്പിച്ചത്. ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കാനാണ് ഇതെന്നും ഇഡി വ്യാഴാഴ്ച കോടതിയെ അറിയിച്ചു. ഏകദേശം 1.20 കോടി രൂപ വിലമതിക്കുന്നതാണ് ഫോണുകളാണ് ഇത്തരത്തില്‍ നശിപ്പിക്കപ്പെട്ടത്.
ഫ്രഞ്ച് വൈന്‍ കമ്പനിയായ പെര്‍നോഡ് റിക്കാര്‍ഡിന്റെ ദല്‍ഹി വിഭാഗം മേധാവി ബിനോയ് ബാബു, അരബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ ഡയറക്ടര്‍ പി ശരത് ചന്ദ്ര റെഡ്ഡി എന്നിവരെ ഇഡി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അതിനു പിന്നാലെയാണ് എക്സൈസ് നയം ചോര്‍ന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ഇരുവരും ദല്‍ഹി സര്‍ക്കാരിലേയും എക്സൈസ് വകുപ്പിലേയും അംഗങ്ങള്‍ക്ക് കൈക്കൂലി നല്കി സ്വാധീനിച്ച് പല ആവശ്യങ്ങളും അവരാല്‍ നേടിയെടുത്തിട്ടുണ്ട്. ബിനോയിയുടെ ഇ മെയില്‍ അക്കൗണ്ടില്‍ നിന്നും ഇതുസംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ട്.
2021-22 ദല്‍ഹി എക്സൈസ് പോളിസിയില്‍ പ്രവര്‍ത്തിക്കാന്‍ തെരഞ്ഞെടുത്ത ബിസിനസ് ഗ്രൂപ്പുകള്‍ക്ക് 100 കോടി രൂപ കൈക്കൂലി മുന്‍കൂറായി നല്‍കിയതായി നിരവധി പേര് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടാതെ എക്സൈസ് ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി ദല്‍ഹിയില്‍ ലിക്കറിന്റെ റീട്ടെയില്‍ ഷോപ്പുകള്‍ തുറക്കാനുള്ള സഹായങ്ങള്‍ ചെയ്തു നല്‍കിയിട്ടുണ്ട്. അഴിമതിയില്‍ ദല്‍ഹി എക്സൈസ് വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന മന്ത്രി സിസോദിയ, മദ്യവ്യവസായികള്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് പങ്കാളിത്തമുണ്ട്.
ശരത് ചന്ദ്ര റെഡ്ഡിയുടെ നേതൃത്വത്തിലാണ് ഇത്രയും വലിയ എക്സൈസ് അഴിമതിക്കായി ഗൂഢാലോചന നടത്തിയത്. റെഡ്ഡി വിവിധ ബിസിനസ്സ് ഉടമകളുമായും രാഷ്ട്രീയക്കാരുമായും ഇതുസംബന്ധിച്ച് സജീവമായി ആസൂത്രണം ചെയ്തിരുന്നെന്നും ഇഡി കുറ്റപ്പെടുത്തി.
ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ശുപാര്‍ശ പ്രകാരമാണ് എക്സൈസ് നയം സംബന്ധിച്ച് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എഫ്ഐആര്‍ ശ്രദ്ധയില്‍ പെട്ടതോടെ ഇഡിയും അന്വേഷണത്തിന് തുടക്കമിട്ടു. ഇതുമായി ബന്ധപ്പെട്ട് നിലവില്‍ 169 തെരച്ചിലുകളാണ് ഇഡി നടത്തിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: