ക്ഷേത്രസ്വത്തും, ക്ഷേത്രധര്മവും ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ദേവസ്വം ഭരണസമിതി ക്ഷേത്ര വിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ ക്ഷേത്ര സങ്കേതങ്ങളെ തകര്‍ത്ത് ഹിന്ദു വിശ്വാസത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമത്തിലാണ്. ദൈവനാമത്തില്‍ പ്രതിജ്ഞ ചെയ്ത കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സിപിഎം ലോക്കല്‍ സെക്രട്ടറിയെപ്പോലെയാണ് ഭരണം നടത്തുന്നത്. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ആസ്ഥാനം നിലനില്‍ക്കുന്ന തൃശ്ശിവപേരൂരിലെ വടക്കുന്നാഥന് ക്ഷേത്രവും, ക്ഷേത്ര സങ്കേതവും അന്യവല്‍ക്കരിക്കപ്പെടുന്നു. വടക്കുന്നാഥ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിന് മുന്നില്‍ നിന്നു വരെ സെല്‍ഫിയെടുത്ത് ഫോട്ടോ ഷൂട്ട് നടക്കുന്നു. ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമായ നിരവധി കാര്യങ്ങള്‍ ഉണ്ടായിട്ടും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അതൊന്നും കണ്ടില്ലെന്ന് നടിക്കുന്നു. ക്ഷേത്ര ഗോപുരങ്ങളുടെ നവീകരണത്തിനായി യാതൊരു നടപടിയും ദേവസ്വം സ്വീകരിക്കുന്നില്ല. ഗുണമേന്മയില്ലാത്ത പൂജാദ്രവ്യങ്ങളുടെ ഉപയോഗം ക്ഷേത്ര ചൈതന്യത്തെപ്പോലും ഇല്ലാതാക്കുന്നു.
വടക്കുന്നാഥ ക്ഷേത്ര മൈതാനം ലഹരി മാഫിയകളുടേയും, ഗുണ്ടാസംഘങ്ങളുടെയും അനാശാസ്യപ്രവര്‍ത്തനങ്ങളുടെയും വിഹാര കേന്ദ്രമായി മാറിയിരിക്കുന്നു. ഇതു തടയാന്‍ തക്കതായ യാതൊരു നടപടിയും എടുക്കുന്നില്ല എന്നത് ദേവസ്വം ഭരണസമിതിയുടെ സാമൂഹ്യ പ്രതിബദ്ധത പോലും ചോദ്യം ചെയ്യപ്പെടുന്നതാണ്. വടക്കുന്നാഥന് ക്ഷേത്രഭൂമി വാഹന പാര്‍ക്കിങ്ങിനും എക്സിബിഷനും തുടങ്ങി, ക്ഷേത്ര സംസ്കാരത്തിനു വിരുദ്ധമായ പലതിനും അനുവദിച്ച് അന്യാധീനപ്പെടുത്തുകയാണ് ദേവസ്വം ഭരണസമിതി. തൃശൂര്‍ ടൗണില്‍ വരുന്ന സ്വകാര്യവാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായി ക്ഷേത്രഭൂമി മാറിയിരിക്കുന്നു. ഭീകരപ്രവര്‍ത്തനം ശക്തിപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ക്ഷേത്രത്തിന്റെ സുരക്ഷയെപ്പോലും പ്രതികൂലമായി ബാധിക്കുന്നതാണിത്. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഏപ്രില്‍, മെയ് മാസങ്ങളിലാണ് വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പൂരം എക്സിബിഷന് നടക്കാറുള്ളത്. ഇപ്പോള്‍ ക്ഷേത്ര മൈതാനത്തെ സ്ഥിരം കച്ചവട കേന്ദ്രമാക്കി ക്ഷേത്ര സങ്കേതത്തിന്റെ പവിത്രതയെ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് കൊച്ചിന് ദേവസ്വം ഭരണസമിതി. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള അശോകേശ്വരം ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളവും, ആറാട്ടു കുളവുമായ വടക്കേച്ചിറയില്‍ ബോട്ടിങ്ങ് സര്‍വ്വീസ് ആരംഭിച്ച് ക്ഷേത്ര സങ്കേതത്തെ പിക്നിക്ക് കേന്ദ്രമാക്കിയ ദേവസ്വം ഭരണസമിതി ക്ഷേത്രവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്.
ക്ഷേത്ര സങ്കേതത്തിലെയും, ക്ഷേത്ര ഭൂമിയിലെയും വികസനം ക്ഷേത്ര ധര്‍മത്തെയും ക്ഷേത്ര സംസ്കാരത്തെയും അടിസ്ഥാനപ്പെടുത്തിയായിരിക്കണം എന്ന പ്രാഥമിക ധര്‍മം പോലും പാലിക്കാതെയാണ് കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ ഭരണ നിര്‍വ്വഹണം. മേല്‍ഘടക തീരുമാനം നടപ്പാക്കുന്ന സിപിഎം പാര്‍ട്ടി കേഡറായി അധ:പതിച്ചിരിക്കുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അന്യാധീനപ്പെട്ട ആയിരക്കണക്കിന് ഏക്കര്‍ ദേവസ്വം ഭൂമി വീണ്ടെടുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത ബോര്‍ഡ് ഇനിയും കൂടുതല്‍ ഭൂമി അന്യാധീനപ്പെടുത്തുവാനുളള ശ്രമത്തിലുമാണ്. പൊയ്യ നടുവത്തുശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രഭൂമി ക്ഷേത്രേതര ആവശ്യങ്ങള്‍ക്ക് വിട്ടു കൊടുക്കാനുളള ശ്രമം അവസാനത്തെ ഉദാഹരണമാണ്. തൃശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ നെഹ്രു പാര്‍ക്ക്, ബാനര്‍ജി ക്ലബ്ബിരിക്കുന്ന ഭൂമി, പ്രസ് ക്ലബ്ബിരിക്കുന്ന ഭൂമി, ശ്രീ, കൈരളി തിയ്യറ്ററുകള്‍ ഇരിക്കുന്ന ഭൂമി, പെടോള് പമ്പ്, പല സ്വകാര്യ വ്യക്തികളും, സ്ഥാപനങ്ങളും മത സംഘടനകളും കയ്യേറിയിരിക്കുന്ന ഭൂമി തുടങ്ങി തൃശൂര്‍, എറണാകുളം ജില്ലകളിലായി നൂറുകണക്കിന് ഏക്കര്‍ ക്ഷേത്ര ഭൂമിയാണ് അന്യാധീനപ്പെട്ടത്.
ദേവസ്വം അവകാശവാദം ഉന്നയിക്കുന്ന ഏക ഭൂമി ഹിന്ദു ധാര്‍മിക സംഘടനയായ ചിന്മയ മിഷന്റെ ആസ്ഥാനവും ഭുവനേശ്വരി ക്ഷേത്രവും നിലനില്‍ക്കുന്ന ഭൂമിയാണ് എന്ന കാര്യം ദേവസ്വത്തിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളുടെ പ്രകടമായ ഉദാഹരണമാണ്. മൂന്ന് വര്‍ഷം മുമ്പ് തൃശൂരില്‍ നടന്ന ബിസിനസ് ഫെസ്റ്റിന്റെ ഭാഗമായി വടക്കുന്നാഥ ക്ഷേത്ര മൈതാനം ന്യൂ ഇയര്‍ ഈവിന് അനുവദിച്ചതും, മഹാപ്രദക്ഷിണവഴിയില് കേക്ക് നിര്‍മാണത്തിന് അനുവദിച്ചതും, തൃശൂര്‍ പൂരത്തിന് ശേഷം ടൗണിലെ തട്ടുകടകളിലേതടക്കം ഏഴ് ടണ്‍ മാലിന്യം വടക്കുന്നാഥന്റെ കൊക്കര്‍ണി പറമ്പില്‍ കുഴിച്ചുമൂടാന്‍ ശ്രമിച്ചതും സിപിഎം നേതൃത്വം കൊടുക്കുന്ന ദേവസ്വം ഭരണസമിതിയാണ്. മുസിരിസ് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ ക്ഷേത്രഭൂമി സ്വകാര്യ കമ്പനിക്ക് തീറെഴുതിയതും കൊടുങ്ങല്ലൂരമ്മയുടെ ക്ഷേത്രസങ്കേതം പാര്‍ക്കിങ്ങിന്റെയും മറ്റും പേരില്‍ അന്യാധീനപ്പെടുത്താന്‍ ശ്രമിക്കുന്നതും ഇതേ ദേവസ്വം ഭരണസമിതിയാണ്. ദേവസ്വം സ്ഥാപനങ്ങളില്‍ നടന്ന അഴിമതിയുടെ പരിണതഫലമാണ് ഒരു ദേവസ്വം ബോര്‍ഡ് മെമ്പറുടെ ആത്മഹത്യയിലേക്ക് എത്തിച്ചത്.
അധ്യാപക നിയമനങ്ങളില്‍ രാഷ്ട്രീയകക്ഷികളുടെ പങ്കുവെപ്പും, സാമ്പത്തിക തിരിമറിയും ദേവസ്വം ക്വാര്‍ട്ടേഴ്സില്‍ തന്നെ ദേവസ്വം മെമ്പര്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമൊരുക്കി. ഹിന്ദു ധര്‍മ സ്ഥാപനം തന്നെ ധര്‍മവിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തിട്ടും കുലുക്കമില്ലാതെ ക്ഷേത്രവിരുദ്ധനായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാണരുളുകയാണ്, പാര്‍ട്ടി ആശീര്‍വാദത്തോടെ. ക്ഷേത്ര ഉപദേശക സമിതികള്‍ മുഴുവന്‍ സൊസൈറ്റികള്‍ പോലെ ബോര്‍ഡിന്റെ ഒത്താശയോടെ പിടിച്ചെടുക്കുകയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം ക്ഷേത്രമടക്കം പല ക്ഷേത്രങ്ങളിലെ ഭക്തരും നിയമനടപടികള്‍ അടക്കം പ്രതിഷേധവുമായി മുന്നോട്ടു പോവുകയാണ്.
കമ്മ്യൂണിസത്തിന് നിലനില്ക്കണമെങ്കില് ഹിന്ദുധര്‍മത്തെയും വിശ്വാസത്തെയും തകര്‍ക്കണം, അതിന് ആദ്യം ഹിന്ദു ക്ഷേത്ര വിശ്വാസവും, ക്ഷേത്രസങ്കേതങ്ങളും തകര്‍ക്കണം. ക്ഷേത്രമതിലിന് പുറത്ത് നിന്ന് അതിന് സാധ്യമല്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ് ദേവസ്വം ബോര്‍ഡുകളും ഉപദേശക സമിതികളും മാര്ക്സിസ്റ്റ്വല്ക്കരിക്കുന്നത്. ഇത് ഹിന്ദു ക്ഷേത്രങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണ്. ഭാവിയില്‍ ക്ഷേത്ര സംസ്കാരത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന ഭീഷണിയാണിത്. കൊച്ചിന് ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ ക്ഷേത്ര വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ ഭക്തജനമുന്നേറ്റം ഉണ്ടായേ മതിയാവൂ.
പി. സുധാകരൻ
(ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: