തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനങ്ങള്‍ക്ക് സിപിഎമ്മുകാരുടെ പട്ടിക ചോദിച്ചുകൊണ്ടുള്ള കത്തുകള്‍ പുറത്തുവരികയും വിവാദമാവുകയും ചെയ്തതിനു പിന്നിലെ സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യ പ്രതിപക്ഷമായ ബിജെപി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കത്ത് നല്‍കിയത് സ്ഥിതിഗതികളെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. ക്രമക്കേടുകളുടെ കൂടുതല്‍ വിവരങ്ങള്‍ തേടിയിരിക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാര്‍ സംവിധാനത്തില്‍ പാര്‍ട്ടി നിയമനങ്ങള്‍ നടത്താനുള്ള മേയര്‍ ആര്യാ രാജേന്ദ്രന്റെയും, കോര്‍പ്പറേഷനിലെ സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്. അനിലിന്റെയും കത്തുകള്‍ വ്യാജമല്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. മേയറുടെ കത്ത് വ്യാജമാണെന്ന് നേരത്തെ പ്രചാരണം നടത്തിയ സിപിഎം ഇപ്പോള്‍ അങ്ങനെ പറയുന്നില്ല. കത്ത് താന്‍ എഴുതിയതാണെന്നും, എന്നാല്‍ കൈമാറിയിട്ടില്ലെന്നുമാണ് അനില്‍ പറയുന്നത്. മേയറെപ്പോലെ വിവാദത്തിന്റെ കേന്ദ്ര സ്ഥാനത്തു നില്ക്കുന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും കത്ത് വ്യാജമാണെന്നു പറയുന്നില്ല. മേയറുടെ ലെറ്റര്‍പാഡില്‍ അവരുടെ ഒപ്പോടുകൂടി ജില്ലാ സെക്രട്ടറിക്കയയ്ക്കുകയും, പാര്‍ട്ടി നേതാക്കള്‍ വാട്സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കത്ത് വ്യാജമാണെന്നു പറഞ്ഞാല്‍ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് പോകുമെന്നും, വിശദീകരിക്കാന്‍ പ്രയാസമാകുമെന്നും മനസ്സിലാക്കിയാണ് ഇങ്ങനെയൊരു നിലപാട് സിപിഎമ്മും കോര്പ്പറേഷന് മേയറുമൊക്കെ എടുത്തിട്ടുള്ളത്. സാവകാശം ലഭിച്ചാല്‍ വിവാദങ്ങളില്‍നിന്ന് തലയൂരാന്‍ മറ്റുപോംവഴികള്‍ ആരായാമെന്ന് സിപിഎം കണക്കുകൂട്ടുന്നു. അതുവരെ അവിടെയും ഇവിടെയും തൊടാത്ത പ്രതികരണങ്ങള്‍ മതിയെന്നാണ് തീരുമാനം.
നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച മേയര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോര്പ്പറേഷന് ഭരണത്തിനെതിരെ ബിജെപിയുടെയും മറ്റും പ്രതിഷേധം ശക്തിപ്പെടുമ്പോള്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഇപ്പോഴത്തെ കത്ത് വിവാദം എത്രയും വേഗം അവസാനിപ്പിക്കേണ്ടത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ആവശ്യമാണ്. കാരണം പാര്‍ട്ടി തീരുമാനമനുസരിച്ചുള്ള പിന്‍വാതില്‍ നിയമനവും അനധികൃത നിയമനവും കോര്‍പ്പറേഷനിലും സംസ്ഥാന സര്‍ക്കാരിലും വ്യാപകമാണ്. കോടതിയില്‍ പരാതിയെത്തുകയും, ഇതിനെക്കുറിച്ച് അന്വേഷണം വരുകയും ചെയ്താല്‍ സിപിഎമ്മും സര്‍ക്കാരും കുടുങ്ങും. അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനുള്ള തന്ത്രംകൂടിയാണ് പയറ്റുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതില്‍ നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. കത്തെഴുത്തില്‍ മേയര്‍ കുറ്റക്കാരിയാണ്. അവരെ രക്ഷിച്ചെടുക്കാനുള്ള വഴിയാണ് ക്രൈംബ്രാഞ്ച് കണ്ടെത്തുക. പിണറായി സര്‍ക്കാരില്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും വിജിലന്‍സിന്റെയുമൊക്കെ ഒരേയൊരു ദൗത്യം ഭരണകക്ഷിയില്പ്പെട്ടവരെയും അവര്‍ക്കു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെയും കേസുകളില്‍നിന്ന് രക്ഷിച്ചെടുക്കുകയെന്നതാണല്ലോ. ലൈഫ് പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട ഗുരുതരമായ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നായപ്പോള്‍ പരിശീലനം സിദ്ധിച്ച കമാന്റോകളെപ്പോലെയാണല്ലോ ക്രൈംബ്രാഞ്ച് ഇടപെട്ടതും തെളിവുകള്‍ പിടിച്ചെടുത്തതും. തെളിവുകള്‍ നശിപ്പിക്കാനായിരുന്നു ഈ തിടുക്കമെന്ന് പിന്നീട് വ്യക്തമായി. ഇതുതന്നെയാണ് കത്ത് ചോര്‍ച്ചയുടെ കാര്യത്തിലും ക്രൈംബ്രാഞ്ച് ചെയ്യുക. പോലീസിന്റെയും വിജിലന്‍സിന്റെയുമൊക്കെ ചുമതല പിണറായി എന്ന മുഖ്യമന്ത്രിക്കായിരിക്കുന്ന കാലത്തോളം മറിച്ചെന്തെങ്കിലും സംഭവിക്കുമെന്ന് അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കുമെന്ന് തോന്നുന്നില്ല.
അന്വേഷിച്ചാല്‍ മതി, കേസെടുക്കേണ്ട എന്നാണത്രേ ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം! രേഖകളൊന്നും പിടിച്ചെടുക്കില്ല, മൊഴി മാത്രം രേഖപ്പെടുത്തുമത്രേ!! അന്വേഷണം വെറും പ്രഹസനമായിരിക്കുമെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇതിനു മുന്‍പ് ഉയര്‍ന്ന ഗുരുതരമായ അഴിമതിയാരോപണങ്ങളില്‍ ആര്‍ക്കെതിരെയും കാര്യമായ നടപടികളൊന്നുമുണ്ടായില്ല. കുറ്റം ചെയ്തവര്‍ സിപിഎമ്മുകാരായതാണ് ഇതിനു കാരണം. ഭരണം ലഭിക്കുന്നത് പാര്‍ട്ടിക്ക് അഴിമതി നടത്താനാണെന്ന് ഉറച്ചുവിശ്വസിക്കുന്നവരാണ് സിപിഎം നേതൃത്വം. ഭരണസംവിധാനത്തെ ഉപയോഗിച്ച് ക്രമക്കേടും അഴിമതിയും നടത്തുന്നത് സിപിഎമ്മിന് അധികാരമുള്ള കാലത്തോളം നിര്‍ബാധം തുടരും. നിയമത്തെയും കോടതിയെയും അവര്‍ മറികടക്കും. എത്ര നികുതിപ്പണം വേണമെങ്കിലും അതിന് ചെലവഴിക്കും. സ്വര്‍ണക്കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അന്വേഷിക്കുമെന്നു പറഞ്ഞതിനു തൊട്ടുപിന്നാലെയാണല്ലോ ഗവര്‍ണര്‍ക്കെതിരെ ദശലക്ഷങ്ങള്‍ മുടക്കി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതുവച്ചു നോക്കുമ്പോള്‍ തിരുവനന്തപുരം മേയര്‍ ഒരു ചെറുമീന്‍ മാത്രമാണ്. അവരെ സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യവും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രമല്ല, സിപിഎമ്മിനു ഭരണമുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏറിയും കുറഞ്ഞും ഇതുതന്നെയാണ് നടക്കുന്നത്. അവിടങ്ങളിലെ നിയമനങ്ങള്‍ പാര്‍ട്ടി സര്‍വീസ് കമ്മീഷനാണ് നടത്തുന്നത്. സിപിഎം എന്ന പാര്‍ട്ടിക്ക് അധികാരം ലഭിച്ചാല്‍ അവര്‍ ഇതൊക്കെ ചെയ്തിരിക്കും. അവരെ അധികാരത്തില്‍നിന്ന് പുറന്തള്ളുക, അധികാരത്തില്‍ തിരിച്ചെത്താതെ നോക്കുക. ഇതുമാത്രമാണ് പരിഹാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: