ഇന്നത്തെ ഇന്ത്യക്ക് ഒരു ചരിത്രമുണ്ട്. ആയിരങ്ങളുടെ ത്യാഗത്തിന്റെ വിലയുണ്ട്. ഭാരതത്തെ അടക്കിവാണ വെള്ളക്കാരെ അടിയറവു പറയിപ്പിച്ച ഒരോ പ്രക്ഷോഭങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ട്. നാം കേട്ടതും കേള്‍ക്കപ്പെടാത്തതുമായ നിരവധി ചെറുത്തുനിലപ്പുകളുടെ ഫലമാണ് ഇന്നു നാം അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം.
ബ്രിട്ടീഷ് ഭരണത്തിന്റെ ആദ്യ കാലങ്ങളില്‍, രാജ്യം മുഴുവന്‍ ബ്രിട്ടീഷ് രാജിനെ എതിര്‍ക്കുന്നതിനും മുമ്പ് തന്നെ പലയിടങ്ങളും വീരോചിതമായ ചെറുത്തു നില്പുകള് ഉണ്ടായിട്ടുണ്ട്. അതെ, രാജ്യത്തെ ഗോത്ര-കര്‍ഷക സമൂഹങ്ങളായിരുന്നു സ്വാതന്ത്യത്തിന് വേണ്ടി ആദ്യ പോരാട്ടം തുടങ്ങിയത്. ഒരു പക്ഷേ ഇവര്‍ നേരിട്ടതുപോലെ ദാരുണമായ പ്രത്യാഘാതങ്ങള്‍ മറ്റൊരു സമൂഹവും നേരിട്ടിട്ടുണ്ടാവില്ല.
ലളിതമായ ജീവിതം നയിച്ചിരുന്ന, കഠിനാധ്വാനികളായ ഇവര്‍ ബ്രിട്ടീഷ് രാജിന്റെ പൊയ്മുഖം മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് നമുക്ക് അനുമാനിക്കാം. കൊളോണിയല്‍ ഭരണത്തോടൊപ്പം ബ്രിട്ടീഷുകാര്‍ നടത്തിയ ഭൂമി കൈയേറ്റത്തിലും സാമ്പത്തിക ചൂഷണത്തിലും അവര്‍ ശക്തമായി പ്രതികരിച്ചു. വെള്ളക്കാരോട് മത്സരിച്ചു. അവരുടെ സമരങ്ങള്‍ പലപ്പോഴും അടിച്ചമര്‍ത്തപ്പെടുകയായിരുന്നു. പക്ഷേ, രാജ്യവ്യാപകമായ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് അടിത്തറയിടുന്നതിന് ഈ പ്രക്ഷോങ്ങള്‍ കാരണമായി.
രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗോത്ര-കര്‍ഷക സമൂഹങ്ങളുടെ പ്രക്ഷോഭങ്ങളിലൂടെ…
1. സംന്യാസി കലാപം
രാജ്യത്ത വെള്ളക്കാരെ വിറകൊള്ളിച്ച പ്രക്ഷോഭങ്ങളില്‍ പ്രധാനമാണ് സംന്യാസി കലാപം. 1757ന് ശേഷം ബംഗാളില്‍ ഭരണം സ്ഥാപിച്ച വെള്ളക്കാര്‍ കര്‍ഷകരുടെ ഭൂ നികുതി വര്‍ധിപ്പിച്ചു. ജമീന്ദാര്‍മാരില്‍ നിന്ന് ഭൂമി കൈയേറി. അവരെ ചൂഷണം ചെയ്തു.
ഇതില്‍ പൊറുതി മുട്ടി പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അവര്‍ സംഘടിച്ചു. 1770ലെ ബംഗാളിലെ ക്ഷാമകാലത്ത് സംന്യാസിമാരുടെ നേതൃത്വത്തില്‍ കുടിയിറക്കപ്പെട്ട ജമീന്ദാര്‍മാര്‍, കര്‍ഷകര്‍, പിരിച്ചുവിടപ്പെട്ട സൈനികര്‍, ഫക്കീര്‍മാര്‍ എന്നിവരെല്ലാം പ്രക്ഷോഭമാരംഭിച്ചു. 1802 വരെ കലാപം തുടര്‍ന്നു. ഈ പ്രക്ഷോഭത്തെ പ്രമേയമാക്കിയാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ശത്രുക്കള്‍ക്കെതിരെ പോരാടിയ ആനന്ദന്മാര് എന്നറിയപ്പെടുന്ന ആനന്ദമഠം എന്ന കൃതി രചിച്ചത്. ഇത് കലാപത്തിന്റെ നല്ലൊരു ഓര്‍മ്മപ്പെടുത്തലാണ്.
2. തില്ക മാഞ്ചിയുടെ കലാപം
വെള്ളക്കാര്ക്കെതതിരെ ആയുധമേന്തിയ ആദ്യ വനവാസി നേതാവ്, തില്ക മാഞ്ചി അഥവാ ജാബ്രി പഹാരിയ. ബ്രട്ടീഷ് കമ്മിഷണറുടെ വസതിയായ രാജ്മഹല്‍ ആക്രമിച്ച ധീരന്. ആക്രമണത്തില്‍ വിഷം പുരട്ടിയ അമ്പേറ്റ് കമ്മീഷണര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദിവസങ്ങള്‍ക്കുള്ളില്‍ കമ്മീഷണര്‍ മരിച്ചു.
ബ്രിട്ടീഷുകാരുടെ കൊള്ള, ചൂഷണം, സ്വേച്ഛാധിപത്യം എന്നിവയ്ക്കെതിരെ 1789ല്‍ തില്ക പോരാട്ടമാരംഭിച്ചു. ഇതിനായി തന്റെ ഗോത്രമായ ജാബ്ര സന്താല സമുദായത്തെ സംഘടിപ്പിച്ചു. കാടായിരുന്നു തില്‍കയുടെ തട്ടകം. അതുകൊണ്ടുതന്നെ തില്‍കയെ പിടികൂടാന്‍ ബ്രിട്ടീഷുകാര്‍ നന്നേ കഷ്ടപ്പെട്ടു.
ആഴ്ചകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തിലാപൂര്‍ കാടുകളില്‍ നിന്ന വെള്ളക്കാര്‍ക്ക് തില്‍കയെ പിടിക്കാനായത്. ഭഗല്‍പൂരില്‍ വച്ച് തില്ക്കയെ പൊതു സമക്ഷം തൂക്കിലേറ്റിയെങ്കിലും ജനങ്ങളുടെ മനസില്‍ അദ്ദേഹം കൊളുത്തിയ പോരാട്ടത്തിന്റെ തീയണയ്ക്കാന്‍ വെള്ളക്കാര്ക്കായില്ല.
3. സാമ്പല്‍പൂര്‍ കലാപം
സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ മറ്റൊരേടാണ് സുരന്ദ്ര സായിയുടെ കലാപം അഥവാ സാമ്പല്‍പൂര്‍ കലാപം. ഒഡീഷയുടെ ചെറുത്തുനില്‍പ്പിന്റെ ചരിത്രം കൂടിയാണിത്. സാമ്പല്‍പൂരിലെ നാലാമത്തെ ചൗഹാന് രാജാവായ മധുകര്‍ സായിയുടെ പിന്‍ഗാമിയാണ് സുരേന്ദ്ര സായ്. ഇവിടുത്തെ അധഃസ്ഥിതരായ ഗോത്രവര്‍ഗക്കാരെ ചൂഷണം ചെയ്യാനുള്ള ബ്രിട്ടീഷുകാരുടെ ശ്രമങ്ങള്‍ക്കെതിരെയായിരുന്നു സുരേന്ദ്ര സായിയുടെ പോരാട്ടം.
ഗോത്ര വിഭാഗത്തിന്റെ അവകാശങ്ങള്‍ സായ് ഉയര്‍ത്തിപ്പിടിച്ചു. ഏറെ ജനപിന്തുണയുണ്ടായിട്ടും അദ്ദേഹത്തിന് സാമ്പല്‍പൂരിലെ അധികാരം ലഭിച്ചിരുന്നില്ല. വെളഅളക്കാര് അദ്ദേഹത്തിന്റെ അവകാശം നിഷേധിച്ചു. തുടര്‍ന്നാണ് അവിടെ കലാപം ഉടലെടുത്തത്. കലാപം അവസാനിപ്പിക്കാന്‍ വെള്ളക്കാര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സുരേന്ദ്ര സായ്ക്കു പകരം അതേ വിഭാഗത്തിലെ രാജാ നാരായണ്‍ സിങ്ങിന് വെള്ളക്കാര്‍ അധികാരം നല്കി. അത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തി വര്‍ധിക്കാന്‍ കാരമായി. നാരായണ്‍ സിങ്ങിന്റെ മരണ ശേഷം ദത്തവകാള നിരോധന നിയമത്തിലൂടെ ബ്രിട്ടീഷുകാര്‍ നേരിട്ട് ഭരണം ഏറ്റെടുത്തു.
ഇതിനിടെ സുരേന്ദ്രയും സഹോദരനും തടവിലാക്കപ്പെട്ടു. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ജയില്‍ തകര്‍ക്കപ്പെട്ടതോടെ സുരേന്ദ്ര ജയില്‍ മോചിതനായി. കലാപ അന്തരീക്ഷം മുന്നില്‍ കണ്ട് അനുനയ ചര്‍ച്ചകള്‍ക്കായി സുരേന്ദ്രയെ ബ്രിട്ടീഷുകാര്‍ സമീപിച്ചു. ചര്‍ച്ചകള്‍ നടന്നെങ്കിലും ഫലം കണ്ടില്ല. അങ്ങനം 1857 നവംബര്‍ ഒന്നിനാണ് വെള്ളക്കാര്ക്കെതിരം തുറന്ന കലാപത്തിന് സുരേന്ദ്ര ആഹ്വാനം ചെയ്തത്.
4. ഖേര്‍വാര്‍ മുന്നേറ്റം
1874ല്‍ ഭഗീരഥ് മാഞ്ചിയുടെ നേതൃത്വത്തിലാണ് ഖേര്‍വാര്‍ മുന്നേറ്റത്തിന് തുടക്കം കുറിക്കുന്നത്. ‘ഭൂമി ഒരു മനുഷ്യനാലും സൃഷ്ടിക്കപ്പെട്ടതല്ല, നമ്മുടെ ഭൂമി ഒരാളാലും ഉഴുതുമറിച്ചിട്ടില്ല, പക്ഷേ നമ്മള് ചെയ്തു, മറ്റാര്‍ക്കുമല്ല ഉല്പന്നങ്ങള് പങ്കുവച്ചെടുക്കേണ്ടതിന്റെ അവകാശം, നമുക്കാണ്’ ഇതായിരുന്നു ഭഗീരഥ് മാഞ്ചിയുടെ കാഴ്ചപ്പാട്.
എന്നാല്‍ ബ്രിട്ടീഷ് രാജിന് കീഴില്‍ അവരുടെ അടിച്ചമര്‍ത്തലുകള്‍ താങ്ങാന്‍ കഴിയാതെ വന്നപ്പോളാണ് മാഞ്ചി ഖേര്‍വാര്‍ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. അദ്ദേഹത്തിന്റെ സാന്താള്‍ ഗോത്ര വര്‍ഗത്തിന്റെ മുഴുവന്‍ പിന്തുണയും പ്രസ്ഥാനത്തിനുണ്ടായിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ആയിരങ്ങളുടെ ശബ്ദം ഗ്രാമങ്ങള്‍ തോറും മുഴങ്ങി. എന്നാല്‍, അതിക്രൂരമായാണ് ബ്രിട്ടീഷുകാര്‍ കലാപത്തെ നേരിട്ടത്. കടുത്ത ശിക്ഷാ നടപടികളിലൂടെ അവര്‍ ഈ മുന്നേറ്റത്തെ അടിച്ചമര്‍ത്തുകയായിരുന്നു.
5. സാന്താള്‍ കലാപം
ബ്രിട്ടീഷ് അധിനിവേശത്തിന് എതിരെയുണ്ടായ ഗോത്ര കലാപങ്ങളില്‍ എറെപ്രധാനപ്പെട്ടതാണ് സാന്താള്‍ കലാപം. കാലാകാലങ്ങളായി തങ്ങള്‍ കൃഷിചെയ്തിരുന്ന ഭൂമി തട്ടിയെടുത്ത ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനും ജാതിയില്‍ മുന്നാക്ക വിഭാഗത്തില്‍പ്പെട്ട ജമീന്ദര്‍ മാക്കുമെതിരെയുണ്ടായ പ്രക്ഷോഭമാണ് സാന്താള്‍ കലാപം അഥവാ സാന്താള്‍ ഹുല്‍. ഗറില്ലാ പോരാട്ടമായിരുന്നു അവരുടെ ആക്രമണ രീതി. സിദ്ധു, കന്‍ഹു, ചന്ദ്, ഭൈരവ് എന്നിങ്ങനെ നാല് മുര്‍മു സഹോദരന്മാരാണ് പോരാട്ടത്തിന് നേതൃത്വം നല്‍കിയത്.
തങ്ങളുടെ പരമ്പരാഗത ആയുധങ്ങളായ അമ്പും വില്ലും വാളുകളുമായി പൊരുതിയ സാന്താളുകളെ തോക്കേന്തിയ വെള്ളപ്പട അടിച്ചൊതുക്കുകയായിരുന്നു. വെള്ളക്കാരുടെ പീരങ്കികള്‍ക്കും യുദ്ധസാമ്ഗ്രികള്ക്കും മുന്നില്‍ പിടിച്ചു നില്ക്കാന് അവര്‍ക്കായില്ല. പതിനായിരങ്ങള്‍ കൊല്ലപ്പെട്ടു. നിരവധി ഗ്രാമങ്ങള്‍ നശിച്ചു. അടിച്ചമര്‍ത്തപ്പെട്ടെങ്കിലും തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് വലിയ പ്രചോദനമാണ് സാന്താല്‍ കലാപം പകര്‍ന്നത്.
6. ഇന്‍ഡിഗോ കലാപം
1859 കാലത്ത് ബംഗാളിലാണ് നീലം പ്രക്ഷോഭം അഥവാ ഇന്‍ഡിഗോ കലാപം ഉടലെടുത്തത്. അന്യായമായ കരാറുകളിലൂടെ, പ്രതിഫലമില്ലാതെ നീലം കൃഷി ചെയ്യാന്‍ തങ്ങളെ നിര്‍ബന്ധിതരാക്കിയ തോട്ടമുടമകള്ക്കെതിരം കര്‍ഷക തൊഴിലാളികള്‍ നടത്തിയ കലാപമായിരുന്നു ഇത്.
നീലം കൃഷി വളരെ ലാഭകരമാണെന്ന് ബോധ്യപ്പെട്ട, 1833ലെ ചാര്‍ട്ടര്‍ നിയമത്തിലൂടെ ഭൂമി സ്വന്തമാക്കിയ വിദേശി തോട്ടമുടമകള്‍ അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. തങ്ങളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത തൊഴിലാളികളെ ക്രൂരമായി ഉപദ്രവിച്ചു. അവരുടെ വീടുകള്‍ കത്തിച്ചു. ഇതിനെതിരെ കര്‍ഷകര്‍ സംഘടിക്കുകയും വളരെപ്പെട്ടന്നു തന്നെ പ്രക്ഷോഭം ആളിക്കത്തുകയും ചെയ്തു. മറ്റിടങ്ങളിലേക്കും കലാപം പടര്‍ന്നു.
സമൂഹത്തിന്റെ എല്ലാ തട്ടുകളില്‍ നിന്നുമുള്ള പിന്തുണ കര്‍ഷകര്‍ക്കുണ്ടായിരുന്നു. അവരുടെ ചെറുത്ത് നില്പ് തോട്ടമുടമകളെ പ്രതികൂലമായി ബാധിച്ചു. കര്‍ഷകര്‍ പണിമുടക്കുകയും നീലം സംഭരണശാല കത്തിക്കുകയും ചെയ്തു. പ്രക്ഷോഭം അടിച്ചമര്‍ത്തപ്പെട്ടെങ്കിലും സര്‍ക്കാരിനെ സ്വാധീനിക്കാനായി. അന്വേഷണത്തിന് ഇന്‍ഡിഗോ കമ്മിഷനെ രൂപീകരിച്ചു. നീലംകര്‍ഷകരുടെ ദുരിത പൂര്‍ണമായ ജീവിതത്തിന്റെ പ്രതിഫലനമാണ് ദീനബന്ധു മിത്രയുടെ ‘ ദ മിറര്‍ ഓഫ് ഇന്‍ഡിഗോ’ എന്ന നാടകം.
7. മുണ്ട മുന്നേറ്റം
രാജ്യത്തെ സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്ന പേരാണ് ബിര്‍സ മുണ്ടയുടേത്. ബ്രിട്ടീഷ് രാജിനെതിരെയുള്ള ശക്തമായ ചെറുത്തുനില്‍പ്പിന്റെ ശബ്ദമായിരുന്ന മുണ്ട വനവാസികളുടെ ജനകീയ നേതാവായിരുന്നു. ക്രിസ്ത്യന്‍ മിഷണറി സ്കൂളില്‍ പഠിച്ചുകൊണ്ടിരിക്കെ വനവാസികള്‍ക്കെതിരായ അധിക്ഷേപത്തിന്റെ പേരില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചയാളാണ് മുണ്ട.
പരസ്പര സഹകരണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വനവാസി വ്യവസ്ഥയിലേക്ക് നാണയ സമ്പദ് വ്യവസ്ഥയെ തിരുകി കയറ്റാന്‍ ശ്രമിച്ചതും, വെള്ളക്കാര്‍, മിഷണറിമാര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുടെ ചൂഷണവും ആധിപത്യവും വനവാസികളെ അസ്വസ്ഥരാക്കി.
അവരുടെ കൈവശമുണ്ടായിരുന്ന ഭൂമി അന്യാധീനപ്പെടുത്താന്‍ ജമീന്ദാരി സമ്പ്രദായത്തെ വെള്ളക്കാര്‍ പിന്തുണച്ചു. ഇങ്ങനെ തന്റെ ജനത നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ മുണ്ട ജനങ്ങളെ സംഘടിപ്പിച്ചു.
ക്രിസ്ത്യന്‍ മിഷണറിമാര്‍, ജമീന്ദാര്, ജാഗീദാര്‍ എന്നിവര്‍ക്കെതിരെ ആയുധം കൈയിലെടുക്കാന്‍ തീരുമാനിച്ചു. മഹാറാണിയുടെ ഭരണം അവസാനിക്കട്ടെ, നമ്മുടെ ഭരണം പുനഃസ്ഥാപിക്കട്ടെ എന്നതായിരുന്നു മുണ്ടയുടെ ആഹ്വാനം.
അങ്ങനെ നിരവധി പ്രക്ഷോഭങ്ങള്‍ക്ക് ശേഷം മുണ്ട പിടിക്കപ്പെട്ടു. 1900ത്തില്‍ വടവില് വച്ചാണ് മുണ്ട മരിക്കുന്നത്. അദ്ദേഹത്തിന്റെ ഛായാചിത്രം ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആദരിക്കപ്പെട്ട ഒരേയൊരു വനവാസി നേതാവാണ് മുണ്ട. അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി, ജ്ഞാനപീഠ ജേതാവായ മഹാശ്വേതാ ദേവിയുടെ ആരണ്യേ അധികാര്‍ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
8. താന ഭഗത് പ്രസ്ഥാനം
ജാര്‍ഖണ്ഡിലെ ഒറോണ്‍ സംന്യാസിമാര്‍, ജത്ര ഭഗത്, തുരിയ ഭഗത് എന്നിവര്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു ചെറിയ ഗോത്ര സമൂഹമായിരുന്നു താന ഭഗത്. വെള്ളക്കാരേര്പ്പെടുത്തിയ അമിത നികുതിയെ എതിര്‍ത്ത താന ഭഗത് വിഭാഗം 1914ല്‍ ജമീന്ദാരി-മിഷണറി-ബ്രിട്ടീഷ് വിരുദ്ധ നയങ്ങള്‍ കൈക്കൊണ്ടു. അങ്ങനെ ഒരു നിസ്സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചു. പിന്നീട്, മഹാത്മാഗാന്ധിയുടെ അനുയായികളും അഹിംസാ വിശ്വാസികളുമായ ഇവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിസ്സഹകരണ പ്രസ്ഥാനവുമായി അടുത്ത് ബന്ധം പുലര്‍ത്തിപോന്നു.
9. റാംപ കലാപം
1879ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ ബ്രിട്ടീഷ് സര്‍ക്കാരിനെതിരെയുണ്ടായ കലാപമാണ് റാംപ കലാപം. വിശാഖപട്ടണത്തെ റാംപയില്‍ മലയോര ഗോത്ര വിഭാഗമായിരുന്നു ലാപത്തിന് പിന്നില്‍. 1882ലെ മദ്രാസ് ഫോറസ്റ്റ് ആക്ടിലൂടെ വെള്ളക്കാര്‍ വനവാസികളുടെ വനത്തിനുള്ളിലെ സഞ്ചാര സ്വാതന്ത്ര്യത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും അവരെ പരമ്പരാഗത കൃഷിയില്‍ നിന്ന് വിലക്കുകയും ചെയ്തു.
വനവാസികള്‍ കാട്ടിലെ നായകനെന്ന് വിശേഷിപ്പിച്ചിരുന്ന അല്ലൂരി സീതരാമ രാജുവിന്റെ നേതൃത്വത്തില്‍ ഗ്രോത്ര വിഭാഗം സംഘടിച്ചു. പോരാട്ടങ്ങള്‍ക്കൊടുവില്‍ ചിന്താപ്പള്ളിയിലെ വനങ്ങളില്‍ വച്ച് അല്ലൂരി സീതരാമ രാജുവിനെ വെള്ളക്കാര്‍ പിടികൂടുകയും പിന്നീട് വധിക്കുകയും ചെയ്തു.
10. റാണി ഗൈഡിന്‍ലിയുവിന്റെ കലാപം
വെള്ളക്കാര്‍ക്കെതിരെ കലാപത്തിന് നേതൃത്വം നല്കിയ ആത്മീയ-രാഷ്ട്രീയ നേതാവായിരുന്നു റാണി ഗൈഡിന്‍ലിയു എന്ന ഗൈഡിന്‍ലിയു പമേയ്. പതിമൂന്നാം വയസില്‍ തന്റെ ബന്ധുവിന്റെ മത പ്രസ്ഥാനമായ ഹെരാകയില് അംഗമായി. അവളുടെ നിര്‍ദേശപ്രകാരം പിന്നീട് ഈ പ്രസ്ഥാനം വെള്ളക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായി മാറി.
ബ്രിട്ടീഷ് രാജിനെതിരെ പരസ്യമായി പ്രതിഷേധിച്ച അവള് നികുതി അടയ്ക്കരുതെന്നും വെള്ളക്കാര്‍ക്കു വേണ്ടി ജോലി ചെയ്യരുതെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചു. പതിനാറാം വയസില്‍ കുക്കികള്‍ക്കെതിരെ വര്‍ഗീയ കലാപമഴിച്ചുവിട്ടെന്നാരോപിച്ച് ഗൈഡന്ലിയുവിനെ വെള്ളക്കാര്‍ അറസ്റ്റു ചെയ്തു. ജീവപര്യന്തം തടവിലടയ്ക്കപ്പെട്ട ഗൈഡിന്‍ലിയുവിനെ 1937ല്‍ ജവഹര്‍ലാല്‍ നെഹ്റു സന്ദര്‍ശിക്കുകയുണ്ടായി. അദ്ദേഹമാണ് റാണി എന്ന വിശേഷണം അവള്‍ക്ക് നല്‍കിയത്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമാണ് ഗൈഡിന്‍ലിയു ജയില്‍ മോചിതയാകുന്നത്. തുടര്‍ന്നും തന്റെ വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു. 1982ല്‍ പദ്മഭൂഷണ്‍ നല്കി രാജ്യം അവരെ ആദരിച്ചു.
11. തേഭാഗ പ്രസ്ഥാനം
സ്വാതന്ത്ര്യ സമരത്തിന്റെ അവസാന കാലത്ത് ബംഗാളില്‍ വ്യാപകമായി പടര്‍ന്നു പിടിച്ച കര്‍ഷക പ്രക്ഷോഭമാണ് തേഭാഗ പ്രസ്ഥാനം. അക്കാലത്ത് പാട്ടത്തിന് കൃഷി ചെയ്യുന്ന കുടിയാന്മാര് അവരുടെ വിളവെടുപ്പിന്റെ പകുതി ഭൂവുടമകള്‍ക്ക് നല്‍കണമെന്നായിരുന്നു നിയമം. എന്നാല്‍, വിളവെടുപ്പിന്റെ മൂന്നിലൊന്നു ഭാഗം ഭൂവുടമകള്‍ക്ക് നല്‍കാമെന്നായിരുന്നു ബംഗാള്‍ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള തേഭാഗ പ്രസ്ഥാനത്തിന്റെ പക്ഷം.
സ്ത്രീ പുരുഷ ഭേദമന്യെ ചൂഷിത വര്‍ഗം രംഗത്തിറങ്ങിയ ആദ്യ പ്രക്ഷോഭമാണിതെന്ന് പറയപ്പെടുത്തു. സ്ത്രീകളുടെ വന്‍ തോതിലുള്ള പങ്കാളിത്തവും നാരി ബാഹിനി എന്ന പേരില്‍ യുദ്ധസേന രൂപീകരിച്ചതും ഈ പ്രസ്ഥാനത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്.
പ്രക്ഷോഭത്തിന്റെ ഫലം ഉടന്‍ കണ്ടില്ലെങ്കിലും 1950ല്‍ ഈസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് അക്വിസിഷന്‍ ആന്‍ഡ് ടെനന്‍സി ആക്ട് പാസാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: