ന്യൂദല്‍ഹി: നമീബിയയില്‍ നിന്നും കൊണ്ടുവന്ന് ക്വാറന്‍റൈനില്‍ താമസിപ്പിച്ചിരുന്ന രണ്ടു ചീറ്റകളെ വനത്തിലേക്ക് തുറന്നുവിട്ട സന്തോഷ വാര്‍ത്ത പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
“സന്തോഷ വാര്‍ത്ത! നിര്‍ബന്ധിത തടങ്കല്‍ പാര്‍ക്കലിന് ശേഷം രണ്ട് ചീറ്റകളെ കുനോ ദേശീയോദ്യാനവുമായി പൊരുത്തപ്പെട്ടുജീവിക്കാന്‍ കൂടുതല്‍ വിശാലമായ ഇടത്തേക്ക് തുറന്നുവിട്ടിരിക്കുന്നു. രണ്ടു ചീറ്റകളും ആരോഗ്യത്തോടെയും സജീവമായും നന്നായി ഇണങ്ങിയും ജീവിക്കുന്നതായി അറിയുന്നതില്‍ സന്തോഷം”- ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പ്രധാമന്ത്രി പറഞ്ഞു.
കൂടുതല്‍ വിശാലമായ വനത്തിലേക്ക് തുറന്നുവിടപ്പെട്ട ചീറ്റകള്‍ വൈകാതെ ഒരു പുള്ളിമാനെ വേട്ടയാടിപ്പിടിച്ചതായും പിന്നാലെ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പ്രകാശ് കുമാര്‍ വര്‍മ്മ അറിയിച്ചു. വേട്ടയാടിയ പുള്ളിമാനെ ചീറ്റകള്‍ ഭക്ഷിക്കുന്നത് കാണാമായിരുന്നുവെന്നും പ്രകാശ് കുമാര്‍ വര്‍മ്മ. നമീബിയയില്‍ നിന്നും സെപ്തംബര്‍ പകുതിയില്‍ ഇന്ത്യയില്‍ എത്തിയ ശേഷം അവയുടെ ആദ്യ വേട്ടയാടലാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്രെഡ്ഡി, എല്‍ട്ടന്‍ എന്നീ രണ്ട് ചീറ്റകളെയാണ് ചുറ്റുവേലി കെട്ടിയിട്ടുണ്ടെങ്കിലും കൂടുതല്‍ വിശാലമായ വനത്തിലേക്ക് തുറന്നുവിട്ടിരിക്കുന്നത്. സെപ്തംബര്‍ 17നാണ് ആറ് ചീറ്റകളെ പ്രത്യേക വിമാനത്തില്‍ നമീബിയയില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇന്ത്യയില്‍ ചീറ്റകള്‍ വംശനാശം നേരിട്ടതിനെതുടര്‍ന്നാണ് നമീബിയയില്‍ നിന്നും ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: