തിരുവനന്തപുരം: വിനോദസഞ്ചാരവകുപ്പിന്റെ മിയാവാക്കി വനവല്‍ക്കരണ പദ്ധതി വന്‍ അഴിമതിയെന്ന് ലോകായുക്ത. വെറും 20 സെന്റില്‍ മിയാവാക്കി വനം ഉണ്ടാക്കാന്‍ വാങ്ങിയത് 3.7 കോടി രൂപ.
ഈ അഴിമതിക്കേസില്‍ കോടതിയില്‍ വിനോദസഞ്ചാര വകുപ്പിലെ ഫിനാന്‍സ് ഓഫീസര്‍ സന്തോഷ് ഹാജരാകാത്തതിനെ തുടര്‍ന്ന് ലോകായുക്ത നോട്ടീയയ്ക്കാന് നിര്‍ദേശിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരവകുപ്പിന്റെ കെ ഡിസ്ക് പദ്ധതിയില്‍പ്പെടുത്തിയാണ് മിയാവാക്കി വനവല്ക്കരണപദ്ധതിയില് കോടികളുടെ അഴിമതി നടന്നത്. മിയാവാക്കി വനവല്‍ക്കരണം നടപ്പാക്കി പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതാണ് പിഴച്ചത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നല്കിയ കരാറില്‍ അഴിമതിയും ക്രമക്കേടും നടന്നതായി ആരോപിക്കപ്പെടുന്നു.
നേചര്‍ ഗ്രീന്‍ ഗാര്ഡന്, കള്‍ച്ചര്‍ ഷോപ്പി, ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നീ മൂന്ന് സ്ഥാപനങ്ങള്‍ അടങ്ങിയ കണ്‍സോര്‍ഷ്യമാണ് കരാര്‍ നേടിയത്. ഇതില്‍ ഇന്‍വിസ് മള്‍ട്ടിമീഡിയ കേരളവിനോദസഞ്ചാരവകുപ്പിന്റെ വെബ്സൈറ്റ് ഉള്‍പ്പെടെ ഒട്ടേറെ മള്‍ട്ടിമീഡിയ പ്രവര്‍ത്തനം നടത്തുന്ന കമ്പനിയാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രം പരസ്യം നല്‍കിയാണ് ഇഷ്ടക്കാര്‍ക്ക് കരാര്‍ ഒപ്പിച്ചുകൊടുത്തതെന്ന് ആരോപിക്കപ്പെടുന്നു. അതിനാല്‍ കേരളത്തിന് പുറത്ത് നിന്നുള്ള കമ്പനികള്‍ ടെണ്ടറില്‍ പങ്കെടുക്കുന്നത് ഒഴിവാക്കപ്പെട്ടു.
വെറും 20 സെന്റ് ഭൂമിയില്‍ മിയാവാക്കി വനംനടാനാണ് 3.7 കോടി രൂപ ചെലവാക്കിയത്. യഥാര്‍ത്ഥത്തില്‍ കേരളത്തില്‍ മൂന്നുവര്‍ഷത്തില്‍ കുറയാതെ മിയാവാക്കി വനവല്‍ക്കരണം നടത്തി വിജയിച്ച വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ മാത്രമേ കരാര്‍ നല്‍കാവൂ എന്ന് വ്യവസ്ഥയുണ്ട്. ഇത് അട്ടിമറിക്കപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: