പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെന്‍ഷന്‍പ്രായം അറുപതാക്കി ഉയര്‍ത്തിക്കൊണ്ടുള്ള തീരുമാനം മരവിപ്പിച്ചത് ഇടതുമുന്നണി സര്‍ക്കാരിന്റെ പ്രതിച്ഛായ കൂടുതല്‍ ഇടിച്ചുതാഴ്ത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഇടതു യുവജന സംഘടനകള്‍ രംഗത്തുവന്നതാണത്രേ വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചത്. പാര്‍ട്ടി അറിയാതെയാണ് സര്‍ക്കാര്‍ പെന്ഷന് പ്രായം ഉയര്‍ത്താന്‍ തീരുമാനമെടുത്തതെന്നും, പാര്‍ട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ് അത് മരവിപ്പിച്ചതെന്നും അവകാശപ്പെട്ട് മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എം.വി. ഗോവിന്ദന് രംഗത്തുവന്നെങ്കിലും സത്യം അതല്ലെന്ന് വ്യക്തമാവുകയുണ്ടായി. പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നത് അടക്കമുള്ള
നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വിദഗ്ധസമിതി റിപ്പോര്‍ട്ട് പരിശോധിച്ച സെക്രട്ടറിതല സമിതി റിപ്പോര്‍ട്ട് ഗോവിന്ദന് പങ്കെടുത്ത മന്ത്രിസഭായോഗം പരിഗണിച്ചതാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് വിഷയം പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും. പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തെ എതിര്‍ത്ത സിപിഐയുടെ മന്ത്രിമാര്‍ പങ്കെടുത്ത മന്ത്രിസഭാ യോഗത്തിലും സെക്രട്ടറിതല സമിതി റിപ്പോര്‍ട്ട് പരിഗണനയ്ക്കു വന്നിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രമല്ല, മന്ത്രിമാരുടെ ഓഫീസിലുള്ളവര്‍ക്കും ലഭിച്ചിരുന്നതായാണ് അറിയുന്നത്.
പെന്‍ഷന്‍പ്രായം ഉയര്‍ത്തിയത് പാര്‍ട്ടി അറിഞ്ഞില്ലെന്നും, അതുകൊണ്ടാണ് മുഖ്യമന്ത്രി ഇടപെട്ട് തിരുത്തിയതെന്നുമൊക്കെ എം.വി. ഗോവിന്ദന് പറയുന്നത് ശുദ്ധ കാപട്യമാണെന്ന് പിണറായി വിജയനും സിപിഎമ്മും തമ്മിലുള്ള ഉടമ-അടിമ ബന്ധം അറിയാവുന്ന ആര്‍ക്കും മനസ്സിലാകും. വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സര്‍ക്കാരിനെതിരെ നിരവധി വിഷയങ്ങളില്‍ കുരിശുയുദ്ധം പ്രഖ്യാപിച്ച പാര്‍ട്ടി ഇപ്പോഴില്ല. അത് മരിച്ചുകഴിഞ്ഞു. പിണറായി മുഖ്യമന്ത്രിയായശേഷം പാര്‍ട്ടിയും സര്‍ക്കാരും പിണറായിതന്നെയാണ്. എന്തു വേണമെന്ന് പിണറായി തീരുമാനിക്കും. പാര്‍ട്ടി അനുസരിക്കും.
പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിക്കുപോലും ഇത് ബാധകമാണ്. സ്വന്തം താല്പര്യം മുന്‍നിര്‍ത്തി കോടിയേരി ബാലകൃഷ്ണന്റെ അന്തിമോപചാര ചടങ്ങുകളില്‍പ്പോലും പിണറായി എങ്ങനെയാണ് ഇടപെട്ടതെന്ന് ജനങ്ങള്‍ കണ്ടതാണ്. സ്ഥിതിഗതികള്‍ ഇതായിരിക്കെ പാര്‍ട്ടിയുടെ അനുമതിയില്ലാത്തതിനാലാണ് പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചതെന്ന് എം.വി. ഗോവിന്ദന് പറയുന്നത് ശുദ്ധ കാപട്യമാണ്. തീരുമാനിക്കുന്നത് പിണറായിയാണെങ്കില്‍
പാര്‍ട്ടി അറിയേണ്ട കാര്യമില്ല. അങ്ങനെയൊരു നിര്‍ബന്ധബുദ്ധി ആരെങ്കിലും കാണിച്ചാല്‍ അയാള്‍ പാര്‍ട്ടിയില്‍ ഉണ്ടാകണമെന്നില്ല. അല്ലെങ്കില്‍ വെറുതെയൊരു അംഗമായി തുടരാമെന്നുമാത്രം. ഉദാഹരണങ്ങള്‍ നിരവധി ചൂണ്ടിക്കാട്ടാനാവും. പാര്‍ട്ടിയുടെ സ്ഥാപകനേതാവും മുന്‍മുഖ്യമന്ത്രിയും ജനകീയനും ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനുമായ വിഎസിന്റെ ഗതി മാത്രം പരിശോധിച്ചാല്‍ മതിയല്ലോ.
യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെയാണ് പെന്ഷന് പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിച്ചതെന്ന് പരസ്യമായി പറയാന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നിട്ടും ഗോവിന്ദനുപോലും പേടിയാണ്. പി. ജയരാജന്റെ ധൈര്യമൊന്നും ഗോവിന്ദനില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിതന്നെ ഇടപെട്ട് തിരുത്തിയതെന്ന് എടുത്തുപറയുന്നത്. ഇക്കാര്യത്തില്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു പറയുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല. ശരിക്കു പറഞ്ഞാല്‍ സര്‍ക്കാരും സിപിഎമ്മും ചേര്‍ന്നുള്ള ഒരു ഒത്തുകളിയുടെ ഭാഗമായിരുന്നു ഇതെല്ലാം. പെന്ഷന് പ്രായം ഉയര്‍ത്തില്ലെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ അത് വ്യക്തമാക്കിയിട്ടുള്ളതാണ്. സിപിഎമ്മും യുവജന സംഘടനകളും എതിര്‍ത്തുപോരുന്നതുമാണ്. എന്നിട്ടും ഇതിനു വിരുദ്ധമായി ഒരു തീരുമാനമെടുത്തത് അതിന്റെ പേരില്‍ ഒരു വിവാദമുണ്ടാക്കി ജനശ്രദ്ധ തിരിക്കാന്‍വേണ്ടി മാത്രമാണ്. സര്‍വകലാശാല വിസിമാരുടെ പ്രശ്നത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ഇതില്‍നിന്ന് കുറച്ചുദിവസത്തേക്കെങ്കിലും ചര്‍ച്ചകള്‍ വഴിമാറ്റുക എന്ന ലക്ഷ്യം മാത്രമേ പെന്ഷന് കാര്യത്തില്‍ സര്‍ക്കാരിനുണ്ടായിരുന്നുള്ളൂ. ഗവര്‍ണറുടെ ഭാഗത്തുനിന്ന് എന്തോ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന് പേടിച്ചാണ് തിടുക്കപ്പെട്ട് സര്‍ക്കാര്‍ പെന്‍ഷന്‍പ്രശ്നം എടുത്തിട്ടത്. ജനഹിതമനുസരിച്ചല്ല പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: