തൃശൂര്‍: തളിക്കുളം ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പ്ലസ് വണിന് ചേര്‍ന്ന ശേഷം ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫറിന് അപേക്ഷിച്ച് സ്കൂള്‍ മാറിയ വിദ്യാര്‍ത്ഥികളുടെ കയ്യില്‍ നിന്നും വാങ്ങിയ പിടിഎ ഫണ്ട് തിരികെ നല്‍കാതെ വഞ്ചിച്ചെന്ന് ആരോപണം. ഒന്നര മാസം മുന്‍പ് തളിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും മാറിപ്പോയ വിദ്യാര്‍ത്ഥികളാണ് തട്ടിപ്പിനിരയായത്.
ട്രാന്‍സ്ഫറായി പോകുന്ന വിദ്യാര്‍ത്ഥിക്ക് ആദ്യം ചേര്‍ന്ന സ്കൂളിലെ ഫീസടച്ച രസീതും, കോഷന്‍ ഡെപ്പോസിറ്റും, പിടിഎ ഫണ്ടും, സ്കൂളില്‍ ഏല്‍പ്പിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കയ്യോടെ പ്രിന്‍സിപ്പല്‍മാര്‍ തിരികെ നല്‍കണമെന്നാണ് വ്യവസ്ഥ. മാറിച്ചേരുന്ന സ്കൂളില്‍ മുന്‍പത്തെ സ്കൂളിലെ അഡ്മിഷന് ഫീസ് അടച്ച രസീത് കാണിച്ചാല്‍ മതി. എന്നാല്‍ തളിക്കുളത്ത് നിന്നും ട്രാന്‍സ്ഫര്‍ വാങ്ങിച്ചു പോയ തന്റെ മകന് പിടിഎ ഫണ്ടിലേക്ക് വാങ്ങിയ 500 രൂപ ഒന്നര മാസം കഴിഞ്ഞിട്ടും ഇതുവരെ തിരികെ നല്‍കിയിട്ടില്ലെന്ന് രക്ഷിതാവ് പറഞ്ഞു. തങ്ങളുടെ ഒപ്പമുണ്ടായിരുന്ന അഞ്ച് കുട്ടികള്‍ക്കും ഇതാണവസ്ഥ. കോഷന്‍ ഡെപോസിറ്റും മടക്കി കിട്ടിയില്ല.
വിദ്യാര്‍ത്ഥി ബാങ്ക് അക്കൗണ്ട് എടുത്ത് ചെന്നാല്‍ അക്കൗണ്ടിലൂടെ കൈമാറാം എന്നാണ് സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നത്. പിടിഎ ഫണ്ട് ഒരാഴ്ച്ചക്കുള്ളില്‍ മടക്കി നല്‍കാം എന്നും രക്ഷിതാക്കളോട് അധ്യാപകര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പല ഒഴിവും പറഞ്ഞു മാറുകയാണ്. സ്കൂളില്‍ നിന്നും ലഭിച്ച വിവര പ്രകാരം 100 കുട്ടികളെങ്കിലും ഇത്തരത്തില്‍ ഈ വര്‍ഷം ട്രാന്‍ഫര്‍ വാങ്ങി പോയിട്ടുണ്ട്. അങ്ങനെയെങ്കില്‍ ഈയിനത്തില്‍ കുറഞ്ഞത് 50,000 രൂപ പിടിഎ ഫണ്ടിലേക്ക് അധികമായി എത്തിയിട്ടുണ്ടാകും. ഈ തുക വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതെ അനധികൃതമായി തട്ടിച്ചതായി സംശയമുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: