ന്യൂദല്‍ഹി എന്തായാലും പഴ്സില്‍ തിരുകിവെയ്ക്കാവുന്ന നോട്ടല്ല ഇ-രൂപ. നിലവിലെ കറന്‍സി നോട്ടുകളുടെ ഡിജിറ്റല്‍ രൂപമാണ് ഇ-രൂപ. ഇപ്പോഴുള്ള കറന്‍സി നോട്ടുകളുടെ അതേ മൂല്യമുള്ള ഇലക്ട്രോണിക് രൂപയാണ് ഇ-രൂപ. ഇ-റുപി, ഡിജിറ്റല്‍ രൂപ, ഡിജിറ്റല്‍ കറന്‍സി എന്നിങ്ങനെ പല പേരുകളില്‍ വിളിക്കപ്പെടുന്ന ഇലക്ട്രോണിക്സ് രൂപ സാധാരണ കറന്‍സി നോട്ടുകള്‍ പോലെ കേടുപാടുകള്‍ സംഭവിക്കില്ല, കളഞ്ഞുപോവുകയുമില്ല. അതുകൊണ്ട് തന്നെ അതിന്റെ ശാശ്വതമായ ആയുസ്സുണ്ടായിരിക്കും. 2023ല്‍ മൊബൈലിലും കമ്പ്യൂട്ടറിലും കൈമാറാവുന്ന ഒന്നായി ഇ-രൂപ മാറും.
ഒരു കാര്യം അറിയുക. രണ്ട് തരം ഇ-രൂപകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. മൊത്തമിടപാടിനുള്ള ഹോള്‍സെയില്‍ ഇ-രൂപയും ചെറിയ ഇടപാടുകള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-രൂപയും. ഇതില്‍ ഹോള്‍സെയില്‍ ഇ-രൂപ സാമ്പത്തിക സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും വലിയ ഇടപാടുകള്‍ നടത്താനുള്ളതാണ്. റീട്ടെയില്‍ ഇ-രൂപ പൊതുജനങ്ങല്ക്കുള്ളതും.
ഇതില്‍ നവമ്പര്‍ ഒന്നിന് പുറത്തിറക്കിയ ഇ-രൂപ സാധരണക്കാരുടെ ഉപയോഗത്തിനുള്ളതല്ല. ധനകാര്യ സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടിനുപയോഗിക്കുന്ന ഹോള്‍സെയില്‍ (മൊത്ത ഇടപാടിനുള്ളവ) ഡിജിറ്റല്‍ കറന്‍സി ആണ് കഴിഞ്ഞ ദിവസം പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
പരീക്ഷണത്തില്‍ ഇ-രൂപയുടെ പ്രശ്നങ്ങള്‍ പഠിക്കും. പരീക്ഷണത്തിലെ കുറവുകള്‍ പരിഹരിച്ച് പിന്നീട് ഇവ ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കും വിദേശരാജ്യങ്ങളുമായുള്ള ഇടപാടുകള്‍ക്കും ഘട്ടംഘട്ടമായി ഉപയോഗിക്കും.
റിസര്‍വ്വ് ബാങ്ക് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കിയ ഇ-രൂപയുടെ മുഴുവന്‍ പേര് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) എന്നാണ്. പരീക്ഷണാടിസ്ഥാനത്തില്‍ ഇടപാടുകള്‍ നടത്താന്‍ ഇപ്പോള്‍ ഒമ്പത് ബാങ്കുകളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്സി, ഫസ്റ്റ് ബാങ്ക്, എച്ച്എസ്ബിസി എന്നിവയാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഹോള്‍സെയില്‍ ഇ-രൂപ ഉപയോഗിക്കുന്ന ഒമ്പത് ബാങ്കുകള്‍. ബാങ്കുകള്‍ തമ്മിലുള്ള ഇടപാടുകള്‍ സുഗമമാക്കാന്‍ ഹോള്‍സെയില്‍ ഇ-രൂപ സഹായിക്കും.
അതേ സമയം യുപിഐ ഇടപാടുകളില്‍ നിന്നും ക്രിപ്റ്റോകറന്സികളില് നിന്നും ഇ-രൂപ വ്യത്യസ്തമായിരിക്കും. ഇനി 105 രാഷ്ട്രങ്ങള്‍ ഈ ഇ-രൂപ പുറത്തിറക്കാന്‍ പോവുകയാണ്. വികസിത രാജ്യങ്ങളില്‍ ചൈനയാണ് ഏറെ മുന്നേറിയിരിക്കുന്നത്. ക്രിപ്റ്റോകറന്‍സികള്‍ പാടെ നിരോധിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഇ-രൂപ പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയുടെ ലക്ഷ്യവും ഇത് തന്നെ. ക്രിപ്റ്റോകറന്‍സികളുടെ ജനപ്രിയത വര്‍ധിച്ചപ്പോഴാണ് അതിനെ തടയാന്‍ ഇന്ത്യ ഇ-രൂപ കൊണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: