ഇസ്ലാമബാദ്: മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് റാലിയ്‌ക്കിടെ വെടിയേറ്റു. വലതു കാലിനാണ് വെടിയേറ്റത്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദ് റാലിയ്‌ക്കിടെയാണ് ബുധനാഴ്ച വലതുകാലിന് വെടിയേറ്റത്. കണ്ടെയ്നര്‍ ട്രക്കില്‍ റാലിയില്‍ യാത്രചെയ്യുകയായിരുന്നു ഇമ്രാന്‍ ഖാന്‍.
ബാന്‍റേജ് കെട്ടിയ വലതുകാലുമായി മുടന്തി നടക്കുന്ന ഇമ്രാനെ വാഹനത്തില്‍ കയറ്റുന്നതിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ പരിക്ക് സാരമുള്ളതല്ലെന്നാണ് കരുതുന്നത്. വെടിവെച്ചയാളെ അറസ്റ്റ് ചെയ്തു. താഴെ നിന്നാണ് അയാള്‍ വെടിവെച്ചത്.ഇമ്രാന്‍ഖാന്‍ കണ്ടെയ്നര്‍ ട്രക്കില്‍ മുകളില്‍ നില്‍ക്കുകയായിരുന്നതിനാല്‍ കാലിനാണ് വെടിയേറ്റത്. ഷെഹ്ബാസ് ഷെരീഫ് സര്‍ക്കാരിനെതിരെ പാക് തലസ്ഥാനമായ ഇസ്ലാമബാദിലേക്ക് ലോംഗ് മാര്‍ച്ച് നടത്തുന്നതിനിടെയാണ് വസീരാബാദില്‍ വെച്ച് വെടിയേറ്റത്. ഉടന്‍ പൊതുതെരഞ്ഞെടുപ്പ് നടത്തുക എന്ന ആവശ്യമുന്നയിച്ചാണ് ഇമ്രാന്‍ഖാന്റെ ഇസ്ലാമബാദിലേക്കുള്ള പ്രതിഷേധ റാലി.
അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. പാക് സൈന്യവുമായി ഇടഞ്ഞുനില്‍ക്കുന്ന ഇമ്രാന്‍ ഖാന്‍ നഷ്ടപ്പെട്ട രാഷ്‌ട്രീയ പിന്തുണ വീണ്ടെടുക്കാനായിരുന്ന ബഹുജനറാലി പ്രഖ്യാപിച്ചത്.
ഇന്ത്യ ഈ സംഭവത്തെ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വെടിവെച്ചത് ഓട്ടോമാറ്റിക് തോക്കില്‍ നിന്നാണെന്നും കൊലയാളിയുടേത് വധശ്രമമായിരുന്നുവെന്നും തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടതെന്നും ഇമ്രാന്‍ഖാന്റെ പാര്‍ട്ടിയുടെ സീനിയര്‍ വൈസ് പ്രസിഡന്‍റ് ഫവാദ് ചൗധരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: