തിരുവനന്തപുരം: ഡിസംബര്‍ മൂന്ന് മുതല്‍ ആറ് വരെ തിരുവനന്തപുരത്ത് നടക്കുന്ന 64ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. മേള മികച്ചതാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും സഹകരണം ഉറപ്പാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കുട്ടികളുടെ കായിക വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്നുവെന്നും മറ്റേത് വിഷയം പോലെ തന്നെ പ്രാധാന്യമുള്ളതാണ് കായിക വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്താന്‍ കായിക മത്സരങ്ങള്‍ സഹായിക്കും.
തിരുവനന്തപുരം ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് കായികോത്സവം നടക്കുക. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന കായികോത്സവത്തില്‍ 98 ഇനങ്ങളിലായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍(പെണ്/ആണ്) വിഭാഗങ്ങളിലായി 2000 ത്തോളം കായികതാരങ്ങള്‍ പങ്കെടുക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന് ബാബു യോഗത്തില്‍ അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വാസു സി.കെ, തിരുവനന്തപുരം ഡി.എം.ഒ (ആരോഗ്യം) രശ്മി. എസ്, എ.സി.പി പ്രതാപന് നായര്‍, തിരുവനന്തപുരം എസ്.സി.ഇ.ആര്.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ്, സ്കോള്‍ കേരള വൈസ് ചെയര്മാന് ഡോ. പ്രമോദ്, എസ്.ഐ.എം.സി ഡയറക്ടര്‍ ജന്‍സി വര്‍ഗീസ്, വി.എച്ച്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ (ജനറല്‍) മിനി ഇ.ആര്, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: