ഗാന്ധിനഗര്‍ : മോര്‍ബി തൂക്കുപാലത്തിനായി ഉപയോഗിച്ചിരുന്ന കേബിളുകള്‍ പഴകിയതും തുരുമ്പ് പിടിച്ചതുമായിരുന്നെന്ന് കണ്ടെത്തല്‍. തൂക്കുപാല തകര്‍ന്നതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സയന്‍സ് ലാബോറട്ടറി(എഫ്എസ്എല്) നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറുന്നുണ്ടെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എച്ച്.എസ്. പഞ്ചല്‍ വാര്‍ത്താ ഏജന്‍സിയോട് വെളിപ്പെടുത്തി.
പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ കോണ്‍ട്രാക്ട് ഏറ്റെടുത്ത ഒറെവ ഗ്രൂപ്പ് പാലം മാത്രം മാറ്റി നിര്‍മിച്ചു. എന്നാല്‍ ഇതിന്റെ കേബിളുകളെല്ലാം പഴയത് നിലനിര്‍ത്തുകയായിരുന്നെന്നും എഫ്എസ്എല് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് അതേസമയം കേസിലെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകില്ലെന്ന് ഗുജറാത്തിലെ അഭിഭാഷകര്‍ അറിയിച്ചു. ഗുജറാത്തിലെ രണ്ട് ബാര്‍ അസോസിയേഷനുകള്‍ ചേര്‍ന്ന് പ്രതികള്‍ക്കായി ഹാജരാകില്ലെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ദാരൂണ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായും മോര്‍ബി ബാര്‍ അസോസിയേഷനിലെ മുതിര്‍ന്ന അഭിഭാഷകന് എ.സി. പ്രജാപതി അറിയിച്ചു.
അറ്റകുറ്റപ്പണികള്‍ കഴിഞ്ഞ് പാലം ജനങ്ങള്‍ക്കായി തുറന്നുകൊടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് തകര്‍ന്നത്. . ഛത്ത് പൂജയോടനുബന്ധിച്ച് പാലത്തില്‍ വലിയ തിരക്കും അനുഭവപ്പെട്ടു. ജനത്തിരക്ക് ഉണ്ടായിരുന്നെങ്കിലും അറ്റകുറ്റപ്പണികള്‍ കൃത്യമായി നടത്തിയിരുന്നില്ല. സമ്മര്‍ദ്ദം ഏറിയപ്പോള്‍ കേബിള്‍ പൊട്ടിയതാണെന്നും പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
സംഭവത്തില്‍ ഒറെവ ഗ്രൂപ്പിന്റെ രണ്ട് മാനേജര്‍മാര്‍, പാലം നന്നാക്കിയ രണ്ട് സബ് കോണ്‍ട്രാക്ടര്‍മാര്‍, സെക്യൂരിറ്റി ഗാര്‍ഡുകള്‍, ടിക്കറ്റ് ബുക്കിങ് ക്ലാര്‍ക്കുമാര്‍ എന്നിവരുള്‍പ്പെടെ ഒമ്പത് പേരാണ് പാലം തകര്‍ന്ന കേസില്‍ അറസ്റ്റിലായത്. മാനേജര്‍മാരെയും സബ് കോണ്‍ട്രാക്ടര്‍മാരെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, ബാക്കിയുള്ളവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: