ഡോ.പി. ശിവപ്രസാദ് ( 9447112129)
ഏതൊരു സമൂഹത്തിന്റെയും വര്‍ത്തമാനകാലത്തെ നിര്‍ണ്ണയിക്കുന്നത് ഭൂതകാലത്തെക്കുറിച്ച് ആ സമൂഹം നിര്‍മ്മിച്ചുവെച്ച ആഖ്യാനങ്ങളാണ്. ഭൂതകാലത്തെ ധനാത്മകമായുംനിഷേധാത്മകമായും സമീപിക്കാം. ലോകത്തെ പ്രബലരായ രാഷ്ട്രങ്ങളെല്ലാം കരുത്തോടെ മുന്നോട്ടുപോവുന്നത് അതത് രാഷ്ട്രങ്ങളുടെ ഭൂതകാലത്തെ ധനാത്മകമായി സ്വീകരിച്ചുകൊണ്ടാണ്. ഒരു രാഷ്ട്രം മറ്റ് രാഷ്ട്രങ്ങളുടെ മേല്‍ അധിനിവേശം നടത്തുമ്പോള്‍ ആദ്യം ചെയ്യുന്നത് അധിനിവേശിത രാഷ്ട്രങ്ങളുടെ ഭൂതകാലത്തെക്കുറിച്ച് നിഷേധാത്മക ആഖ്യാനം സൃഷ്ടിക്കലാണ്. ബ്രിട്ടന് ഭാരതത്തില്‍ സൃഷ്ടിച്ചത് ഇത്തരം നിഷേധാഖ്യാനമായിരുന്നു. ഈ അധിനിവേശതന്ത്രം സമുന്നതരായ നമ്മുടെ ദേശാഭിമാനികള്‍ തിരിച്ചറിഞ്ഞിരുന്നു. അധിനിവേശ ആഖ്യാനങ്ങളെ ഇവര്‍ പ്രതിരോധിച്ചത് ഭൂതകാലത്തിന്റെ ധനാത്മകമായ സംസ്കാരത്തില്‍നിന്നും ഊര്‍ജ്ജം സ്വീകരിച്ച് പ്രത്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടായിരുന്നു.
ഒരു രാഷ്ട്രം എന്ന നിലയില്‍ ഭൂതകാലത്തെക്കുറിച്ചുള്ള ആഖ്യാനം സമൂഹത്തിന് നല്‍കുന്നത് ആത്മവിശ്വാസത്തിന്റെ കരുത്താണ്. ഭൂതകാലപാരമ്പര്യത്തെ സമൂഹം എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് രാഷ്ട്രത്തെ സംബന്ധിച്ച് അതിന്റെ ഭാവി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഗാന്ധിജി മുന്നോട്ടുവെച്ച ധനാത്മകമായ പ്രത്യാഖ്യാനങ്ങള്ക്ക് പക്ഷേ, തുടര്‍ച്ചയുണ്ടായില്ല. എന്നുമാത്രമല്ല അതിന് നേര്‍വിരുദ്ധമായ ആഖ്യാനങ്ങളാണ് പില്ക്കാലത്ത് പ്രബലമായത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം ഭാരതത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള മറ്റൊരാഖ്യാനനിര്മ്മാണത്തിനാണ് തുടക്കം കുറിച്ചത്. ശാസ്ത്രീയമെന്നും യുക്തിസഹമെന്നും ചരിത്രപരമെന്നും വിശേഷിപ്പിക്കപ്പെട്ട നെഹ്റുവിയന്‍ ആഖ്യാനങ്ങള്‍ക്ക് തുടക്കത്തില്‍ വന്‍ പ്രചാരം ലഭിച്ചു. വൈവിധ്യങ്ങളെ എക്കാലവും സ്വീകരിച്ചിരുന്ന ഭാരതത്തിന് ഈ ആഖ്യാനങ്ങളെയും സ്വീകരിക്കാന്‍ പ്രയാസമുണ്ടായില്ല. എന്നാല്‍ നെഹ്റുവിയന്‍ ആഖ്യാനങ്ങളിലെ ലിബറലിസം പില്ക്കാലത്ത് അരാജകവാദികളുടെയും അതുവഴി വിഘടനവാദികളുടെയും കൈയിലെ ആയുധമായിത്തീര്‍ന്നു.
മാരാര്‍ തുടക്കമിട്ട പുനര്‍വായനകള്‍
ഇരുപതാം നൂറ്റാണ്ടില്‍ മഹാഭാരതത്തെക്കുറിച്ച് മലയാളത്തിലുണ്ടായ ആഖ്യാനഭേദങ്ങളെക്കുറിച്ചന്വേഷിക്കുമ്പോള് ഗാന്ധിയന്‍ ആഖ്യാനങ്ങളും നെഹ്റുവിയന്‍ ആഖ്യാനങ്ങളും തമ്മിലുള്ള പ്രത്യയശാസ്ത്രഭേദങ്ങള് പശ്ചാത്തലമാവുക സ്വാഭാവികമാണ്. സ്വതന്ത്ര്യാഖ്യാനങ്ങളായും വിവര്‍ത്തനങ്ങളായും വ്യാഖ്യാനങ്ങളായും വിമര്‍ശനങ്ങളായും മഹാഭാരതം പ്രാചീനകാലംമുതല്ക്കുതന്നെ മലയാളത്തില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. നിരണംകവികളിലൊരാളായ ശങ്കരകവിയുടെ ഭാരതമാലയില്നിന്നാണ് അതിന്റെ തുടക്കം. കാവ്യം, ചമ്പു, നാടകം, ആട്ടക്കഥ, നോവല്‍, ചെറുകഥ, നിരൂപണം എന്നിങ്ങനെ വിവിധ സാഹിത്യരൂപങ്ങളില്‍ മഹാഭാരതം മലയാളത്തില്‍ പ്രത്യക്ഷമായി. എന്നാല്‍ മഹാഭാരതത്തിന് ആദ്യമായി സ്വതന്ത്രവും വ്യത്യസ്തവുമായ ആഖ്യാനം ചമയ്ക്കുന്നത് കുട്ടിക്കൃഷ്ണമാരാരാണ്. 1950 ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ‘ഭാരതപര്യടനം’ എന്ന കൃതി മഹാഭാരതമുള്‍പ്പെടെയുള്ള ഇതിഹാസ-പുരാണ-കാവ്യ-നാടകാദി ക്ലാസ്സിക്കുകളെ വേറിട്ടു നോക്കിക്കാണുവാന്‍ പരിശീലിപ്പിച്ചു. ആ അര്‍ത്ഥത്തില്‍ ഭാരതത്തിന്റെ സാഹിത്യ ഭൂതകാലത്തെ മാറ്റിമറിച്ച ആഖ്യാനമായിരുന്നു മാരാരുടേത്. തര്‍ക്കശാസ്ത്രത്തിന്റെയും മനശ്ശാസ്ത്രത്തിന്റെയും ലാവണ്യശാസ്ത്രത്തിന്റെയും സര്‍വോപരി മാനവികബോധത്തിന്റെയും തെളിച്ചങ്ങളുപയോഗിച്ചാണ് മാരാര്‍ മഹാഭാരതത്തെ പുനര്‍വായിച്ചത്. നെഹ്റുവിയന്‍ ലിബറല്‍ ചിന്തകള്‍ കീഴടക്കിയ ആ കാലഘട്ടത്തില്‍ മാരാരുടെ നിരീക്ഷണങ്ങള്‍ക്ക് വമ്പിച്ച സ്വീകാര്യത ലഭിച്ചു. മാരാര്‍ തെളിച്ച വഴിയിലൂടെ പില്ക്കാലത്ത് പ്രതിഭാശാലികളടക്കം നിരവധിപേര്‍ വന്നു. പി.കെ.ബാലകൃഷ്ണനും എം.ടി. വാസുദേവന്‍നായരും അവരില്‍ പ്രധാനികളാണ്.
1973 ല്‍ പി.കെ.ബാലകൃഷ്ണന് രചിച്ച ‘ഇനി ഞാന്‍ ഉറങ്ങട്ടെ’ എന്ന നോവല്‍ ഭാരതപര്യടനത്തില്നിന്നും കൊളുത്തിയ നെയ്ത്തിരിയാണ്. താഴ്ന്ന സ്ഥായിയില്‍ ദുഃഖസാന്ദ്രമെന്നോണം പതിഞ്ഞു കത്തിയ ആ നോവല്‍ മലയാളഭാവന സഞ്ചരിച്ചെത്തിയ ഉയര്ന്നസ്ഥലിയാണ്. 1984 ല്‍ പ്രസിദ്ധീകരിച്ച ‘രണ്ടാമൂഴം’ എന്ന നോവല്‍ എംടിയുടെ ഉത്തമകലാസൃഷ്ടിയായിട്ടാണ് പലരും കരുതിപ്പോരുന്നത്. രണ്ടാമൂഴത്തിലെ കാഥികന്റെ പണിപ്പുരയെക്കുറിച്ച് അഭിപ്രായഭേദമുണ്ടാവാന്‍ വഴിയില്ല. എന്നാല്‍ മാരാരുടെ തര്‍ക്കബുദ്ധി എംടിക്ക് ഇല്ലാതെപോയി. കഥയുടെ ഘടനയുണ്ടായാല്‍ ഏത് ദുര്‍ബല വികാര-വിചാരങ്ങളും മലയാളി സ്വീകരിക്കും എന്ന് എം.ടി നന്നായി മനസ്സിലാക്കിയിരുന്നു. മഹാഭാരത്തെ സംബന്ധിച്ച് കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ഈ ആഖ്യാനങ്ങളുടെ ബൗദ്ധികമായ പരിമിതികള്‍ സാധാരണ മലയാളികള്‍ക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിയണമെന്നില്ല. അതിന് ആഖ്യാനങ്ങളെക്കുറിച്ചും പ്രത്യാഖ്യാനങ്ങളെക്കുറിച്ചും വ്യക്തമായ ധാരണവേണം. ഇവ പ്രവര്‍ത്തിക്കുന്ന സമൂഹത്തെക്കുറിച്ച് മുന്‍വിധിയില്ലാതെ മനസ്സിലാക്കാനുള്ള ധിഷണയുണ്ടായിരിക്കണം. തര്‍ക്കശാസ്ത്രം മുതല്‍ ലാവണ്യശാസ്ത്രംവരെ ഈ ആഖ്യാനങ്ങളിലുപയോഗിച്ച എല്ലാ വിഷയങ്ങളിലും കുറ്റമറ്റ പ്രാവീണ്യമുണ്ടായിരിക്കണം. അതിലപ്പുറം സ്വന്തമായ കാഴ്ച്ചപ്പാടുകളും ആവശ്യമാണ്. ഇത്തരത്തില്‍ ആഖ്യാന-പ്രത്യാഖ്യാനങ്ങളെ സൂക്ഷ്മരൂപത്തില്‍ തിരിച്ചറിയാന്‍ സാധിച്ച ഒരു മനീഷിയെ വൈകിയെങ്കിലും കേരളം കണ്ടു. ആ മനീഷിയാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന്.
ആഖ്യാനത്തിന്റെ ധര്മകവചം
ഭാരതദര്‍ശനം ഒരു പുനര്‍വായന’എന്ന പേരില്‍ സമകാലിക മലയാളം വാരികയില്‍ 2002 മുതല്‍ 2005 വരെ തുടര്‍ച്ചയായി പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പ്രസിദ്ധീകരിച്ച മഹാഭാരതസംബന്ധിയായ ലേഖനങ്ങളാണ് കുട്ടിക്കൃഷ്ണമാരാരില്നിന്നാരംഭിക്കുന്ന അനേകം ആഖ്യാനങ്ങള്‍ക്ക് പ്രത്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചത്. ഈ ലേഖനങ്ങള്‍ 2009 ല്‍ ‘മഹാഭാരതപര്യടനം ഭാരതദര്‍ശനം ഒരു പുനര്‍വായന’ എന്ന പേരില്‍ പുസ്തകമായി. മാരാരുടെ ഭാരതപര്യടനത്തില്‍ വിഗ്രഹഭഞ്ജകത്വമാണുള്ളത്. തുറവൂരിന്റെ മഹാഭാരതപര്യടനത്തിലാവട്ടെ മാരാര്‍ തകര്‍ത്ത വിഗ്രഹങ്ങളെ പുനര്‍നിര്‍മ്മിക്കുന്നു. തകര്‍ക്കലിന്റെ കലയാണ് മാരാരില്‍ നാം കാണുന്നത്. അതിനായി അദ്ദേഹം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് താര്ക്കികയുക്തികളയാണ്. ധര്‍മ്മദേവന്റെ പുത്രനായ യുധിഷ്ഠിരനെന്ന വിഗ്രഹത്തെയാണ് മാരാര്‍ പ്രധാനമായും തകര്‍ക്കുന്നത്. യുധിഷ്ഠരന് തകരുമ്പോള്‍ യുധിഷ്ഠിരനെ പിന്തുണച്ചവര്‍ക്ക് മാറ്റ് കുറയുകയും എതിര്‍ത്തവര്‍ക്ക് മാറ്റ് കൂടുകയും ചെയ്യുക സ്വാഭാവികമാണ്. ‘
നേശേ ബലസ്യേതി ചരേദധര്‍മ്മം’ എന്ന മാര്‍ക്കണ്ഡേയ വാക്യത്തിലൂന്നിനിന്നുകൊണ്ടാണ് അതിവിസ്തൃതവും അഗാധവുമായ മഹാഭാരതസമുദ്രത്തെ മാരാര്‍ കടയുന്നത്. ഭാരതസമുദ്രമഥനത്തില്നിന്നും മാരാര്‍ക്ക് പക്ഷേ, പവിഴങ്ങളോടൊപ്പം പാഴ്വസ്തുക്കളും ലഭിച്ചു. അര്‍ജ്ജുനവിഷാദയോഗവും യുദ്ധത്തിന്റെ പരിണാമവും പവിഴങ്ങളാണ്. എന്നാല്‍ യുധിഷ്ഠരനെ ഇകഴ്ത്താന്വേണ്ടിമാത്രം ഭീഷ്മ-കര്‍ണ്ണ-ദുര്യോധനാദികളുടെ മഹത്വം ഉരച്ചുനോക്കുന്നിടത്ത് മാരാരുടെ കയ്യില്‍ തടഞ്ഞത് പാഴ്വസ്തുക്കളാണ്. താന്‍ ബലത്തിനാളെല്ലെന്നു വന്നാല്‍ അധര്‍മ്മം ചെയ്യാം എന്ന മാര്‍ക്കണ്ഡേയ വാക്യത്തിന്റെ വാച്യാര്ത്ഥത്തിന് മാരാര്‍ നല്കുന്ന ലാക്ഷണികാര്‍ത്ഥം ഇങ്ങനെയാണ്- തനിക്ക് ബലമില്ലെന്ന് തോന്നുമ്പോള്‍ ചെയ്യുന്ന പ്രവൃത്തിയെല്ലാം അധര്‍മ്മമായിരിക്കും. അതിന്റെ വ്യഞ്ജനത്തിലേക്കെത്തുമ്പോഴാവട്ടെ, കഴിവുകെട്ട യുധിഷ്ഠിരന് ചെയ്തതെല്ലാം അധര്‍മ്മമാണ് എന്നും. മാരാരുടെ ഈ വ്യാഖ്യാനമാണ് പ്രൊഫ. തുറവൂര്‍ സമര്‍ത്ഥമായി ചോദ്യം ചെയ്യുന്നത്.
വേദോപനിഷത്തുക്കളുടെ ധാര്മ്മികാടിത്തറയില്നിന്നുകൊണ്ടാണ് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് മാരാരെ നേരിടുന്നത്. ആയുധങ്ങളാവട്ടെ മാരാര്‍ ഉപയോഗിക്കുന്നതുതന്നെ- തര്‍ക്കം, ന്യായം, മാനവികത, രാഷ്ട്രതന്ത്രം, ലാവണ്യശാസ്ത്രം, മനശ്ശാസ്ത്രം തുടങ്ങിയവ. യുധിഷ്ഠിരന്റെ നേര്‍ക്ക് മാരാര്‍ പ്രയോഗിക്കുന്ന ആഗ്നേയാസ്ത്രങ്ങളെയെല്ലാം തുറവൂര്‍ വരുണാസ്ത്രംകൊണ്ട് പ്രതിരോധിക്കുന്നു. ചൂതുകളിക്കമ്പമെന്ന ദൗര്‍ബല്യം മുതല്‍ ദ്രോണഹത്യയ്ക്കായി പറഞ്ഞ അസത്യകഥനംവരെയുള്ളവ ചൂണ്ടിക്കാട്ടി മാരാര്‍ യുധിഷ്ഠിരനെ പ്രതിരോധത്തിലാക്കുന്നു. ഈ അവസരത്തില്‍, വര്ത്തമാനകാലത്തുനിന്നുകൊണ്ട് സാമാന്യയുക്തിയുപയോഗിച്ചുമാത്രം മനസ്സിലാക്കാന്‍ പറ്റുന്ന ഒന്നല്ല യുധിഷ്ഠിരന്റെ സങ്കീര്ണ്ണവ്യക്തിത്വമെന്ന് പ്രൊഫ. തുറവൂര്‍ കവചമൊരുക്കുന്നു. തുറവൂരിന്റെ കവചത്തിന് ബലം നല്‍കുന്നത് മഹാഭാരതകാലത്തെ ധര്‍മ്മസംഹിതകളാണ്. ചൂത് പരോക്ഷമായ യുദ്ധപ്രഖ്യാപനമാണെന്നും അത് സ്വീകരിക്കുക എന്നത് ക്ഷാത്രധര്മ്മമാണെന്നും അദ്ദേഹം പറയുന്നു. അസത്യകഥനം തെറ്റാണെങ്കിലും ആത്യന്തികമായ ധര്മ്മസംരക്ഷണത്തിനാകയാല് അത് ശരിയുടെ പക്ഷത്താണെന്നും അദ്ദേഹം സമര്‍ത്ഥിക്കുന്നു.
ഭീഷ്മരുടെ ധര്‍മവിലോപങ്ങള്‍
വ്യാസഭാരതത്തിലെ യുധിഷ്ഠരന്റെ ചുറ്റുമുള്ള പ്രകാശവലയത്തെ കെടുത്താനായി മാരാര്‍ തര്‍ക്കശാസ്ത്രത്തിലെ ബാലപാഠമാണ് ഉപയോഗിക്കുന്നത്. ഒരു വര ചെറുതാക്കാന്‍ തൊട്ടടുത്ത് വലിയവര വരയ്ക്കുന്ന ബാലപാഠം. യുധിഷ്ഠരനെ കഴിവുകെട്ടവനായി ചിത്രീകരിക്കാന്‍ ഭീഷ്മ-കര്‍ണ്ണ-ദുര്യോധനാദി പാത്രങ്ങള്‍ക്ക് മാരാര്‍ ഉജ്ജ്വലശോഭ നല്കുന്നതുകാണാം. ഇവിടെയാണ് മാരാരുടെ തര്‍ക്കബുദ്ധി പ്രദര്‍ശിപ്പിക്കുന്ന ബാലാരിഷ്ഠതകളെ തുറവൂര്‍ തുറന്നുകാട്ടുന്നത്. മാരാരുടെ ആയുധങ്ങളുപയോഗിച്ചുകൊണ്ടുതന്നെ ഭീഷ്മ-കര്‍ണ്ണ-ദുര്യോധനാദികള്‍ക്ക് പ്രൊഫ. തുറവൂര്‍ പത്മവ്യൂഹമൊരുക്കുന്നു. പ്രൊഫ. തുറവൂരിന്റെ ഭീഷ്മോപലംഭം ശ്രദ്ധേയമാണ്. മൂന്ന് ധര്മ്മവിലോപങ്ങളാണ് ഭീഷ്മര്‍ക്ക് സംഭവിച്ചതെന്ന് അദ്ദേഹം പറയുന്നു. യൗവനത്തിന്റെ ആവേശത്തില്‍ സ്വയം ത്യജിച്ച രാജ്യാധികാരം പരോക്ഷമായെങ്കിലും മരണംവരെ അനുഭവിച്ചു എന്നതാണ് ഒന്നാമത്തേത്. ദായക്രമമനുസരിച്ച് പാണ്ഡവര്‍ക്ക് മാത്രം അവകാശമുള്ള രാജ്യം അതറിഞ്ഞുകൊണ്ടുതന്നെ രണ്ടായി ഭാഗിച്ചു എന്നത് രണ്ടാമത്തേത്. പാണ്ഡവരെ അരക്കില്ലത്തില്‍ ചുട്ടുകൊല്ലാന്‍ പദ്ധതിയിട്ട കൗരവര്‍ക്ക് ശിക്ഷകൊടുത്തില്ല എന്നത് മൂന്നാമത്തേത്. ഈ മൂന്ന് ധര്മ്മവിലോപവും ചൂണ്ടിക്കാട്ടി ഭീഷ്മരുടെ വ്യക്തിത്വത്തിന്റെ അധികമാരും കടന്നുചെല്ലാത്ത മറ്റൊരുവശത്തേക്ക് പ്രൊഫ. തുറവൂര്‍ പോവുന്നു. വാസ്തവത്തില്‍ പിതാവായ ശന്തനുവിന്റെ ആഗ്രഹം സധൈര്യം നിറവേറ്റിക്കൊടുത്തതാണല്ലോ ഗാംഗേയനെ ഭീഷ്മരാക്കി മാറ്റിയത്. ഇത് ക്ഷാത്രധര്‍മ്മത്തിനോ പുത്രധര്‍മ്മത്തിനോ അനുഗുണമല്ല എന്നാണ് തുറവൂര്‍ വാദിക്കുന്നത്. ഗാംഗേയന് ക്ഷത്രിയനാണ്, രാജ്യഭരണമാണ് അദ്ദേഹത്തിന്റെ ദൗത്യം. എന്നാല്‍ അതില്‍നിന്നും അദ്ദേഹം പിന്‍വാങ്ങി. പിതാവിന്റെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കാനാണ് തന്റെ ക്ഷാത്രധര്‍മ്മം വെടിഞ്ഞതെങ്കില് അവിടെയും ഗാംഗേയന് നിലയില്ല. പിതാവിന്റെ അസ്ഥാനത്തുള്ള ആഗ്രഹം നിവര്ത്തിച്ചുകൊടുക്കലല്ല പുത്രധര്‍മ്മം. പ്രൊഫ. തുറവൂരിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പ്രമേഹരോഗിയായ പിതാവിന്റെ ആഗ്രഹം മാനിച്ച് അദ്ദേഹത്തിന് മധുരം നല്കിയ പുത്രനാണ് ഗാംഗേയന്. ചുരുക്കത്തില്‍ ഭീഷ്മരുടെ പ്രതിജ്ഞ ക്ഷാത്രധര്‍മ്മത്തിനോ പുത്രധര്‍മ്മത്തിനോ മാതൃകയല്ലെന്ന് തുറവൂര്‍ വ്യക്തമാക്കുന്നു. ധര്‍മ്മപുത്രരെ ഇകഴ്ത്താനായി മാരാര്‍ മഹത്വവല്ക്കരിച്ചവതരിപ്പിക്കുന്ന ഭീഷ്മരെയാണ് തുറവൂര്‍ ഇവിടെ എയ്തുവീഴ്ത്തുന്നത്.
കര്‍ണ്ണനെ ദുരന്തനായകനാക്കി മഹത്വവല്‍ക്കരിക്കുക എന്നതാണ് മാരാര്‍ ഏറ്റെടുത്ത മറ്റൊരു ദൗത്യം. കര്ണ്ണന് ദുരന്തകഥാപാത്രംതന്നെ, സംശയമില്ല. എന്നാല്‍ കര്ണ്ണന് ദ്രൗപതിയോട് കാണിച്ച അനീതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് പ്രൊഫ. തുറവൂര്‍ പറയുന്നു. മാത്രമല്ല കര്ണ്ണന് ധര്‍മ്മത്തേക്കാള്‍ വലുത് സൗഹൃദമായിരുന്നു. അതും കുലദ്രോഹിയും നീചനുമാണെന്ന് കൃഷ്ണനുള്‍പ്പെടെ എല്ലാവരും ചുണ്ടിക്കാട്ടിയ ദുര്യോധനനുമായി. കര്‍ണ്ണന്റെ ഇത്തരം പരിമിതികള്‍ ചൂണ്ടിക്കാട്ടി തുറവൂര്‍, മാരാരെ പ്രതിരോധിക്കുന്നു. ഇതുപോലെ ഗാന്ധാരിയുടെ മനോഭാവത്തിലെ സങ്കുചിതത്വം ചൂണ്ടിക്കാട്ടി കൗരവരുടെ പരമ്പരയെ പ്രതിസ്ഥാനത്ത് നിര്‍ത്താനും അദ്ദേഹത്തിന് കഴിയുന്നുണ്ട്. പലപ്പോഴും ഏകലവ്യനോട് ഗുരുദക്ഷിണ ആവശ്യപ്പെട്ടതിന്റെ പേരില്‍മാത്രം പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന ദ്രോണരെ പുതിയ വെളിച്ചമുപയോഗിച്ചാണ് തുറവൂര്‍ പരിശോധിക്കുന്നത്. ഈ സന്ദര്‍ഭം അദ്ദേഹത്തിന്റെ തര്ക്കശാസ്ത്രവൈദഗ്ദ്ധ്യത്തിന് തെളിവാണ്.
ദുരാഖ്യാനങ്ങള് ചെയ്യുന്നത്
മാരാരുടെ അമ്പുകളെ പ്രതിരോധിക്കുന്നതിനിടയില്‍ മാരാരില്‍നിന്നും ഊര്‍ജ്ജംകൊണ്ട് മാരാരെക്കാള്‍ ആവേശത്തോടെ നില്ക്കുന്ന പി.കെ.ബാലകൃഷ്ണനെയും എം.ടി.യേയും തുറവൂര്‍ വെറുതെവിടുന്നില്ല. പി.കെ. ബാലകൃഷ്ണന്റെ കര്ണ്ണന് ദുരന്തനായകനാണ്. ഇതിഹാസത്തിന്റെ ഭാവഗാംഭീര്യം നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് അദ്ദേഹം കര്‍ണ്ണനെ പുനരാനയിക്കുന്നത്. എന്നാല്‍ കര്‍ണ്ണന്റെ ദുരന്തജീവിതം ചിത്രീകരിക്കുന്നതിനിടയില്‍ കര്ണ്ണന് സംഭവിക്കുന്ന ധര്മ്മശോഷണത്തെ അദ്ദേഹം കാണുന്നേയില്ല. ഇതാണ് തുറവൂരിന്റെ പരാതി. എം.ടി. യാവട്ടെ തന്റെ മൗലികമായ കഥനശൈലികൊണ്ട് ആകര്‍ഷകമാക്കിയാണ് ഭീമസേനനെ അവതരിപ്പിക്കുന്നത്. പക്ഷേ ഇതിഹാസത്തിന്റെ അന്തരീക്ഷത്തിലല്ല, മറിച്ച് തന്റെ നാട്ടിന്‍പുറത്തെ തറവാട്ടില്‍ നടക്കുന്ന കുടുംബകലഹത്തിന്റെ അന്തരീക്ഷത്തിലാണ് അദ്ദേഹം നോവലൊരുക്കിയിരിക്കുന്നത്. അവിടെ ധര്‍മ്മപുത്രര്‍ വേശത്തെരുവിലെ ചൂതുകളിഭ്രാന്തന് മാത്രമാണ്. ശകുനി സമര്‍ത്ഥമായി ചൂതുകളിക്കുന്നയാളാണ്. ഭീമസേനനാവട്ടെ എല്ലാം തികഞ്ഞവനെങ്കിലും എപ്പോഴും രണ്ടാമനായവന്. എംടിയുടെ രണ്ടാമൂഴത്തിന് ഇതിഹാസകാവ്യത്തോട് വലിയ ബന്ധമില്ല. അതിനാല്‍തന്നെ തുറവൂര്‍ രണ്ടാമൂഴത്തിന് അത്രപ്രാധാന്യം നല്‍കിയിട്ടില്ല.
മഹാഭാരതത്തെ കേന്ദ്രമാക്കി കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ ആഖ്യാനങ്ങളെല്ലാം പൊതുവായി മുന്നോട്ടുവയ്ക്കുന്നത് വിഗ്രഹകഭഞ്ജകത്വമാണ്. നെഹ്റുവിയന്‍ കാലത്തെ ലിബറല്‍ ചിന്താഗതി ഈ സമീപനത്തെ ജനകീയമാക്കി. എന്നാല്‍ പില്ക്കാലത്ത് ഈ സമീപനം അപകടകരമാംവിധം ദുര്‍വ്യാഖ്യാനങ്ങളിലേക്ക് പോയിട്ടുണ്ട്. മഹാഭാരതയുദ്ധത്തെ സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ ആളും ആയുധവുംകൊടുത്ത് പ്രോത്സാഹിപ്പിക്കുന്ന മൂന്നാംലോകരാജ്യങ്ങളിലെ കിടമത്സരമായി കാണണമെന്ന വ്യാഖ്യാനം അതിലൊന്നാണ്. സാക്ഷാല്‍ ശ്രീകൃഷ്ണന് ഇവിടെ സാമ്രാജ്യത്വതാല്പ്പര്യമുള്ള ബൂര്‍ഷ്വാ ആവുന്നു. ശകുനിയും ദുര്യോധനനും ദുശ്ശാസനനും അവകാശങ്ങളെക്കുറിച്ച് ബോധ്യമുള്ള നായകരാവുന്നു. ഇങ്ങനെ വ്യവസ്ഥാപിത മൂല്യങ്ങളെയെല്ലാം തകര്‍ത്ത് സമൂഹത്തെ അരാജകത്വത്തിലേക്ക് നീക്കിനിര്‍ത്താന്‍ വളരെ ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ട ആഖ്യാനങ്ങളായി ഇവ മാറുന്നു. ഭാരതത്തിന് ഒരിക്കലും അഭിമാനിക്കാന്‍ കഴിയുന്ന ഭൂതകാലമുണ്ടായിരുന്നില്ലെന്ന് ഈ ആഖ്യാനങ്ങളെല്ലാം തീരുമാനിക്കുന്നു. ഇത്തരത്തില്‍ വികലവും വിഘടനവാദപരവുമായ ആഖ്യാനങ്ങളാണ് ലിബറല്‍ ആശയങ്ങളുടെ പിന്‍ബലത്തില്‍ ഇവിടെയുണ്ടായത്. ഇത്തരം ദുരാഖ്യാനങ്ങളെ പ്രതിരോധിക്കേണ്ടത് അവയ്ക്ക് പ്രത്യാഖ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടാണ്. മഹാഭാരത പര്യടനം എന്ന കൃതിയിലൂടെ പ്രൊഫ.തുറവൂര്‍ വിശ്വംഭരന് ചെയ്തത് അതാണ്.
(പ്രൊഫസര്‍ തുറവൂര്‍ വിശ്വംഭരന് സ്മൃതിദിനത്തില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച മഹാഭാരതസമീക്ഷയില് അവതരിപ്പിച്ചത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: