കോയമ്പത്തൂര്‍: കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിനു സമീപം കാര്‍ബോംബ് പൊട്ടി ചാവേര്‍ മരിച്ച സംഭവത്തിലെ കേരള ബന്ധം കൂടുതല്‍ വെളിവായി. ചാവേറായ ജമീഷ മുബിനും അറസ്റ്റിലായ കൂട്ടുപ്രതി ഫിറോസ് ഇസ്മയിലും പല തവണ കേരളം സന്ദര്‍ശിച്ചതായി പോലീസ് കണ്ടെത്തി.
ചികിത്സയുടെ പേരില്‍ മുബിന് പല തവണ കേരളത്തിലെത്തിയിരുന്നതായി കോയമ്പത്തൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ വി. ബാലകൃഷ്ണന് അറിയിച്ചു. ചികിത്സയുടെ മറവില്‍ ഇയാള്‍ കേരളത്തില്‍ ഭീകര പ്രവര്‍ത്തനം നടത്തിയിരുന്നതായും പോലീസ് സംശയിക്കുന്നു. കേസില്‍ ആറു പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് കസ്റ്റഡിയിലെടുത്ത അഞ്ചു പേരെ ചോദ്യം ചെയ്തുവരുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം പിടിയിലായ അഫ്സര്‍ ഖാനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ദീപാവലി ദിനത്തില്‍ ജനത്തിരക്കുള്ള ഏതെങ്കിലും ക്ഷേത്രം ആക്രമിച്ച് അനവധി പേരെ കൂട്ടത്തോടെ കൊന്നൊടുക്കുകയായിരുന്നു മുബിന്റെ ലക്ഷ്യം.
അറസ്റ്റിലായ മറ്റൊരു പ്രതി ഫിറോസ് ഇസ്മയിലും കേരളം സന്ദര്‍ശിച്ചിരുന്നതായി പോലീസ് അറിഞ്ഞിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദീന്‍, റാഷിദ് അലി എന്നിവരെ കാണാനാണ് ഇയാള്‍ കേരളത്തിലെത്തിയത്. സ്ഫോടക വസ്തുക്കള്‍ ഓണ്‍ലൈനിലാണ് വാങ്ങിയതെങ്കിലും കുറച്ചു ഭാഗം കേരളത്തില്‍ നിന്ന് വാങ്ങിയതായും പോലീസ് സംശയിക്കുന്നു. ഇസ്ലാമിയ പ്രചാര പേരവൈ എന്ന, അധികം അറിയെപ്പടാത്ത തീവ്രവാദ സംഘടനയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാമനാഥപുരം ഏര്‍വാടി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, ഈ സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുള്‍ ഖാദര്‍, മറ്റൊരു ഭാരവാഹി മുഹമ്മദ് ഹുസൈന് മമ്പായി എന്നിവരെ ചോദ്യം ചെയ്യുന്നു. ഹുസൈന് ട്രാവല്‍ ഏജന്‍സി നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: