ആകാശ സീമകളെ അതിവേഗം പിന്നിട്ട് അറബിയുടെ പുഷ്പക വിമാനം പറന്നുകൊണ്ടേയിരുന്നു. ജാലകച്ചില്ലുകള്‍ക്കപ്പുറം നരച്ച നീലനിറം മാത്രം വര്‍ണങ്ങളും വസന്തവുമില്ലാത്ത അവന്റെ ജീവിതം പോലെ.
വിമാനത്തിനുള്ളില്‍ സുന്ദരികളായ വ്യോമയാന പരിചാരികമാര്‍ അങ്ങോട്ടുമിങ്ങോട്ടും ധൃതിയില്‍ നടക്കുന്നുണ്ട്. അയാള്‍ തന്റെ ഇരിപ്പിടബന്ധം അല്പ്പമൊന്നയച്ച് ആയാസരഹിതമായി പിന്നിലേക്കു ചാരിയിരുന്നു.
ചിന്തകള്‍ പിന്നിലേക്കു പായുകയാണ്.
ഇരുപത്തിയെട്ടുവര്ഷത്തേ വനവാസം കഴിഞ്ഞുള്ള മടക്കയാത്ര. ജന്മനാട്ടിലേക്ക് അവിടെ ചെങ്കോലും കിരീടവും തിരിച്ചേല്‍പ്പിക്കാന്‍ അനിയന്മാരോ മണ്‍ചിരാതുകളില്‍ ദീപാവലിയൊരുക്കി എതിരേല്ക്കാന് പൗരാവലിയേ കാത്തിരിപ്പില്ല.
എങ്കിലും വന്നേ പറ്റൂ. അതൊരു നിയോഗമാണ്.
ജീവിതത്തിന്റെ കണക്കു പുസ്തകത്തില്‍ അയാള്‍ക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേടിയതൊക്കെയും തനിക്കുവേണ്ടിയായിരുന്നില്ല.
ഇദം ന മമഃ എന്നാണല്ലോ?
പക്ഷേ, ബന്ധങ്ങളൊക്കെയും വെറും മായക്കാഴ്ചകള്‍ മാത്രമാണെന്നു തിരിച്ചറിയാന്‍ വൈകി. തന്റെ വിയര്‍പ്പിന്റെ വിലകൊണ്ട് കൂടപ്പിറപ്പുകളൊക്കെ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തപ്പോള്‍ സ്വന്തമായൊന്നും നീക്കിവയ്ക്കാന്‍ മറന്നു.
ഒന്നിലും ദുഃഖമില്ല. തന്റെ സീതയുടെ നഷ്ടമൊഴിച്ച് ജീവിതത്തിന്റെ വഴിയില്‍ ഇടയ്ക്കു കളഞ്ഞുപോയ തന്റെ ജാനകി. അവളോടു മാത്രം നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്നോര്‍ക്കുമ്പോള്‍ നെഞ്ചിലൊരു നീറ്റല്‍.
മൂന്നു പതിറ്റാണ്ട് മുമ്പൊരു വനയാത്രയിലാണവളേ കണ്ടുമുട്ടുന്നത്.
ഒരിടവപ്പാതി കാലത്ത് പതഞ്ഞൊഴുകുന്ന പെരുന്തേനരുവി കാണാന്‍ പോയപ്പോള്‍….പമ്പാ നദിയിലെ പെരുന്തേനരുവി മനോഹരമായ വെള്ളച്ചാട്ടമാണ്. പ്രത്യേകിച്ചും മഴക്കാലത്ത്. പാറക്കെട്ടുകളില്‍ നിന്നും താഴേക്കു പതിക്കുന്ന പമ്പ. ഒരു ഭാഗം ഘോരവനവും മറുകര വിമുക്തഭടന്മാര്ക്കു പതിച്ചുകിട്ടിയ കൃഷി ഭൂമിയും. നയനാനന്ദകരമായ ആ കാഴ്ച കാണാന്‍ തീരുമാനിച്ചപ്പോള്‍ കൂടെ അനുജനും വിശ്വാമിത്രനെപ്പോലെ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഗോപാല സ്വാമിയും. നാട്ടുകാരൊക്കെ ഗോപാലന് കൊച്ചേട്ടന് എന്നുവിളിക്കുമെങ്കിലും അദ്ദേഹം സ്വയം വിളിക്കുന്നത് ഗോപാല സ്വാമിയെന്നാണ്.
രാവിലെ തന്നെ യാത്ര ആരംഭിച്ചു. റാന്നി വഴി അത്തിക്കയം വരെയേ ബസ്സ് പോകൂ. പിന്നീടങ്ങോട്ട് നടക്കണം. ബസ്സില്‍ നിന്നിറങ്ങിയതും കൊച്ചേട്ടന് പറഞ്ഞു. ”ഡാ മക്കളേ നമുക്കു വല്ലതും കഴിക്കേണ്ടേ? എന്റെ കയ്യില്‍ കുറുന്തോട്ടിയൊന്നുമില്ല.”
അതു കേട്ടതും അനുജന് ചോദിച്ചു.
”അതെന്താ കൊച്ചേട്ടാ കുറുന്തോട്ടി?”
”അതോ പറയാം. പണ്ട് ശ്രീരാമലക്ഷ്മണന്മാരേ വനത്തിലേക്കു കൊണ്ടുപോകുമ്പോള്‍ അവര്‍ക്ക് വിശപ്പും ദാഹവും തോന്നാതിരിക്കാന്‍ മഹര്‍ഷി രണ്ടു മന്ത്രങ്ങള്‍ ഉപദേശിച്ചു, ബലയും അതിബലയും. അതുതന്നെ കുറുന്തോട്ടിയും ആനക്കുറുന്തോട്ടിയും”
അതുകേട്ടവന്‍ കൂടുകുടെ ചിരിച്ചുകൊണ്ട് അടുത്തുകണ്ട ചായക്കടയിലേക്കു കയറി. എല്ലാവരും ഭക്ഷണം കഴിച്ച് കുറച്ച് പൊതിഞ്ഞുവാങ്ങി. ഇനി ആറുമൈല്‍ നടക്കണം, ഇടയ്ക്കു വിശന്നാലോ?
എല്ലാവരുംകൂടി നടന്ന് ആദ്യം കട്ടിക്കല്ലരുവിയിലെത്തി. അവിടെയിരുന്നു വിശ്രമിക്കുമ്പോള്‍ സ്വാമി കൊച്ചേട്ടന് ചക്കന്‍ വേലന്റെ കഥ പറഞ്ഞു. ശക്തന് എന്ന ചക്കന്‍ വേലന്‍ ഒരു തനി കാട്ടാളനായിരുന്നു. കാട്ടുമൃഗങ്ങളെ പിടിച്ചു ചുട്ടുതിന്നുക. നാടന്‍ ചാരായം കുടിച്ച് നാട്ടുകാരേ ഉപദ്രവിക്കുക. ഒക്കെ അവന്റെ വിനോദങ്ങളായിരുന്നു. സഹികെട്ട ദേശവാസികള്‍ മദ്യംകൊടുത്ത് മയക്കി, തീയിലിട്ടു പഴുപ്പിച്ച മുപ്പല്ലികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച ആറുപേരെ രണ്ടുകക്ഷത്തിലുമമര്ത്തി കട്ടിക്കല്ലരുവിയുടെ അഗാധതയിലേക്കു താണുപോയി. ഇന്നും ചില രാത്രികളില്‍ ചക്കന്റെ അലര്‍ച്ച കേള്‍ക്കാറുണ്ടത്രേ.
കഥ കേട്ടുകഴിഞ്ഞ് വീണ്ടും യാത്ര. ഇടവപ്പാതി കാലമായതുകൊണ്ട് പമ്പ നിറഞ്ഞൊഴുകുകയാണ്. പാറകളില്‍ തട്ടി വെള്ളം പതഞ്ഞൊഴുകുന്നതിന്റെ ആരവം കാരണം തമ്മില്‍ സംസാരിക്കുന്നതൊന്നും കേള്‍ക്കാന്‍ പറ്റുന്നില്ല. ഉച്ചയടുക്കാറായ നേരത്ത് പെരുന്തേനരുവിയിലെത്തി. വളരെ ഉയരത്തില്‍ നിന്നും വെള്ളം ശക്തിയായി താഴേക്കു പതിക്കുന്നതും, ജലകണങ്ങള്‍ തെറിച്ചുവീഴുമ്പോള്‍ വിരിയുന്ന മഴവില്ലും വളരെ മനോഹരമായ കാഴ്ച. ഉരുളന്‍ പാറകളില്‍ ചാടി നടക്കുമ്പോഴേ കൊച്ചേട്ടന് പറഞ്ഞു ”സൂക്ഷിക്കണം മഴക്കാലമാണ് പായല്‍ പിടിച്ച പാറകളില്‍ തെറ്റി കുഴികളിലെങ്ങാന് വീണാല്‍ രക്ഷപ്പെടില്ല.”
പക്ഷേ അതു പറഞ്ഞു കഴിഞ്ഞതും താനൊരു കുഴിയിലേക്കു തെറ്റി വീണതും ഒന്നിച്ചായിരുന്നു. പകുതിയോളം വെള്ളമുള്ള കിണറുപോലൊരു കുഴി. വശങ്ങളൊക്കെ മെഴുകു തേച്ചു മിനുക്കിയതുപോലുള്ള പ്രതലം. ഒന്നു പിടിച്ചുനില്ക്കാന് പോലും പറ്റുന്നില്ല. എത്ര ആഴമുണ്ടെന്നറിയില്ല. പോരാത്തതിന് അടിയൊഴുക്കും. മുകളില്‍ എന്തൊക്കെയോ ശബ്ദം കേള്‍ക്കാം. ഒന്നും വ്യക്തമല്ല. കൈകള്‍ തളരുന്നു, എത്ര നേരം ഇങ്ങനെ പകച്ചു നില്ക്കാന് പറ്റുമെന്നറിയില്ല. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങള്‍. പുറത്തെന്തോ ഇഴയുന്നതുപോലെ ഒരു തോന്നല്‍. വല്ല പാമ്പുമായിരിക്കും. തട്ടിമാറ്റാന്‍ നോക്കിയപ്പോഴാണു മനസ്സിലായത് അതൊരു കയറായിരുന്നു. അതില്‍ പിടിച്ചു കയറി. കുറേ നേരത്തേക്ക് ഒന്നും പറയാന്‍ കഴിഞ്ഞില്ല.
പിന്നെയാണറിഞ്ഞത്. അനിയന്റെയും കൊച്ചേട്ടന്റെയും നിലവിളികേട്ട് ഓടിവന്ന ഒരു പെണ്‍കുട്ടി തന്റെ പശുവിന്റെ കഴുത്തിലെ കയറഴിച്ച് ഇട്ടുതരികയായിരുന്നു. ഒരു നന്ദി വാക്കുപോലും പ്രതീക്ഷിക്കാതെ തിരിഞ്ഞു നടന്ന ആ പെണ്‍കുട്ടിയുടെ ചിരിക്കുന്ന മുഖമായിരുന്നു തിരിച്ചുള്ള യാത്രയില്‍.
മാസങ്ങള്‍ക്കു ശേഷം തെരഞ്ഞുപിടിച്ചു ചെന്ന് ആ പെണ്‍കുട്ടി-സീതയെ-തന്റെ ജീവിത സഖിയാക്കുകയായിരുന്നു.
തുടക്കം മുതലേ വീട്ടുകാര്‍ക്കും അവളെ ഇഷ്ടമായിരുന്നില്ല. അവരുടെ പല കണക്കുകൂട്ടലുകളും തെറ്റിച്ചു കയറിവന്നവളാണല്ലോ അവള്?
എന്നും അത്താഴം കഴിഞ്ഞാല്‍ ഉമ്മറത്തൊരു സമ്മേളനമുണ്ട്. കുടുംബാംഗങ്ങളൊക്കെയുണ്ടാവും. താനില്ലാത്ത നേരത്തൊക്കെ അമ്മ അച്ഛനോടു പറയാറുണ്ടത്രേ. ”മക്കളില്‍ മൂത്തവനല്ലേ അവന്… അവനൊന്നക്കര പറ്റിയാലേ ഇളേത്തുങ്ങള് ഒരു കരപറ്റൂ. നിങ്ങളവോടു പറയണം. ഇപ്പോഴാണെങ്കില്‍ മംഗലത്തേ ശശി വന്നിട്ടുണ്ട്. അവന് വിസ സംഘടിപ്പിച്ചു തരും.” നിങ്ങള്‍ പറഞ്ഞാലവന്‍ കേള്‍ക്കും.
അതിനച്ഛന് പറഞ്ഞ മറുപടി.
”ഞാനെങ്ങനവനോടു പറയും. കല്യാണം കഴിഞ്ഞിട്ടിത്രയ്ക്കിത്ര നാളല്ലേ ആയുള്ളൂ?”
”ഓ അതിലെന്തായിത്ര പുതുമ. എങ്ങുമില്ലാത്ത കാര്യമൊന്നുമല്ലല്ലോ! അമ്മ പറഞ്ഞു.
ഒടുവില്‍ അച്ഛന് വിളിച്ചു. കാര്യം പറഞ്ഞു.
തനിക്ക് കാനനവാസം. അമ്മ ഒന്നുമറിയാത്ത മട്ടില്‍ നടന്നു. അല്ലെങ്കില്‍ തന്നെ അമ്മയ്ക്ക് ഒരേസമയം കൈകേയിയുടെയും കൗസല്യയുടെയും മനസ്സായിരുന്നല്ലോ!
ചുട്ടുപഴുത്ത മണലാരണ്യത്തിലേക്ക് ഏകനായി യാത്ര തിരിക്കുമ്പോള്‍ തന്റെ സീത കതകിനു മറഞ്ഞുനിന്നു കരയുകയായിരുന്നു. അവളുടെ കണ്ണുനീരിനു പക്ഷേ തന്റെ യാത്ര മുടക്കാനായില്ല. ബന്ധങ്ങളുടെ ബന്ധനം സ്വയം വാരിച്ചുറ്റി മുന്നോട്ടുപോകുമ്പോള്‍ അവളുടെ കണ്ണുനീര് കണ്ടില്ലെന്നു നടിച്ചു.
മനസ്സും ശരീരവും ഒരുപോലെ ചുട്ടുപഴുക്കുമ്പോള്‍ ഒരാശ്വാസമെന്നപോലെ മാസത്തിലൊരിക്കല്‍ ഒരു കത്തുവരും. പ്രാരാബ്ധങ്ങളുടെ കെട്ടഴിക്കുന്ന അമ്മയുടെ കത്തില്‍ അവളുടേതായി ഒരു തുണ്ടു കടലാസുണ്ടാവും. ഒരു പരിഭവവും കാണിക്കാതെ, ശരീരം നോക്കണം, സമയത്തിനാഹാരം കഴിക്കണം എന്നിങ്ങനെ കുറേ നിര്‍ദേശങ്ങള്‍ മാത്രം. കാലം കഴിയവേ തുണ്ടുകടലാസ് നിര്‍ത്തി അമ്മയുടെ കത്തിന്റെ അവസാനത്തേ നാലുവരിയായ മാറി അവളുടെ അക്ഷരങ്ങള്‍. പിന്നീടതും നിന്നു.
ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ കണ്ടത് പഴയ പ്രസരിപ്പെല്ലാം നഷ്ടപ്പെട്ട തന്റെ സീതയുടെ വെറും ഛായ മാത്രമുള്ള അവളേയാണ്. വീണ്ടും ജീവിതം കഷ്ടപ്പാടു നിറഞ്ഞ വഴികളിലൂടെ യാത്ര തുടര്‍ന്നുകൊണ്ടേയിരുന്നു.
കാലം തെറ്റിവന്ന അമ്മയുടെ എഴുത്തില്‍ ഇടിത്തീപോലെ ആ വാര്‍ത്തയുണ്ടായിരുന്നു. ”മോനെ നമ്മുടെ സീത തുണി വില്ക്കാന് വന്ന പാണ്ടിക്കാരന്റെകൂടെ ഒളിച്ചോടി.”
ആ കത്തിലെ വാചകങ്ങളിലേക്കു നോക്കി എത്ര നേരം ഇരുന്നെന്നറിയില്ല. ഒടുവിലാ കത്ത് ചെറുകഷണങ്ങളാക്കി ചവറ്റു കുട്ടയിലിട്ടു. എന്താണവിടെ സംഭവിച്ചതെന്നറിയില്ലായിരുന്നു. തുണിക്കച്ചവടവും വട്ടിപ്പലിശ ഇടപാടുമായി വന്ന രാവണന് സീതയേ കട്ടുകൊണ്ടുപോയതോ? അല്ല കൈകേയി മന്ഥരമാരുടെ ശല്യം സഹിക്കാതെ രക്ഷപ്പെട്ടു പോയതോ? ആരും സത്യം പറഞ്ഞില്ല.
ഒരിക്കല്‍ ഒരു വെള്ളിയാഴ്ച ഉച്ചമയക്കത്തില്‍ അവളെ കണ്ടു. അങ്ങ് കിഴക്കന്‍ മലകള്‍ക്കപ്പുറത്ത് ചെങ്കോട്ട-മധുര രാജപാതയ്ക്കരികില്‍ അല്‍പ്പം ഉള്ളിലേക്കു മാറി ഒതു തനി തമിഴ് ഗ്രാമം. വാളന്‍പുളിയും ആര്യവേപ്പും വേലിതീര്‍ത്ത ഇടവഴികളുടെ അവസാനം കാവിമണ്ണും കുമ്മായവും ഇടകലര്‍ത്തി പൂശിയ ചായങ്ങള്‍ പോലെ കുറേ വീടുകള്‍. അതിലൊന്നില്‍ ചാരുകസേരയില്‍ ചാരിക്കിടക്കുന്ന രാവണന്. കറുത്തു തടിച്ച അവന്റെ മുന്പില് അരഭിത്തിയില്‍ അവളിരുപ്പുണ്ട് തന്റെ സീത. മടിയിലേ മുറത്തില്‍ കൂട്ടിയിട്ട കനകാംബരപ്പൂക്കള്‍. മാലകോര്‍ക്കുന്ന അവള്‍ക്ക് തനി തമിഴ് രൂപം. വലിയ മൂക്കുത്തിയിട്ട് തലയില്‍ മല്ലികപ്പൂചൂടി പാണ്ടിച്ചേല ചുറ്റിയ അവളോട് രാവണന് ചോദിക്കുന്നു ”ഏണ്ടീ സീത ഉന്‍ രാമന് വരുവാനാ? ഇന്ത ലങ്കയേ ചുട്ടു രാവണനേ കൊന്റു ഉന്നൈത്തിരുമ്പിക്കൊണ്ടു പോവതുക്കൂ” എന്നിട്ടവന്‍ ഹ ഹ ഹാ എന്നു ചിരിക്കുന്നു. അവളുടെ മുഖഭാവം കാണും മുമ്പേ ഉച്ചമയക്കം തെളിഞ്ഞുപോയി.
പിന്നെ കാലമെത്രയോ കഴിഞ്ഞു. ഇപ്പോഴിതാ വനവാസം കഴിഞ്ഞുള്ള മടക്കയാത്ര. എത്രയോ താടകമാര്‍ കടന്നുപോയി. ആരുടെയും പ്രലോഭനങ്ങളില്‍ വീണില്ല. ഇനി ജന്മനാട്ടില് ആകെയുള്ള ഇരുപത്തിയഞ്ചു സെന്റു ഭൂമിയില്‍ പൂര്ണാശ്രമം പോലെയൊരു വീട്. അതില്‍ കാഞ്ചന സീതയേ മനസ്സില്‍ പ്രതിഷ്ഠിച്ച് വാനപ്രസ്ഥം, അതുമതി തനിക്ക്.
മോഹന്‍(ലോകു) അയിരൂര്‍
9826183029
പ്രതികരിക്കാൻ ഇവിടെ എഴുതുക: