ഇരിട്ടി (കണ്ണൂര്‍): ആറളം പുനരധിവാസമേഖലയില്‍ കാട്ടാനകളുടെയും മറ്റ് വന്യജീവികളുടെയും ആക്രമത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ ഛായാചിത്രത്തിനുമുന്നില്‍ വിളക്ക് തെളിച്ച്, പുഷ്പാര്‍ച്ചന നടത്തി സഹവാസ സമരത്തിന് സമാപനം. വനവാസിക്ഷേമത്തിന് കേന്ദ്രം നല്കുന്ന പണം അപഹരിക്കുന്നവരോട് കാലം കണക്കുചോദിക്കുമെന്ന് സമാപനപരിപാടി ഉദ്ഘാടനം ചെയ്ത ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്കിടയില്‍ മതില് കെട്ടുകയാണ് സര്‍ക്കാര്‍. അവര്‍ക്ക് ആറളം ഫാമില്‍ ആനമതില്‍ നിര്‍മിക്കാന്‍ നേരമില്ല. മുഖ്യമന്ത്രിയുടെ മകള്‍ക്കുള്ള സ്വാതന്ത്ര്യവും അവകാശവും മണ്ണിന്റെ മക്കള്ക്കുമുണ്ടെന്ന ബോധം പിണറായി വിജയനും വേണം. വനവാസികളുടെ പേരില്‍ സിപിഎം കളക്ടറേറ്റില്‍ നടത്തുന്ന സമരം പരിഹാസ്യമാണ്. നാലര ലക്ഷം ഹെക്ടര്‍ മിച്ച ഭൂമിയും പാട്ടക്കരാര്‍ അവസാനിപ്പിച്ച അഞ്ചര ലക്ഷം ഹെക്ടര്‍ ഭൂമിയും കേരളത്തിലുള്ളപ്പോള്‍ മൂന്നുലക്ഷം വരുന്ന ഭൂരഹിതര്‍ക്ക് ഭൂമി കൊടുക്കാന്‍ എന്താണ് പ്രയാസം.
ഈ ആവശ്യത്തിനുവേണ്ടി ആറുവര്‍ഷം മുമ്പ് ആറന്മുളയില് ഉള്‍പ്പെടെ സിപിഎം കെട്ടിയ കുടിലുകള്‍ എവിടെ. എന്തുകൊണ്ട് ഭൂമി കൊടുക്കുന്നില്ല. വനവാസി ദുര്‍ബലവിഭാഗങ്ങളോട് പിണറായി സര്‍ക്കാരിന്റെ അവഗണനയാണ് ഇത് വെളിപ്പെടുത്തുന്നത്. ഭൂരഹിതരായ എല്ലാവര്ക്കും ഭൂമി ലഭ്യമാക്കുന്നതിന് രണ്ടാം ഭൂപരിഷ്കരണ നിയമം നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന നിര്‍വാഹ സമിതിയംഗം വി.വി. ചന്ദ്രന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: