കൊച്ചി : പത്തനംതിട്ട ഇലന്തൂർ ഇരട്ട നരബലിക്കേസിൽ മുഖ്യപ്രതി ഷാഫിക്കെതിരെ കൂടുതൽ സൈബർ തെളിവുകൾ. ശ്രീദേവി എന്ന എഫ് ബി അക്കൗണ്ടിന് പുറമെ സ്ത്രീകളുടെ പേരിൽ രണ്ട് വ്യാജ പ്രൊഫൈലുകൾ കൂടി പോലീസ് കണ്ടെത്തി. സജ്നമോൾ, ശ്രീജ എന്നീ പേരുകളിലാണ് പ്രൊഫൈലുകൾ നിർമിച്ചത്. പ്രൊഫൈലുകളിലെ ചാറ്റുകളിൽ നിന്ന് നരബലി ആസൂത്രണം ചെയ്ത വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
സിദ്ധനായ ഷാഫിയുടെ വിശ്വാസ്യത നിലനിർത്താനായിരുന്നു സ്ത്രീകളുടെ പേരിലുള്ള വ്യജ പ്രൊഫൈലുകൾ. 2021 നവംബറിൽ ആണ് നരബലിയെ കുറിച്ച് സംസാരിക്കുന്നത്. സമൂഹമാധ്യമ ഉപയോഗത്തിൽ ഷാഫി വിദഗ്ധൻ എന്നും പോലീസ് പറയുന്നു. അതിനിടെ ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. പത്മയുടെ ഫോൺ കണ്ടെത്താനുള്ള പരിശോധനയും പോലീസ് തുടങ്ങി.
കൊലപാതകത്തിന് ശേഷം ഇലന്തൂരിൽ നിന്ന് മടങ്ങുമ്പോൾ പുഴയിൽ ഫോൺ എറിഞ്ഞെന്നാണ് മുഖ്യപ്രതി മുഹമ്മദ് ഷാഫി മൊഴി നൽകിയിട്ടുള്ളത്. ഷാഫി മൊഴി നൽകിയ രണ്ടിടങ്ങളിൽ ഇന്ന് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: