കാഞ്ഞാണി: അന്തിക്കാട് ബ്ലോക്കിലെ കിഴുപ്പിള്ളിക്കര ക്ഷീരവ്യവസായ സഹകരണ സംഘത്തി (നം. ആര്. 50.ഡി) ന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ക്ഷീരവ്യവസായ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം കണ്ടെത്തി. മുന്‍ സംഘം പ്രസിഡന്റായിരുന്ന മിനി ജോസ് ശമ്പളമായി വാങ്ങിയെടുത്ത 48,000 രൂപയും മുന്‍ ഓണററി സെക്രട്ടറി ഉണ്ണികൃഷ്ണന് കൈപ്പറ്റിയ 10,000 രൂപയും ഇവരില്‍ നിന്നും ഈടാക്കണമെന്ന് ക്ഷീരവികസന വകുപ്പ് ഡെ. ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
ഭരണസമിതി തീരുമാനങ്ങളുടെ പിന്‍ബലമില്ലാതെയും രജിസ്ട്രാറുടെ മുന്‍കൂര്‍ അംഗീകാരമില്ലാതെയും സംഘത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ച 1,12,309 രൂപ മുന്‍ ഭരണസമിതി അംഗങ്ങളില്‍ നിന്നും ഈടാക്കും. സംഘത്തിന്റെ 2021 – 22 വര്‍ഷത്തെ കണക്കുകള്‍ പൂര്‍ത്തീകരിക്കാമെന്ന് രജിസ്ട്രാര്‍ക്ക് നല്കിയ ഉറപ്പ് നാളിതുവരെ പാലിക്കാത്തതിലുള്ള വിശദീകരണവും ഇവര്‍ നല്‍കണം. സംഘം നിയമാവലിക്കും കേരള സഹകരണ നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി പലരില്‍ നിന്നായി 6,30,000 രൂപ ഡെപ്പോസിറ്റ് സ്വീകരിച്ച് പലിശ നല്കിയ സംഭവത്തില്‍ മുഴുവന്‍ തുകയും മുന്‍ ഭരണസമിതിയില്‍ നിന്നും ഈടാക്കും.
പാല് വില അഡ്വാന്‍സ് നല്‍കിയതിലും സംഘത്തിലേക്ക് കിട്ടാനുള്ള സംഖ്യകള്‍ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ നടത്താത്തതിലും മുന്‍ ഭരണ സമിതിയോട് വിശദീകരണം തേടിയിട്ടുണ്ട്. സംഘത്തിലെ മുന്‍ ജീവനക്കാരനായിരുന്ന ശ്രീധരന് റിട്ടയര്‍മെന്റിന് ശേഷവും ശമ്പളയിനത്തില്‍ നല്‍കിയത് 40,878 രൂപയാണ്. ഇതും തിരിച്ചുപിടിക്കും. സഹകരണ സംഘം നിയമം പാലിക്കാതെ അംഗത്വം നല്കി രജിസ്റ്റര്‍ സൂക്ഷിച്ചതിനും വിശദീകരണം നല്‍കണം. 2021 ല്‍ വില്പനയിനത്തില് വൗച്ചര്‍ ഇല്ലാതെ 13,295 രൂപയുടെ കാലിത്തീറ്റ കടം കൊടുത്തതിനും മറുപടി നല്‍കണം.
കേരള സഹകരണ ചട്ടം പ്രകാരം കിഴുപ്പിള്ളിക്കര ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡന്റും ഭരണസമിതിയും തങ്ങളുടെ ചുമതലകള്‍ നിറവേറ്റുന്നതില്‍ വീഴ്ച്ചവരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയതായി തൃശൂര്‍ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: