കേരളത്തില്‍ രാജ്ഭവനും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നീണ്ടുപോകുന്നത്, ഒരു സംശയവുമില്ല, ആശാസ്യമല്ല. ഒന്നിച്ചു പോകേണ്ടവര്‍ സഹകരിക്കുന്നില്ല എന്ന് മാത്രമല്ല കിട്ടുന്ന അവസരത്തിലൊക്കെ ഏറ്റുമുട്ടാന്‍ ശ്രദ്ധിക്കുന്നതുപോലെ തോന്നിപ്പിക്കുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവര്‍ പാലിക്കേണ്ട മര്യാദകള്‍ ലംഘിക്കപ്പെടുന്നു എന്നതാണ് പൊതുവേ ഉയരുന്ന തോന്നല്‍.
ഏറ്റവുമൊടുവില്‍ തന്നെ അപമാനിക്കാന്‍, അവഹേളിക്കാന്‍ ശ്രമിച്ചാല്‍ മന്ത്രിമാര്‍ക്കുള്ള ‘സമ്മതി പിന്‍വലിക്കുമെന്ന്’ കേരള ഗവര്‍ണ്ണര്‍ ട്വീറ്റ് ചെയ്തതാണ് വിവാദമായത്. സഹികെട്ടപ്പോഴുള്ള പ്രതികരണമായേ അതിനെ കാണാനാവൂ. കഴിഞ്ഞ കുറെ നാളുകളായി സിപിഎമ്മുകാര്‍, പോളിറ്റ് ബ്യുറോ മുതല്‍ പ്രാദേശിക കമ്മിറ്റിവരെയുള്ളവര്, ഗവര്‍ണ്ണര്‍ക്ക് നേരേ എന്തൊക്കെയാണ് പറഞ്ഞുനടന്നത്. രാജ്ഭവന്റെ ആര്‍എസ്എസ് ബന്ധമൊക്കെ വിളിച്ചുകൂവി, പിന്നെ പലതും. ആ പ്രസ്താവനകളിലെ നിലവാരം ഒന്ന് ശ്രദ്ധിക്കേണ്ടതുതന്നെ. കേരളത്തിലെ ചില മന്ത്രിമാരാണ് ഇത്തരത്തില്‍ പ്രതികരിച്ചത് എന്നതു മറന്നുകൂടാ. ചിലര്‍ എന്തൊക്കെയോ രാജ്ഭവന്റെ കാവലാളിന് നേരെ എഴുതിപ്പിടിപ്പിച്ചിട്ട് അതിവേഗത്തില്‍ മലക്കം മറിയുന്നു. സിപിഎം നേരിടുന്ന പ്രതിസന്ധി തന്നെയാണ് അതിലൊക്കെ നിഴലിച്ചത്. ഓരോ വിഷയത്തെയും അഭിസംബോധന ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ടുന്ന നിലപാടും ഭാഷയുടെ സംസ്കാരവും നിലവാരവുമൊക്കെ എന്നും പ്രധാനമാണല്ലോ. ഇഎംഎസിന്റെയും മറ്റും കാലത്ത് സിപിഎമ്മിന്റെ പക്ഷത്തുനിന്നും ആ നിലവാരത്തിലുള്ള സംവാദങ്ങള്‍ നടന്നിരുന്നു. അത് കാണാനും വായിക്കാനുമൊക്കെ രാഷ്ട്രീയമായും ദാര്‍ശനികമായും എതിര് ചേരിയില്‍ നിലകൊള്ളുന്നവര്‍ക്ക് ഏറെ താല്പര്യവുമുണ്ടായിരുന്നു എന്നതോര്‍ക്കുക. ഇന്ന് എന്താണ് നടക്കുന്നത്.? അത് തിരിച്ചറിയേണ്ടത് ഗവര്ണ്ണറല്ലല്ലോ. സഹികെട്ടപ്പോള്‍ അദ്ദേഹം ചിലതൊക്കെ പറഞ്ഞിട്ടുണ്ടാവാം. അപ്പോഴും പറയേണ്ടത് മുഴുവന്‍ അദ്ദേഹം പറഞ്ഞു എന്ന് കരുതാനുമാവുന്നില്ല; കാരണം അതിലേറെ പലതും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്നത് തീര്‍ച്ചയല്ലേ.
നമ്മുടെ സര്‍വ്വകലാശാലകളാണ് ഇപ്പോഴത്തെ പ്രധാന തര്‍ക്ക വിഷയം. ഒരു കാലത്ത് കേരളത്തിലെ സര്‍വ്വകലാശാലകള്‍ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ മേഖല, രാജ്യത്തിന് തന്നെ അഭിമാനമായിരുന്നുവല്ലോ. അവിടെ ഈയിടെ പലതും വഴിവിട്ട് നടന്നിരിക്കുന്നു എന്നത് പച്ചയായ യാഥാര്‍ഥ്യമാണ്. ‘മാര്‍ക്ക് ദാന’ത്തിന് മന്ത്രി അദാലത്ത് നടത്തിയ നാടായി കേരളം മാറിയത് മറക്കാനാവുമോ. സര്‍വകലാശാല നടത്തിയ പരീക്ഷയില്‍ തോറ്റ കുട്ടികള്‍ക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിക്കൊടുത്ത് വിജയിപ്പിക്കുന്നു. അതിലുള്‍പ്പെട്ടവര്‍ ഭരണകക്ഷിയോട് ചേര്‍ന്നുനില്‍ക്കുന്നവരായിരുന്നു എന്നതുകൂടി തിരിച്ചറിയുമ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം കൂടുക. മുമ്പ് ചോദ്യപേപ്പര്‍ ചോര്‍ത്തിക്കൊടുത്തോ മറ്റോ സഖാക്കളെ പോലീസില്‍ തിരുകി കയറ്റാന്‍ ശ്രമിച്ചതിനേക്കാള്‍ ദാരുണമായ പ്രശ്നം. അതിനൊപ്പമാണ് ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കളുടെ വഴിവിട്ട നിയമനങ്ങള്‍. അതില്‍ ചിലതിലൊക്കെ കോടതിയുടെ ഇടപെടലുണ്ടായതുമോര്ക്കുക. ഏത് സര്‍വകലാശാല എന്നൊന്നും പ്രത്യേകിച്ച് പറയാനില്ല. ഒട്ടെല്ലായിടത്തും തലതിരിഞ്ഞ നീക്കങ്ങളാണ് പലപ്പോഴുമുണ്ടായത്.
മുണ്ടശ്ശേരി മാഷിന്റെ നാട്ടിലാണ് ഇതൊക്കെ
മുണ്ടശ്ശേരി മാഷും മറ്റും വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന നാട്ടില്‍ ഇന്നെന്താണുണ്ടായിരിക്കുന്നത് എന്നത് ചുരുങ്ങിയത് സിപിഎമ്മുകാരെങ്കിലും ചിന്തിക്കേണ്ടതല്ലേ. സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തിന് മുന്‍കൈയെടുത്ത മുണ്ടശ്ശേരിയെക്കുറിച്ച്, അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ചിന്തകളെക്കുറിച്ച്, സിപിഎമ്മിലെ പുതിയ തലമുറ കുറച്ചെങ്കിലും ബോധവാന്മാരാവേണ്ടതായിരുന്നില്ലേ. എംഎല്‍എ സ്ഥാനം രാജിവെച്ച് സര്‍വകലാശാലയുടെ വൈസ് ചാന്സലറാവാനും അവസാന കാലത്ത് മുണ്ടശ്ശേരി മാഷ് തയ്യാറായി എന്നതും സ്മരിക്കേണ്ടതുണ്ട്. തൃശൂര്‍ എംഎല്‍എ ആയിരിക്കെ കൊച്ചി ശാസ്ത്ര സര്‍വകലാശാലയുടെ പ്രഥമ വിസി ആയാണ് അദ്ദേഹം ചുമതലയേറ്റത്. വിസി മാര്‍ക്ക് എന്തുസ്ഥാനമാണ് കേരളം പ്രദാനം ചെയ്തിരുന്നത് എന്നതിനുള്ള സാക്ഷ്യപത്രം കൂടിയാണ് ആ സംഭവം. ഇന്നിപ്പോള്‍ ഈ സര്‍ക്കാരിന് കീഴിലുള്ള വിസിക്ക് സ്വന്തം നിലയ്ക്ക് ഇംഗ്ലീഷില്‍ നാലുവാചകം തെറ്റുകൂടാതെ എഴുതാനറിയില്ലെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞത് ഇതോടൊപ്പം വായിക്കേണ്ടതുമുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഓടിച്ചെന്ന് കാര്‍ തുറന്നുകൊടുക്കുന്ന വിസി മാരുള്ള നാടായി നാം മാറി എന്നതും പറയാതെവയ്യ.
ഭരണഘടനാ നിര്‍മ്മാണ സഭ വിലയിരുത്തിയത്
ഗവര്‍ണ്ണര്‍ ഇവിടെ സ്കോര്‍ ചെയ്തു എന്നത് സാധാരണക്കാര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഒരു ട്വീറ്റ് മാത്രമാണ് ചെയ്തത്. അതില്‍ ഉയര്‍ത്തിപ്പിടിച്ചത് ഭരണഘടനയാണുതാനും. അനുഛേദം 164. മുഖ്യമന്ത്രിയുടെ ഉപദേശമനുസരിച്ച് മന്ത്രിമാരെ നിയമിക്കുന്നത് ഗവര്‍ണറാണ്. ഗവര്‍ണ്ണറുടെ ‘സമ്മതി'(പ്ലെഷര്‍) ഉള്ളിടത്തോളം കാലം മന്ത്രിക്ക് അധികാരത്തില്‍ തുടരാനാവുമെന്ന ഭാഗമാണ് അദ്ദേഹം ഉദ്ദേശിച്ചത്. പിന്നെ അതിന്റെ സാധുത, അത് ഇവിടെ മുമ്പ് ഏതെങ്കിലും ഗവര്‍ണ്ണര്‍ ഉപയോഗിച്ചിട്ടുണ്ടോ, എന്തുകൊണ്ടാണ് അങ്ങിനെയുണ്ടായത്. ഇതൊക്കെയായി മാധ്യമ ചര്‍ച്ച. കോടതി റൂളിംഗ് ഉണ്ടെന്നും അങ്ങിനെയൊന്നും ഗവര്‍ണ്ണര്‍ക്ക് ചെയ്യാനാവുകയില്ല എന്നും പറയുന്നവരെയും കണ്ടു. എന്നാല്‍ ഈ ഭരണഘടനാപരമായ അധികാരം ആരെങ്കിലും ഉപയോഗിച്ചതായി നമുക്ക് മുന്നിലില്ല. എന്നാല്‍ അനുഛേദം 164 -ല്‍ അവ്യക്തതയൊന്നുമില്ല എന്നും ഒരു സാധാരണ നിയമവിദ്യാര്‍ഥി എന്ന നിലക്ക് പറയേണ്ടിവരുന്നു.
ഭരണഘടനാ നിര്‍മ്മാണസഭ ഗവര്‍ണ്ണര്‍മാരുടെ അവകാശവും അധികാരവുമൊക്കെ സമഗ്രമായി ചര്‍ച്ചചെയ്തിരുന്നു (കരട് ഭരണഘടനയിലെ അനുഛേദം-144) എന്നതോര്‍ക്കുക. പ്രഗത്ഭരായ ഡോ. അംബേദ്ക്കറും, അല്ലാടി കൃഷ്ണസ്വാമി അയ്യരും, എച്ച് വി കമ്മത്തും, ഹൃദയനാഥ് കുന്‍സ്രുവും, ടി.ടി.കൃഷ്ണമാചാര്യയുമൊക്കെ ആ ചര്‍ച്ചയുടെ ഭാഗമായിരുന്നു. ഇപ്പോള്‍ വിവാദമായിട്ടുള്ള ‘ഗവര്‍ണ്ണറുടെ സമ്മതി’ യും പരിശോധിക്കപ്പെട്ടു. മുഹമ്മദ് ഇസ്മായില്‍ ഖാന് അതിന് ഒരു ഭേദഗതിയും കൊണ്ടുവന്നു. ‘ഗവര്‍ണ്ണറുടെ സമ്മതി’ എന്നതിന് പകരം ‘സംസ്ഥാന നിയമസഭയുടെ വിശ്വാസം’ എന്ന് മാറ്റണം എന്നതായിരുന്നു ഭേദഗതി. എന്നാലത് നിരാകരിക്കപ്പെട്ടു. അങ്ങിനെയാണ് ഭരണഘടനയില്‍ ‘ഗവര്‍ണ്ണറുടെ സമ്മതി’ ആത്യന്തികമായി സ്ഥാനം പിടിച്ചത്. അതുകൊണ്ടുതന്നെ ഗവര്‍ണ്ണറുടെ അധികാരങ്ങള്‍ വ്യക്തമാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താനാവുമോ?.
ഇക്കാര്യത്തില്‍ മന്ത്രിസഭയ്ക്കും ഗവര്‍ണര്‍ക്കും ഇപ്പോള്‍ ലഭിച്ച നിയമോപദേശം എന്താണ് എന്നതറിയുകയില്ല. എന്നാല്‍ ഒന്ന് തീര്‍ച്ച, ഗവര്‍ണ്ണര്‍ ഒരു ഉത്തരവിറക്കിയാല്‍ കാര്യങ്ങള്‍ വിഷമത്തിലാവും, ഏതൊരു മന്ത്രിക്കും. പിന്നെ കോടതി കയറാം എന്നു മാത്രം. അത് സിപിഎം മന്ത്രിമാര്‍ക്ക് തോന്നിയിട്ടുണ്ട് എന്നുവേണം വിചാരിക്കാന്‍. ഒരു മന്ത്രി പണ്ഡിതന് തന്റെ പ്രസ്താവം ചുരുട്ടിയെറിഞ്ഞത് പുണ്യം നേടി എന്ന ബോധ്യം കൊണ്ടാവുകയില്ലല്ലോ.
പരിഹരിക്കാന്‍ ഒരു ശ്രമവുമില്ല
ഏറ്റവും ദുഃഖകരം, മാസങ്ങള്‍ കുറേയായെങ്കിലും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരു നീക്കവും മന്ത്രിസഭയുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല എന്നതാണ്. ഗവര്‍ണ്ണര്‍ ഉന്നയിച്ച കുറെ പ്രശ്നങ്ങളുണ്ടല്ലോ, വിഷയങ്ങളും. അതെല്ലാം കേരള സമൂഹത്തിന്റെ മനസിലുണ്ട്. മുമ്പ് സൂചിപ്പിച്ചതുപോലെ. ഇതില്‍ പലതും ന്യായമുള്ളതാണ് എന്നതാണല്ലോ പൊതു തോന്നല്‍. ഇവിടെ മന്ത്രിസഭയുടെ പക്ഷത്തുനിന്ന് വ്യക്തമായ വിശദീകരണം നല്‍കാനുള്ള ഒരു ശ്രമവും കാണുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണെങ്കില്‍ പലപ്പോഴും വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് കടക്കുകയാണ്. പ്രശ്നം പരിഹരിക്കലാണ് വേണ്ടത് എന്ന തോന്നലല്ലേ മന്ത്രിസഭക്ക്, മന്ത്രിമാര്‍ക്ക് ഉണ്ടാവേണ്ടത്. അത് പ്രത്യക്ഷത്തില്‍ ഇന്നിപ്പോള്‍ കാണുന്നില്ല. ഒരു പക്ഷെ, സിപിഎമ്മിന്റെ തീരുമാനം ‘നേരിടുക’ എന്നതാവാം. എങ്കില്‍ എത്രനാളത്തേക്ക്? കേരള സര്‍വകലാശാലയിലെ വിസിയുടെ കാലാവധി തീരുകയാണ്. പകരക്കാരനെ അഥവാ ചാര്‍ജ് വഹിക്കേണ്ടയാളെ ഗവര്‍ണ്ണര്‍ നിയമിച്ചാല്‍?, നിലവില്‍ അതിന് ഗവര്‍ണ്ണര്‍ക്ക് കഴിയുമല്ലോ. അതിനുള്ള ശ്രമങ്ങള്‍ രാജ്ഭവനില്‍ തുടങ്ങി എന്നുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.
എന്തായാലും ഈ ഗവര്‍ണ്ണര്‍ ഇനിയും കുറെ മാസങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും. സിപിഎം കുറെ കലാപമുണ്ടാക്കി എന്നു വിചാരിച്ച് നരേന്ദ്ര മോദി സര്‍ക്കാര്‍ അദ്ദേഹത്തെ മാറ്റുമെന്ന് കരുതുന്നത് വിഡ്ഢിത്തമല്ലേ. അതുകൊണ്ട് ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കുക എന്നതു മാത്രമാണ് മന്ത്രിസഭയ്ക്ക് മുന്നിലുള്ള പോംവഴി. കാര്യങ്ങള്‍ നേരാം വണ്ണം രാജ്ഭവനെ ബോധ്യപ്പെടുത്തണം. അതിന് ഉദ്യോഗസ്ഥര്‍ അവിടേക്ക് ചെല്ലണ്ട എന്ന് ഗവര്‍ണര്‍ പറഞ്ഞിട്ടുമുണ്ട്. അതായത് മന്ത്രിമാര്‍ ചെല്ലണം. ഇതാണ് ഈ സര്‍ക്കാര്‍ ഇന്ന് നേരിടുന്ന വല്ലാത്ത പ്രതിസന്ധി എന്നതാണ് വിലയിരുത്തേണ്ടത്. പാളിച്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തിരുത്താനുള്ള അവസരം കൂടിയാണതെന്നു മനസ്സിലാക്കണം. ഗവര്‍ണറെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത മന്ത്രിമാരുള്ള മന്ത്രിസഭ എന്ന ആക്ഷേപം ഉയരുന്നത് സിപിഎമ്മിന് മാത്രമല്ല, മുഴുവന്‍ മലയാളികള്‍ക്കും നാണക്കേടല്ലേ ഉണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: