ന്യൂദല്‍ഹി: ഭീഷണികള്‍ ആഗോളതലത്തിലാകുമ്പോള്‍, പ്രതികരണം പ്രാദേശികമായിരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ഭീഷണികളെ പരാജയപ്പെടുത്താന്‍ ലോകം ഒന്നിക്കേണ്ട സമയം അതിക്രമിച്ചതായി ഇന്റര്‍പോളിന്റെ 90ാം ജനറല്‍ അസംബ്ലിയെ അഭിസംബോധനചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.ആശയവിനിമയത്തിനും യോജിച്ച പ്രവര്‍ത്തനത്തിനും സഹകരണത്തിനും, കുറ്റകൃത്യങ്ങളെയും അഴിമതിയെയും ഭീകരവാദത്തെയും പരാജയപ്പെടുത്താനാകണം.സുരക്ഷിതതാവളങ്ങള്‍ ഇല്ലാതാക്കാന്‍ ആഗോളസമൂഹം കൂടുതല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്.
ലോകമെമ്പാടുമുള്ള പൊലീസ് സേന ജനങ്ങളെ സംരക്ഷിക്കുക മാത്രമല്ല, സാമൂഹ്യക്ഷേമം മെച്ചപ്പെടുത്തുകയുമാണു ചെയ്യുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ഏതു പ്രതിസന്ധികളെടുത്താലും സമൂഹത്തിന്റെ പ്രതികരണത്തിന്റെ മുന്‍നിരയില്‍ അവരാണുണ്ടാകുക’ മോദി കൂട്ടിച്ചേര്‍ത്തു. കോവിഡ് പ്രതിസന്ധിക്കാലത്തെ ഉദാഹരണം നല്‍കി, ജനങ്ങളെ സഹായിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. അവരില്‍ പലരും ജനസേവനത്തിനായി ജീവത്യാഗവുംചെയ്തു അദ്ദേഹം പറഞ്ഞു.
ഭീകരത, അഴിമതി, മയക്കുമരുന്നുകടത്ത്, വേട്ടയാടല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ തുടങ്ങി ലോകം അഭിമുഖീകരിക്കുന്ന ആഗോളതലത്തിലുള്ള ആപല്‍ക്കരമായ നിരവധി ഭീഷണികളെക്കുറിച്ചു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
അന്തര്‍ദേശീയ ഭീകരവാദത്തിന്റെ ദൂഷ്യവശങ്ങളിലേക്കു വെളിച്ചംവീശി, ലോകം തിരിച്ചറിയുന്നതിനുമുമ്പുതന്നെ ഇന്ത്യ നിരവധി പതിറ്റാണ്ടുകളായി അതിനെ ചെറുക്കുകയായിരുന്നുവെന്നു പ്രധാനമന്ത്രി പറഞ്ഞു. ‘സുരക്ഷയുടെയും സംരക്ഷണത്തിന്റെയും വില ഞങ്ങള്‍ക്കറിയാമായിരുന്നു. ഈ പോരാട്ടത്തില്‍ നമ്മുടെ ആയിരക്കണക്കിനുപേരാണു ജീവത്യാഗംചെയ്തത്’ മോദി കൂട്ടിച്ചേര്‍ത്തു. ഭീകരത ഭൗതിക ഇടപെടലിലൂടെ മാത്രമല്ല, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളിലൂടെയും സൈബര്‍ ഭീഷണികളിലൂടെയും അതിവേഗം വ്യാപിക്കുകയാണെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. ബട്ടണ്‍ക്ലിക്കിലൂടെ ആക്രമണം നടത്താനോ സംവിധാനങ്ങളെ മുട്ടുകുത്തിക്കാനോ കഴിയുമെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. അന്താരാഷ്‌ട്രനയങ്ങള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ആവര്‍ത്തിച്ചു പ്രധാനമന്ത്രി പറഞ്ഞതിങ്ങനെ: ‘ഓരോ രാജ്യവും അവയ്‌ക്കെതിരെ തന്ത്രങ്ങള്‍ മെനയുകയാണ്. എന്നാല്‍ നമ്മുടെ അതിര്‍ത്തിക്കുള്ളില്‍ നാം ചെയ്യുന്നതു മതിയാകില്ല’. മുന്‍കൂട്ടി കണ്ടെത്തലും മുന്നറിയിപ്പു സംവിധാനങ്ങള്‍ സ്ഥാപിക്കലും, ഗതാഗതസേവനങ്ങള്‍ സംരക്ഷിക്കല്‍, ആശയവിനിമയ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷ, നിര്‍ണായക അടിസ്ഥാനസൗകര്യങ്ങള്‍ക്കുള്ള സുരക്ഷ, സാങ്കേതികവും സാങ്കേതികവിദ്യാപരവുമായ സഹായം, ബൗദ്ധികവിനിമയം തുടങ്ങി നിരവധി കാര്യങ്ങള്‍ പുതിയ തലത്തിലേക്കു കൊണ്ടുപോകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
‘അഴിമതിക്കാര്‍ക്കും ഭീകരവാദികള്‍ക്കും മയക്കുമരുന്നുസംഘങ്ങള്‍ക്കും നായാട്ടുസംഘങ്ങള്‍ക്കും സംഘടിതകുറ്റകൃത്യങ്ങള്‍ക്കും സുരക്ഷിത താവളങ്ങള്‍ ഉണ്ടാകരുത്. ഒരിടത്തെ ജനങ്ങള്‍ക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങള്‍ എല്ലാവര്‍ക്കും എതിരായ കുറ്റകൃത്യങ്ങളാണ്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയെ ഇന്റര്‍പോള്‍ പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു പരിചയപ്പെടുത്തി. തുടര്‍ന്ന് ഏവര്‍ക്കുമൊപ്പം പ്രധാനമന്ത്രി ചിത്രമെടുത്തു. ഇന്റര്‍പോള്‍ ശതാബ്ദി സ്റ്റാന്‍ഡും വീക്ഷിച്ചു. പിന്നീട്, നാടമുറിച്ചു ദേശീയ പൊലീസ് പൈതൃകപ്രദര്‍ശനം പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഇതു വീക്ഷിക്കുകയും ചെയ്തു.
വേദിയില്‍ എത്തിയ പ്രധാനമന്ത്രി, നിറങ്ങള്‍ ഒഴുകിയിറങ്ങുംവിധമുള്ള ഐടിബിപി സംഘത്തിന്റെ മാര്‍ച്ച് പാസ്റ്റിനും സാക്ഷ്യംവഹിച്ചു. തുടര്‍ന്ന് ഇന്ത്യയുടെ ദേശീയഗാനവും ഇന്റര്‍പോള്‍ ഗാനവും ആലപിച്ചു. ഇന്റര്‍പോള്‍ പ്രസിഡന്റ് പ്രധാനമന്ത്രിക്കു ബോണ്‍സായ് ചെടി സമ്മാനിച്ചു. തുടര്‍ന്ന്, ഇന്റര്‍പോളിന്റെ 90ാം ജനറല്‍ അസംബ്ലിയുടെ സ്മരണയ്‌ക്കായി സ്മരണിക തപാല്‍ സ്റ്റാമ്പും 100 രൂപ നാണയവും പ്രധാനമന്ത്രി പ്രകാശനംചെയ്തു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റയീസ്, ഇന്റര്‍പോള്‍ സെക്രട്ടറി ജനറല്‍ യൂര്‍ഗന്‍ സ്‌റ്റോക്ക്, സിബിഐ ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്‌സ്വാള്‍ എന്നിവര്‍ പങ്കെടുത്തു.
ഒക്ടോബര്‍ 21 വരെയാണ് ഇന്റര്‍പോളിന്റെ 90ാം പൊതുസമ്മേളനം നടക്കുന്നത്. 195 ഇന്റര്‍പോള്‍ അംഗരാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍, രാജ്യങ്ങളിലെ പൊലീസ് മേധാവികള്‍, ദേശീയ സെന്‍ട്രല്‍ ബ്യൂറോ മേധാവികള്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്റര്‍പോളിന്റെ പരമോന്നത ഭരണസമിതിയാണു ജനറല്‍ അസംബ്ലി. അതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനു വര്‍ഷത്തിലൊരിക്കല്‍ യോഗം ചേരുന്നു.
25 വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ് ഇന്ത്യയില്‍ ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി നടക്കുന്നത്. അവസാനമായി ഇന്ത്യയില്‍ നടന്നത് 1997ലാണ്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2022ല്‍ ന്യൂഡല്‍ഹിയില്‍ ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലി സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ നിര്‍ദേശം വന്‍ ഭൂരിപക്ഷത്തോടെയാണു പൊതുസഭ അംഗീകരിച്ചത്. ഇന്ത്യയുടെ ക്രമസമാധാനസംവിധാനത്തിലെ മികച്ച സമ്പ്രദായങ്ങള്‍ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള അവസരമാണു സമ്മേളനമൊരുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: