തിരുവനന്തപുരം: ബസുകളിലെ പരസ്യങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് കെഎസ്ആര്‍ടിസി. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യംനീക്കാനും വലിയ തുക ചെലവിടേണ്ടി വരും. ഇതു കോര്‍പ്പറേഷനെ വന്‍ ബാധ്യതയിലേക്ക് നയിക്കും. പരസ്യം വിലക്കിയതിലൂടെ ഏകദേശം 36 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നഷ്ടമുണ്ടാകും. കേസില്‍ കക്ഷി ചേരണമോയെന്ന് കെഎസ്ആര്‍ടിസി ആലോചിക്കുന്നുണ്ടെന്ന് സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.
വെള്ളിയാഴ്ചയാണ് സുരക്ഷാകാരണം ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി ബസുകളിലെ പരസ്യത്തിന് അനില്‍ കെ നരേന്ദ്രന്, പി ജി അജിത്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് വിലക്ക് ഏര്‍പ്പെടുത്തിയത്. പരസ്യം പതിക്കാന്‍ കെഎസ്ആര്‍ടിസിയ്ക്ക് നിയമപരിരക്ഷയുണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞ്. സര്‍ക്കാര്‍ അനുമതിയോടെയാണ് പരസ്യം പതിച്ചിരിക്കുന്നത്. സ്വകാര്യ ബസുകള്‍ക്ക് ഈ അനുമതിയില്ല.
കോടതിയുടെ ഉത്തരവ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കോര്പ്പറേഷന് വന്‍ ബാധ്യത ഉണ്ടാക്കുമെന്ന് അദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ പരസ്യം പതിക്കുന്നതിലൂടെ പ്രതി വര്‍ഷം ഒരു കോടി 80 ലക്ഷം രൂപ ലഭിക്കുന്നുണ്ട്. കോടതി ഉത്തരവിലൂടെ ഈ വരുമാനം നിലയ്ക്കും.
കേരളം മാത്രമല്ല, ഇതര സംസ്ഥാനങ്ങളും സര്‍ക്കാര്‍ ബസുകളില്‍ പരസ്യം നല്‍കുന്നുണ്ടെന്നും മന്ത്രി ന്യായീകരിച്ചു. എന്നാല്‍, ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് നടപ്പിലാക്കുന്നതില്‍ സാവകാശം നല്‍കേണ്ടതില്ലന്നും അദേഹം വ്യക്തമാക്കി.
പൊതുനിരത്തില്‍ സര്‍വീസ് നടത്തുമ്പോള്‍ കെഎസ്ആര്‍ടിസികള്‍ക്ക് പ്രത്യേക പരിഗണനയില്ലെന്നും നിയമം എല്ലാവര്ക്കും ബാധകമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി, കെയുആര്‍ടിസി ബസുകളിലും പരസ്യം വേണ്ടന്നും. നിലവില്‍ പതിച്ചിരിക്കുന്ന പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. നിയമം ഒരുപോലെയാണെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: