നരബലി നടുക്കിയതിനേക്കാള് പലമടങ്ങ് ആഘാതമാണ് ആ ‘ആള്‍ക്കൂട്ടത്തിന്റെ’ ആത്മഹത്യ അനുഭവിപ്പിക്കുന്നത്. കുടുംബത്തോടെയുള്ള ആത്മഹത്യകളും വാര്‍ത്തയല്ലാതാകുന്ന കേരളത്തില്‍, ആ ‘ആള്‍ക്കൂട്ട ആത്മഹത്യ’ ഒരു കുലത്തിന്റെതന്നെ അന്ത്യമായിട്ടും വാര്‍ത്തയായില്ല, അന്തിമോപചാരം അര്‍പ്പിക്കാന്‍പോലും ആളില്ലാത്തവിധം മുടിഞ്ഞു പോയിരിക്കുന്നുവെന്നതിലാണ് ആശങ്ക. ‘പ്രതികരണ സാംസ്കാരികത്തൊഴിലാളി’കളുടെ കാര്യമാണ് പറയുന്നത്.
അവര്‍ ആത്മഹത്യ ചെയ്തതോ, തൊഴില്‍ അവസാനിപ്പിച്ചതോ, ആത്മനിയന്ത്രണം പാലിച്ചതോ എന്ന കാര്യവും ചര്‍ച്ചയായിട്ടില്ല. മാധ്യമങ്ങള്‍ക്ക് അന്തിച്ചര്‍ച്ചയ്ക്കും കോളം തികയ്ക്കാനുംപോലും അവരെ വേണ്ടാതായി എന്നതിലാണ് കൂടുതല്‍ ആശങ്ക. അവരുടെ ‘തിരോധാനം’ ഒരു ചര്‍ച്ചാ വിഷയമാക്കാന്പോലും മാധ്യമങ്ങള്‍ മിനക്കെടുന്നില്ല. അപ്പോള്‍ അത്രയ്ക്കൊക്കെയേ അവര്‍ ഉള്ളായിരുന്നോ?!
അവര്‍ ആത്മഹത്യ ചെയ്തതാണെങ്കില്‍ ആരാണ് ഉത്തരവാദി? എന്താണ് കാരണം? അതല്ല, ഒളിവിലായതാണെങ്കില് ആരെ പേടിച്ച്? എന്തിനെപ്പേടിച്ച്? മടുത്തിട്ടാണെങ്കില്‍ എന്തുകൊണ്ട്? ഇതിനെല്ലാം ഉത്തരം കണ്ടെത്തുമ്പോള്‍ അതിന്റെ കാരണഭൂതന്മാര്ക്കെതിരേ കൊലക്കുറ്റമോ, ആത്മഹത്യ പ്രേരണക്കുറ്റമോ, ഭീഷണിപ്പെടുത്തല്ക്കുറ്റമോ ചുമത്തേണ്ടിവരും.
കേരളത്തിന്റെ മാത്രം പ്രത്യേകതയാണത്. സാഹിത്യ-രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരുടെ കക്ഷിരാഷ്ട്രീയം. പാര്‍ട്ടികള്‍ക്ക് പ്രസിദ്ധീകരണങ്ങളും മാധ്യമങ്ങളും സംഘടനാവേദികളും ഉണ്ടായതുകൊണ്ടുമാത്രമല്ല അത്. അതിന് കാരണം കാലങ്ങളായി കമ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ത്തിക്കൊണ്ടുവന്ന ചില ദുഷ്പ്രവണതകളാണ്. സാഹിത്യകാരനോ സാംസ്കാരിക പ്രവര്‍ത്തകനോ ആയി അംഗീകരിക്കപ്പെടാന്‍ കമ്യൂണിസ്റ്റാവണമെന്ന തെറ്റിദ്ധാരണ അവര്‍ പ്രചരിപ്പിച്ചു; അതാണ് പുരോഗമനമെന്നും. എന്നല്ല, പാര്‍ട്ടി വളര്‍ത്താന്‍ കലയും സാഹിത്യവും സാംസ്കാരിക പ്രവര്‍ത്തനവും അവര്‍ വിനിയോഗിച്ചു. ഏതൊക്കെ മേഖലയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ആ സംഘടിത പ്രവര്‍ത്തനം നടത്തിയോ അവിടെയെല്ലാം അതതിന്റെ തനത് സംസ്കാരം നശിപ്പിച്ചു; പകരം പാര്‍ട്ടി സംസ്കാരം പ്രതിഷ്ഠിച്ചു. അങ്ങനെ സാഹിത്യകാരനും സാംസ്കാരികപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനും ട്രേഡ് യൂണിയന് പ്രവര്‍ത്തനക്കാരായി. അവര്‍ ‘അട്ടിമറി’ച്ചു, കൂലിക്ക് കണക്കു പറഞ്ഞു, കക്ഷിരാഷ്ട്രീയം ചേര്‍ന്നു, കൈയാങ്കളിക്കാരായി, അവരവരുടെ സ്വത്വം സ്വയം തകര്‍ത്തു. ഏറെക്കുറേ പാര്‍ട്ടിയുടെ അടിമപ്പണിക്കാരായി.
ആദ്യകാലത്ത് ഇതില്‍ വിയോജിപ്പുള്ളവര്‍ക്ക് എതിര്‍പ്പുണ്ടായി. പയ്യെപ്പയ്യെ എതിര് ചേരികളുണ്ടായി. അവര്‍ക്ക് സംഘടനാ സ്വഭാവം വന്നു. അവരും ഏതെങ്കിലും കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി. അങ്ങനെ വ്യത്യസ്ത പാര്‍ട്ടികള്‍ക്ക് പരസ്യമായല്ലെങ്കിലും സാങ്കേതികമായി ബന്ധമില്ലെങ്കിലും ഏറെക്കുറേ പടയാളികളുടെ സ്വരൂപത്തില്‍ സാഹിത്യ-സാംസ്കാരിക-സാമൂഹ്യ പ്രവര്‍ത്തകരെ കിട്ടി.
ഇവര്‍ കക്ഷിയും പക്ഷവും നോക്കി പ്രവര്‍ത്തിച്ചു. അത്രയൊക്കെ അവരുടെ അവകാശമാണ്, ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതിനപ്പുറം അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിയതാണ് കേരളത്തിന്റെ പ്രത്യേകത. സാംസ്കാരിക നായകര്‍ സമരത്തിനിറങ്ങി. എഴുത്തുകാരന് അക്ഷരങ്ങളിലൂടെയല്ലാതെ, ആഹ്വാനങ്ങളിലൂടെ രാഷ്ട്രീയം പറഞ്ഞു. നര്ത്തകന്, വായ്പാട്ടുകാരന്, അഭിനേതാവ്, സാന്ത്വന പരിചരണക്കാരന് എന്നുവേണ്ട സകല വിഭാഗത്തിലും ചിലര്‍ രാഷ്ട്രീയക്കളികള്‍ക്ക് മുന്നില്‍ നിന്നു. അവര്‍ അവാര്‍ഡ് വാപ്സികള്‍ നടത്തി. കൂട്ടമായി ഒപ്പിട്ട് പ്രസ്താവനകള്‍ ഇറക്കി. തെരുവില്‍ പ്രകടനം നടത്തി. പ്രതിയോഗിയായി കരുതുന്ന പാര്‍ട്ടി നേതാവിനെ വിലക്കാന്‍ അഭ്യര്‍ത്ഥിച്ച് വിദേശ രാജ്യങ്ങള്‍ക്ക് കത്തെഴുതി, ഭീമ ഹര്‍ജി നല്കി. മന്ത്രിയെ ബഹിഷ്കരിച്ചു, പൗരത്വ നിയമ ഭേദഗതിക്കെതിരേ ഒപ്പിട്ട് പ്രതികരിച്ചു. കൂട്ട പ്രസ്താവനയില്‍ ചേര്‍ന്നു. ഒരുപക്ഷേ, ഈ കാര്യത്തില്‍ കേരളത്തിലെ സാംസ്കാരിക നായകരില്‍ ചിലരുടെ മുന്നേറ്റത്തില്‍ രാജ്യമാകെ കോരിത്തരിക്കുന്നതായി അവര്‍ സ്വയം അനുഭവിച്ചു.
ആ കൂട്ടരാണ് കൂട്ട ആത്മബലി, അല്ലെങ്കില്ആത്മഹത്യ നടത്തിയത്. കേരളം കഴിഞ്ഞ അഞ്ചാറുകൊല്ലത്തിനിടെ അനുഭവിക്കുന്ന പ്രശ്നങ്ങളില്‍, പ്രതിസന്ധികളില്‍ പ്രതികരിക്കാന്‍ ആ സാംസ്കാരിക നായകരെ കാണ്ടുകിട്ടിയില്ല. നായാട്ടും നരവേട്ടയും നരബലിയും വരെ നടന്നിട്ടും അവര്‍ക്ക് പ്രതികരിക്കാന്‍ നാവില്ല. അനക്കമേയില്ല. വന്ധ്യംകരണം ചെയ്യപ്പെട്ടത് നായകള്‍ മാത്രമാണെന്നാണ് നാട്ടറിവ്.
”നാവടക്കൂ പണിയെടുക്കൂ” എന്ന് പറഞ്ഞ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലവുമല്ല. അന്നും ഞാന്‍ മുരണ്ടിട്ടുണ്ടെന്ന് അവകാശപ്പെടുന്നവര്‍ക്കും ഉരിയാട്ടമില്ല. ഒറ്റയ്ക്കൊറ്റയ്ക്ക് മുറുമുറുക്കുന്ന ചിലരുണ്ട്, അവര്‍ക്കൊന്നിച്ച് ഒറ്റക്കടലാസില്‍ ഒപ്പിടാന്‍ കൈവിറയ്ക്കുന്നതെന്തുകൊണ്ടായിരിക്കും? ആരെ പേടിച്ചായിരിക്കും?
അടിയന്തരാവസ്ഥയേക്കാള്‍ അപകടകരമായ സ്ഥിതിയാണ് കേരളത്തില്‍ എന്നുവേണം കരുതാന്‍. ഒരുപക്ഷേ, ട്രോട്സ്കിയുടെയും സ്റ്റാലിന്റെയും കാലത്തെ കമ്യൂണിസ്റ്റ് റഷ്യയിലെപ്പോലെ. മുമ്പ് പൗരത്വ നിയമ ബില്ലിനും കേന്ദ്ര സര്‍ക്കാരിന്റെ നയ-നിയമങ്ങള്‍ക്കുമെതിരേ മാത്രമല്ല, വിവിധ സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട ക്രമസമാധാന പ്രശ്നങ്ങളുടെ പേരില്‍ തെരുവിലിറങ്ങുകയും പൊതു പ്രസ്താവനയിറക്കുകയും ചെയ്തവര്‍ ഇന്ന് മിണ്ടുന്നതേയില്ല. കാരണം പ്രതികരിച്ച സാംസ്കാരിക നായകര്‍ക്ക് റഷ്യന്‍ എഴുത്തുകാരനായിരുന്ന, കമ്യൂണിസ്റ്റായിരുന്ന ബോറിസ് പാസ്റ്റര്‍ നാക്കിന്റെ ഗതിയറിയാം. അദ്ദേഹത്തിന്റെ അനുഭവ വിവരണംകൂടിയായ ഡോ. ഷിവാഗോ എന്ന നോവലിനെക്കുറിച്ചറിയാം.
ആരായിരുന്നു ബോറിസ് പാസ്റ്റര്‍ നാക്? റഷ്യന്‍ എഴുത്തുകാരന്. റഷ്യന്‍ ചെമ്പടയുണ്ടാക്കിയ, തൊഴിലാളി നേതാവായിരുന്ന, ലെനിന്റെ ഉറ്റ ചങ്ങാതിയായിരുന്ന, കമ്യൂണിസ്റ്റ് നേതാവ് ട്രോട്സ്കി റഷ്യന്‍ ഭരണാധികാരിയായിരിക്കെ കമ്യൂണിസത്തിന് ജയംപാടിയവരില് ബോറിസും ഉണ്ടായിരുന്നു. പക്ഷേ പിന്നെപ്പിന്നെ, 1917 ലെ റഷ്യന്‍ വിപ്ലവത്തിനു ശേഷം, കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ചെയ്തികളോട് പ്രതികരിച്ച് എഴുത്തുകാരില്‍ രണ്ടു ചേരിയുണ്ടായി. ട്രോട്സ്കിയുടെ പോക്കിനെ എതിര്‍ക്കുന്നവര്‍ കൂടി. അവരിലായിരുന്നു ബോറിസ്. ബോറിനോട് നേരിട്ട് ട്രോട്സ്കി ചോദിച്ചു, എന്തുകൊണ്ട് സര്‍ക്കാരിനെ സ്തുതിക്കാന്‍ തയാറല്ല എന്ന്. എഴുത്തുകാര്‍ കമ്യൂണിസ്റ്റ് സമ്മര്‍ദ്ദം കൊണ്ട് എഴുത്തു നിര്‍ത്തി. ചിലര്‍ നാടുവിട്ടു. ചിലര്‍ ഒളിവില്‍ പോയി. മയ്കോവ്സികിയെ പോലെയുള്ള കവികളില്‍ ചിലര്‍ ആത്മഹത്യചെയ്തു.
പിന്നീട് 1940 ല്‍ ലെവ് ദെവിദോവിച്ച് ട്രോട്സ്കിയെ വെട്ടിക്കൊലപ്പെടുത്തി, ജോസഫ് സ്റ്റാലിന്റെ ഭരണം വന്നു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൂടുതല്‍ വഷളായി, ക്രൂരവും. ബോറിസും സ്റ്റാലിനും ചില സമാന ജീവിത സാഹചര്യത്തിലായപ്പോള്‍ അവര്‍ തമ്മില്‍ അടുത്തു. അതിനിടെ ചിലര്‍ചേര്‍ന്ന് റൈറ്റേഴ്സ് യൂണിയന് ഉണ്ടാക്കി. ബോറിസിനെതിരേ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പ്രതികാര നടപടികളിലായിരുന്നു. ബോറിസ് മോസ്കോ വിട്ട് പെരല് ഡെല്കീനോ എന്ന സ്ഥലത്തേക്ക് താമസം മാറി. സര്‍ക്കാരിന്റെ പീഡനം തുടര്‍ന്നു. എന്നാല്‍ രണ്ടാംലോകയുദ്ധക്കാലത്ത് രാജ്യത്തിനൊപ്പം ബോറിസ് നിന്നു. സ്റ്റാലിനെ അനുകൂലിച്ചു, പ്രകീര്‍ത്തിച്ചു. പക്ഷേ തുടര്‍ന്ന് കമ്യൂണിസ്റ്റ് സ്റ്റാലിന്റെ യഥാര്‍ഥ മുഖം കണ്ട് ബോറിസ് കലഹിച്ച് പിരിഞ്ഞു. അതോടെ ബോറിസ് പാസ്റ്റര്നാക്കിനെതിരേയുള്ള വേട്ടശക്തമായി. ജീവിതത്തിലെ ഈ അനുഭവങ്ങള്‍ നോവലാക്കി, അതിലെ നായകനായി സ്വന്തം അനുഭവവും അഭിപ്രായവും ബോറിസ് എഴുതി. പുസ്തകം പ്രസിദ്ധീകരിക്കാനാവാതെ വന്നു. അതിനുവേണ്ടി ബോറിസും രണ്ടാം ‘ഭാര്യ’ ഓള്‍ഗയും അനുഭവിച്ചതൊക്കെ ചരിത്രമാണ്.
കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റേയും ഭരണാധികാരിയുടേയും ക്രൂരിതകളേയും ദുഷ്ചെയ്തികളേയും എതിര്‍ത്താലുള്ള അനുഭവം ഇവിടത്തെ സാഹിത്യ- സാംസ്കാരിക നായകര്‍ക്ക് നല്ലപോലെയറിയാം. അതുകൊണ്ടുതന്നെയാണ് അവരുടെ ‘കൂട്ട ആത്മഹത്യ.’ ‘പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം’ എന്നാണല്ലോ കുമാരനാശാന്റെ കവിത. പേടിച്ചരണ്ട് മാളത്തില്‍ ഒളിച്ച അടിമകളാണിന്ന് ഒരുകാലത്ത് കൂലിപ്പടയാളികളായിരുന്ന അവര്‍. ഉത്തരവാദി ആരാണെന്ന് പറയേണ്ടതില്ലല്ലോ. ബോറിസ് പാസ്റ്റര്‍നാക്കിനെ അറസ്റ്റുചെയ്യാന്‍ അനുമതി ചോദിച്ച പോലീസിനോട് കമ്യൂണിസ്റ്റ് നേതാവ് സ്റ്റാലിന് പറഞ്ഞു: ”പരിശുദ്ധനായ ആ വിഡ്ഢിയെ വെറുതേവിടൂ” എന്ന്. ഇവിടെ ‘ആ പമ്പര വിഡ്ഢികളെ വെറുതേ വിടരുത്’ എന്നായിരിക്കും ഭരണാഭാസങ്ങളോട് പ്രതികരിച്ചാല്‍ ഭരണാധികാരി ശാസന കൊടുക്കുക എന്ന നല്ല ഉറപ്പാണ് അവര്‍ക്ക്. അതുകൊണ്ടുതന്നെ പഞ്ചപുച്ഛമടക്കി ജീവന് സംരക്ഷിച്ച് കഴിയുകയാണ് ചിലരെങ്കിലും. ആത്മാവിഷ്കാരത്തിന് കഴിയാതെ, അതിനുള്ള സ്വാതന്ത്ര്യം ഇല്ലാതെ ജീവിക്കുന്നത് ആത്മാവുകൊണ്ടല്ലല്ലോ, ആത്മാവ് ഹതമായാല് പിന്നെ ജഡമാണ്, ജീവിച്ചിരുന്നാലും- സാഹിത്യ ഭാഷയില്‍ പറഞ്ഞാല്‍ ജീവച്ഛവങ്ങള്‍
ശ്രീ രാമകൃഷ്ണ മിഷന് അമേരിക്കയിലുള്ള ന്യൂയോര്‍ക്ക് വേദാന്ത സൊസൈറ്റി അധ്യക്ഷന്‍ സ്വാമി സര്‍വപ്രിയാനന്ദ, റീ ബില്‍ഡ് ഇന്ത്യ എന്ന വിഷയത്തില്‍ സംസാരിക്കവേ ഇന്ത്യയ്ക്കെതിരേ അമേരിക്കയിലും മറ്റും പ്രക്ഷോഭവും പ്രകടനവും പ്രസ്താവനയും നടത്തുന്ന ചില ഇന്ത്യക്കാരെക്കുറിച്ച് പറഞ്ഞു. അവരില്‍ വിദ്യാര്‍ഥികള്‍ മാത്രമല്ല, ഇന്ത്യന്‍ പ്രൊഫസര്‍മാരും മറ്റുമുണ്ടെന്നും വേറെ ഒരു രാജ്യത്തുകാരും അവരുടെ രാജ്യത്തിനെതിരേ ഇങ്ങനെയൊന്നും ചെയ്യാറില്ലെന്നും പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ? എന്നതിന് സ്വാമി കാരണവും പറഞ്ഞു: വിദേശികള്‍ക്ക് മുന്നില്‍ തല്‍ക്കാലത്തേക്ക് ഹീറോ ആകാനുള്ള പാഴ് ശ്രമം മാത്രം. ഞങ്ങടെ രാജ്യത്തിനും പ്രധാനമന്ത്രിക്കും എതിരേപോലും പറയാന്‍ ഞങ്ങള്‍ക്ക്, എനിക്ക് കഴിവും ധൈര്യവും ഉണ്ടെന്ന് കാണിക്കാനുള്ള ശ്രമം. പക്ഷേ, അത് പൂജിക്കപ്പെടാനല്ല, പുച്ഛിക്കപ്പെടാനേ ഇടയാക്കൂ എന്നും സര്‍വപ്രിയാനന്ദ സ്ഥാപിച്ചു. ഇവിടെയും പ്രസ്താവനത്തൊഴിലാളികളുടെ താല്പര്യം ആരുടെയൊക്കെയോ മുന്നില്‍ ധീരത കാണിക്കാനായിരുന്നു. പക്ഷേ ഇന്നിപ്പോള്‍ അതിനും കഴിയാതായിരിക്കുന്നു. നരബലിയും നാരീബലിയും എന്നല്ല, നാഗരികതയുടെ ബലിയും ഒന്നും അവരെ ഇളക്കില്ല എന്നായി. കാരണം ജീവച്ഛവങ്ങള്‍ പ്രതികരിക്കാറില്ലല്ലോ.
പിന്കുറിപ്പ്:
തെരുവുനായകള്‍ക്ക് വന്ധ്യംകരണം ചെയ്തത് തിരിച്ചറിയാന്‍ അവയുടെ ചെവിയില്‍ മുറിവുണ്ടാക്കി അടയാളമിടും. പലയിടത്തും ആക്രോശിച്ചും ആക്രമിച്ചും നടന്നിരുന്ന നായകള്‍ അടങ്ങി, പലതും ദീര്‍ഘനേരം ഉറക്കംതന്നെയാണ്. ചിലവയെ കാണാനില്ല, ചിലവ പ്രദേശം മാറി. മറ്റുചിലവ ചത്തും പോയിട്ടുണ്ടാവണം. അവശേഷിക്കുന്ന, മുമ്പ് ചാടിക്കടിക്കുമായിരുന്നവ പലതും ഇന്ന് ആളെക്കണ്ടാല്‍ ഒന്നു മുറുമുറുക്കുന്നുപോലുമില്ല. പാണ്ടന്‍ നായയാണെങ്കിലും എല്ലാം ജന്തുക്കളാണല്ലോ; വന്ധ്യംകരിക്കപ്പെട്ടാലത്തെ അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: