റനാറ്റോ കസാരോ… ചിലര്‍ക്കെങ്കിലും ഈ പേര് സുപരിചിതമായിരിക്കാം. ഒരുപക്ഷേ ലോകത്തെ അവസാനത്തെ സിനിമാ പോസ്റ്റര്‍ ചിത്രകാരന്. ആധുനിക സാങ്കേതിക വിദ്യ ലോകം കീഴടക്കുന്നതിന് മുമ്പ് സിനിമ പോസ്റ്ററുകളില്‍ വര്‍ണ വൈവിധ്യം തീര്‍ത്ത അനുഗ്രഹീത കലാകാരന്. സിനിമ പോസ്റ്ററുകളുടെ മൈക്കലഞ്ചലോ… ഈ ഒക്ടോബറില്‍ 87-ാം ജന്മദിനമാഘോഷിക്കുകയാണ് വരകളുടെ ലോകത്തെ ഈ രാജകുമാരന്.
സിനിമയുടെ ഉള്ളടക്കത്തെ മുഴുവന്‍ ചായങ്ങളിലാവാഹിച്ച് പോസ്റ്ററിലൂടെ സിനിമാ പ്രേമികളെ തിയറ്ററുകളിലേക്കാകര്‍ഷിക്കാന്‍ മിടുക്കനായിരുന്നു കസാരോ. 1935 ഒക്ടോബര്‍ 26നാണ് കസാരോയുടെ ജനനം. ബാല്യത്തിലേ തുടങ്ങിയതാണ് സിനിമ പോസ്റ്ററുകളോടുള്ള ആരാധന. മിക്ക ദിവസങ്ങളിലും തിയറ്ററുകളില്‍ പോയിരുന്ന കസാരോ ഓട്ടം കഴിഞ്ഞ സിനിമകളുടെ പോസ്റ്ററുകളുമായാണ് വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നത്. പിന്നീടത് മറ്റൊരു കടലാസിലേക്ക് പകര്‍ത്തുകയും ചെയ്യും. പോകെപ്പോകെ തിയറ്ററുമായുള്ള ചെറിയൊരിടപാടിലേക്കെത്തി അത്. തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകളുടെ പോസ്റ്റര്‍ വരയ്ക്കാന്‍ തുടങ്ങി കസാരോ. ഒറിജിനല്‍ പോസ്റ്റര്‍ പോലെ തന്നെ… പോസ്റ്റര്‍ വരച്ച് തിയറ്ററിനു കൊടുക്കും. പകരം കസാരോയ്ക്ക് സിനിമയ്ക്കുള്ള ടിക്കറ്റ് സൗജന്യം.
മൈക്ക് ഹോഡ്ജസ്, സെര്‍ജിയോ ലിയോണി, ഡേവിഡ് ലിഞ്ച്, ജോണ്‍ ഹുസ്റ്റണ്‍, ബെര്‍ണാഡോ ബെര്‍ട്ടോലുച്ചി എന്നിങ്ങനെ ഒട്ടനവധി സംവിധായകരുടെ സിനിമകള്‍ ആസ്വാദകരിലേക്കെത്തിക്കാന്‍ കസാരോയുടെ പോസ്റ്ററുകള്‍ നിര്‍ണായക പങ്കു വഹിച്ചു. 1975 മുതലാണ് കസാരോ എയര്‍ ബ്രഷ് ഉപയോഗിച്ചത്.
ഇറ്റാലിയന്‍ കോമഡിയുടെ സുവര്‍ണ കാലഘട്ടത്തില്‍ പല ബ്ലോക്ക്ബസ്റ്ററുകളുടെയും ഭാഗമാകാന്‍ കസാരോയ്ക്ക് സാധിച്ചു. അമേരിക്കന്‍ സിനിമ നിര്‍മാണ കമ്പനിയായ കാറോല്‍കോ റാംബോ സിനിമകളുടെ പോസ്റ്റര്‍ നിര്‍മാണം കസാരോയെ ഏല്‍പ്പിച്ചു. മികച്ച അഭിപ്രായങ്ങളായിരുന്നു കസാരോയുടെ റാംബോ സീരിസ് പോസ്റ്ററുകള്‍ക്ക് ലഭിച്ചത്. സെര്‍ജി ലിയോണിയുടെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്കയിലൂടെ കസാരോ ലോകശ്രദ്ധ പിടിച്ചുപറ്റി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആധുനിക സാങ്കേതിക വിദ്യയുടെ കടന്നുകയറ്റമുണ്ടായി. ഇത് കസാരോയെ ബാധിച്ചിട്ടില്ലെന്നു തന്നെ പറയാം. സിനിമാ പോസ്റ്ററുകള്‍ അദ്ദേഹത്തെ തേടിയെത്തിക്കൊണ്ടിരുന്നു.
1996ല്‍ ഒയരു സൈക്കിള്‍ സവാരിയും നടത്തി കസാരോ, ആഫ്രിക്കന്‍ കാടുകളിലേക്ക്. യാത്രയ്ക്കൊരു ഇടവേള നല്കി വീണ്ടും സിനിമ പോസ്റ്ററിലേക്ക്, 1998ല്‍ ആസ്റ്ററിക്സ് ആന്‍ഡ് ഒബ്ലിക്സ്. പിന്നീട് ആര്‍മ ഡി കരാബിനിയറിക്കു വേണ്ടി 1999, 2000 വര്‍ഷങ്ങളിലെ കലണ്ടര്‍ നിര്‍മാണം.
വരച്ച ചിത്രങ്ങളെല്ലാം അത്രമേല്‍ പ്രിയം… എങ്കിലും ഒന്ന് ചൂണ്ടിക്കാട്ടാന്‍ പറഞ്ഞാല്‍, അത് ദ ഷെല്‍ട്ടറിങ് സ്കൈ. എന്തെന്നാല്‍, എല്ലാ ഘടകങ്ങളും ഒത്തുവന്ന ഒരു ചിത്രം. രണ്ടാമതായി ദ ലാസ്റ്റ് എംപറര്‍. കാരണം അതിലെ നിഗൂഡത, അന്തരീക്ഷം… 88ലെ ഹോളിവൂഡ് റിപ്പോര്‍ട്ടറിന്റെ ബെസ്റ്റ് ഇന്റര്‍ നാഷണല്‍ പോസ്റ്റര്‍ അവാര്‍ഡും ഇതിന് ലഭിച്ചു. വരച്ച ചിത്രങ്ങളില്‍ ഏറ്റവും പ്രിയപ്പെട്ടതേതെന്നുള്ള ചോദ്യത്തിന്റെ കസാരോയുടെ മറുപടിയാണിത്.
കസാരോയുടെ പ്രധാനപ്പട്ട പോസ്റ്ററുകളുലൂടെ.
നവാജോ ജോ (1966)
സെര്‍ജിയോ കോര്‍ബുക്കിയായിരുന്നു സംവിധായകന്. അദ്ദേഹത്തിന്റെ സിനിമകള്‍ മിക്കപ്പോഴും വളരെ ബുദ്ധിമുട്ടേറിയവയായിരുന്നു. അത്രതന്നെ പ്രയാസവുമായിരുന്നു പോസ്റ്റര്‍ രചനയും. ചില സാങ്കേതിക കാരണങ്ങളാല്‍ കസാരോ തന്നെ ആര്‍ട്ട് ഡയറക്ടറായി. ആശയം മുഴുവന്‍ അദ്ദേഹത്തിന്റെ സ്വന്തമായിരുന്നു.
നബ്രാസ്ക ജിം (2019)
വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ ഹോളിവുഡിന് ഒരു സിനിമ പോസ്റ്റര്‍ ആവശ്യപ്പെട്ട് 2019ല്‍ ഒരു വിളി വരികയുണ്ടായി. അത് അദ്ദേഹത്തെ ഏറെ അത്ഭുതപ്പെടുത്തി. 1960 ശൈലിയില്‍ ഒരു പോസ്റ്റര്‍ അതായിരുന്നു ക്വിന്റിനിന്റെ ആവശ്യം. പോസറ്റര്‍ നിര്‍മാണത്തില്‍ നിന്ന് വിശ്രമമെടുത്ത കസാരോയ്ക്കും അതൊരു പുതിയ അനുഭവമായി. പോസ്റ്റര്‍ രചനയ്ക്കായി ലിയണാര്‍ഡോ ഡികാപ്രിയോയുടെ ചിത്രങ്ങളും ക്വിന്റിന് നല്കി. ഒറ്റ സങ്കടം മാത്രമേ കസാരോയ്ക്കുണ്ടായുള്ളൂ. സിനിമയുടെ യഥാര്‍ഥ പോസ്റ്റര്‍ വരയ്ക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നത്.
സൊളാരിസ് (1972)
കസാരോയെ സംബന്ധിച്ചിടത്തോളം വളരെ എളുപ്പം വരയ്ക്കാന്‍ കഴിഞ്ഞ ഒന്നായിരുന്നു സൊളാരിസിന്റെ പോസ്റ്റര്‍. എല്ലായ്പ്പോഴും സിനിമകളുടെ സംവിധായകരുമായും നിര്‍മാതാക്കളുമായി സംസാരിച്ച്, അവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പോസ്റ്റര്‍ വരച്ചിരുന്നത്. അതും ഒന്നില്‍ കൂടുതല്‍ പോസ്റ്ററുകള്‍ വരയ്ക്കും. ഏതാണ് വേണ്ടതെന്ന് അവരാണ് തീരുമാനിക്കുക. എന്നാല്‍, സൊളാരിസിന്റെ കാര്യത്തില്‍ അതു വേണ്ടിവന്നില്ല. സംവിധായകനായ താര്‍കോവിസ്കിയെ നേരില്‍ കണ്ടിട്ടേയില്ല.
ഫ്ലാഷ് ഗോര്‍ഡന്‍ (1980)
ഡി ലോറസിന്റെ മറ്റൊരു പടം. ഇതിലെ വില്ലനായ മിങ്ങിനെ പോസ്റ്ററിന്റെ മധ്യത്തില്‍ വേണമെന്ന് കസാരോയ്ക്ക് നിര്‍ബന്ധമായിരുന്നു. കാരണം വില്ലന്റെ ചിത്രം നായകന്മാരില് നിന്ന് വ്യത്യസ്തമാക്കാന്‍.
കോനന്‍ ദ ബാര്‍ബേറിയന്‍ (1982)
ബോഡി ബില്‍ഡര്‍മാര്‍ക്കിടയില്‍ മാത്രമറിയാമായിരുന്ന അര്‍ണോള്‍ഡിനെ വെള്ളിത്തിരയിലേക്കെത്തിച്ചതും ലോറന്റിസായിരുന്നു. സ്പെയിനിലായിരുന്നു ഷൂട്ടിങ്. അര്‍ണോള്‍ഡിനെ ആദ്യമാത്രയില്‍ കണ്ടപ്പോള്‍ തന്നെ കഥാപാത്രത്തിന് അനുയോജ്യനാണെന്ന് ഉറപ്പിച്ചു. ഒരു പ്രതിമയുടേതെന്ന പോലെയായിരുന്നു അയാളുടെ മുഖം. മുഖത്തെ ഭാവങ്ങള്‍ കടുപ്പവും. വരച്ചെടുക്കാന്‍ ഉത്തമനായ ഒരു മനുഷ്യന്. എപ്പോഴും നയകന്മാരാണ് തന്റെ ബലഹീനതയെന്ന് കസാരോ ഓര്‍ത്തെടുക്കുന്നു.
ഒക്ടോപസി (1983)
ഇതൊരു കൂട്ടായ പ്രവര്‍ത്തനമായിരുന്നു. ഡാനിയല്‍ ഗുസുമൊത്ത്. കഥാപാത്രങ്ങളെ വരച്ചത് അദ്ദേഹമാണ്. സിനിമയുടെ പശ്ചാത്തലവും ഉള്ളടക്കവും കൊണ്ടുവന്നത് കസാരോയും.
വണ്‍സ് അപ് ഓണ്‍ എ ടൈം ഇന്‍ അമേരിക്ക (1984)
സെര്‍ജിയോ ലിയോണിയുടെ സിനിമ എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരു സന്തോഷമാണ്. അദ്ദേഹത്തിനൊപ്പമുള്ള ജോലി കസാരോ എന്നും ആസ്വദിച്ചിട്ടേയുള്ളൂ. അത്രയ്ക്ക് നല്ല ബന്ധമായിരുന്നു അരുവരും തമ്മില്‍. ഒരു ഹൃദയവും ഒരാത്മാവും എന്നുതന്നെ പറയാം. ഈ സിനിമയോടെ പോസ്റ്റര്‍ ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു. അതുകൊണ്ടുതന്നെ പുതിയ രീതിയിലായിരുന്നു രചനയും. സ്വര്‍ണമുഖത്തോടെ നാല് പ്രധാന കഥാപാത്രങ്ങളെയും പോസ്റ്ററിലുള്‍പ്പെടുത്തി. പോസ്റ്റര്‍ കണ്ടതോടെ ലിയോണിയും വിതരണക്കാരും നല്ല ത്രില്ലിലായി. പക്ഷേ, വിമര്‍ശകരുണ്ടായിരുന്നു. സ്ത്രീ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തയില്ലെന്ന വാദവുമായി. അതിനെല്ലാം ലിയോണിയാണ് പ്രതികരിച്ചത്.
ഡ്യൂണ്‍ (1984)
കസാരോയുടെ പ്രിയപ്പെട്ട പോസ്റ്ററുകളില്‍ ഒന്ന്. ഇതിനായി കഥാപാത്രങ്ങളെ നന്നായി പഠിക്കേണ്ടി വന്നു. ലോറന്റിസിന്റെ ഭാര്യയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. ഇതിന്റെ നിര്‍മാതാവു കൂടിയായിരുന്നു അവര്‍. അവരെക്കൂടി പോസ്റ്ററിലുള്‍പ്പെടുത്തണമെന്ന് ലോറന്റിസ് കസാരോയോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും ചിത്രത്തിന്റെ ഉള്ളടക്കത്തെ ബാധിക്കാത്ത വിധം അത് സാധിച്ചു.
റാംബോ: ഫസ്റ്റ് ബ്ലഡ് പാര്‍ട്ട് 2 (1985)
റാംബോയുടെ പോസ്റ്ററുകളെല്ലാം കസാരോയുടെ ഇഷ്ടാനുസരണം ചെയ്യാനുള്ള സ്വാതന്ത്ര്യം സ്റ്റാലന് അദ്ദേഹത്തിന് നല്‍കിയിരുന്നു. അതുകൊണ്ടു തന്നെ പോസ്റ്ററുകളെല്ലാം സ്റ്റാലനെ അതിശയപ്പെടുത്തി. അതിലൂടെ സ്റ്റാലന് കസാരോയുടെ കടുത്ത ആരാധകനായി.
ഡാന്‍സസ് വിത് വൂള്‍വ്സ് (1990)
മാര്‍ക്കറ്റടിസ്ഥാനത്തില്‍ ഡാന്‍സസ് വിത് വൂള്‍വ്സിന്റെ രണ്ട് രീതിയിലുള്ള പോസ്റ്ററുകളാണ് കസാരോ സംവിധായകന് കെവിന് കോസ്റ്ററിന് മുന്നില്‍ അവതരിപ്പിച്ചത്. ഒന്ന് ജര്‍മനിയില്‍ കൂടുതലായി ഉപയോഗിച്ച് വരുന്ന, കഥപറയുന്ന രീതിയിലുള്ളത്. രണ്ടാത്തേത് പെയിന്റുപയോഗിച്ച് മുഖം തുടയ്ക്കുന്നതായതും. കസാരോ ഇത് ഏറെ ഇഷ്ടപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: