കഴിഞ്ഞ 12-ാം തീയതി പ്രധാനമന്തി നരേന്ദ്ര മോദി ഉജ്ജയിനിയിലെ മഹാകാല ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ മുഖ്യഘട്ടത്തിന്റെ പൂര്‍ത്തീകരണത്തില്‍ പങ്കെടുത്തു ശ്രീകോവിലിനു മുന്നില്‍ പൂജകള്‍ നടത്തുന്ന രംഗം ടിവിയില്‍ കാണാന്‍ അവസരമുണ്ടായി. സ്വതന്ത്രഭാരതത്തിന്റെ ‘സ്വ’ വീണ്ടെടുക്കുന്നതിന്റെ ഒരു മുഖ്യഘട്ടമാണവിടെ നടന്നത്. ഭാരതമെങ്ങും ആരാധിക്കപ്പെടുന്ന ദൈവസങ്കല്പ്പമാണല്ലോ ഉജ്ജയിനി മഹാകാലനും മഹാകാളിയും. അവയുടെ കോവിലില്ലാത്ത ഒരു ചെറുഗ്രാമംപോലും ഭാരതത്തിലുണ്ടാവില്ല. ഉച്ചിനിയമ്മന്, ഉച്ചിനിമാളന് എന്ന കോവിലുകളെല്ലാം അവയില്‍പ്പെടുന്നു. ദ്വാദശജ്യോതിര്‍ലിംഗങ്ങള്‍ സ്ഥാപിക്കപ്പെട്ടത് ഭാരതവര്ഷത്തിലങ്ങോളമിങ്ങോളമാണ്; ഇന്നത്തെ ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ട് പാക്കിസ്ഥാനും ബംഗ്ലാദേശുമായിത്തീര്ന്നിടങ്ങളിലും അത് നിലനില്‍ക്കുന്നുണ്ടത്രേ. മഹേശ്വരം എന്ന ജ്യോതിര്‍ലിംഗമാണ് മെക്കയിലെ കാം അബ എന്ന സ്ഥാനമെന്നും ്രപബലമായ വിശ്വാസം നിലവിലുണ്ട്. സേതുബന്ധത്തിലെ രാമേശ്വരമൊഴികെയുള്ള മറ്റെല്ലാ ക്ഷേത്രങ്ങളും ഇസ്ലാമികവാഴ്ചക്കാലത്ത് നിലംപരിശാക്കപ്പെട്ടതായാണല്ലോ ചരിത്രം. 6 കൊല്ലം കൂടുമ്പോള്‍ കുംഭമേള നടക്കുന്ന സ്ഥലങ്ങളിലൊന്നും ഉജ്ജൈനിതന്നെ. വാരാണസി, ഋഷികേശം, നാസിക് എന്നിവയാണു മറ്റു സ്ഥലങ്ങള്‍. ശ്രീകൃഷ്ണനെ വിദ്യ അഭ്യസിപ്പിച്ച സന്ദീപനിയുടെ ഗുരുകുലവും ഉജ്ജൈനിയിലായിരുന്നു.
ഭാരതത്തിന്റേതായ ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം (ഐഎസ്ടി) ഉജ്ജയിനിയിലെ സമയമാണ്. പ്രാചീനമായ, വിക്രമാദിത്യചക്രവര്‍ത്തിയുടെ കാലത്ത് സ്ഥാപിതമായതെന്നു കരുതപ്പെടുന്ന വാനനിരീക്ഷണ ഗോപുരമിവിടെയുണ്ട്. ഉത്തരായനരേഖ കടന്നുപോകുന്നതു അതിലേയാകുന്നു. ഉത്തരായനരേഖയില്‍ നിര്‍മിച്ചിട്ടുള്ള അതിന് ജന്തര്‍മന്തര്‍ എന്നാണ് പ്രഖ്യാതമായ പേര്. യന്ത്രമന്ദിരമെന്ന സംസ്കൃതനാമത്തിന്റെ പ്രാദേശിക ഉച്ചാരണമാണത്. ഹിന്ദു ജ്യോതിശാസ്ത്രത്തിന്റെ വിജയപതാകയേന്തിയാണ് ജന്തര്‍മന്തറുകള്‍ സ്ഥിതിചെയ്യുന്നത്. ഇപ്പോഴും നാം കുത്തബ്മിനാര്‍ എന്ന ആക്രമണകാരിയുടെ പേര്തന്നെ നല്കി സംബോധന ചെയ്യുന്ന സ്തംഭവും വാനനിരീക്ഷണ ഗോപുരമായി നിര്മിക്കപ്പെട്ടതാണെന്നു പുരാവസ്തുവിദഗ്ധരില് ചിലര്‍ അഭിപ്രായപ്പെടുന്നു. അതിന് 27 തൂണുകള്‍ പോലുള്ള വശങ്ങളിലേ നിര്‍മിതി ഓരോന്നും ഒരു നക്ഷത്രത്തെ കുറിക്കുന്നതാണെന്നവര് പറയുന്നു. രണ്ടു നൂറ്റാണ്ടുകാലമെങ്കിലും ഭാരത സാമ്രാജ്യത്തിന്റെ രാജധാനിയായിരുന്ന ഉജ്ജയിനി എല്ലാക്കാലത്തും, എല്ലാവിധത്തിലുംപെട്ട ജനങ്ങള്‍ക്കു പ്രചോദനം നല്കിവന്നു, ഇന്നും അങ്ങിനെതന്നെ. കാവാലം നാരായണപ്പണിക്കരുടെ നാടകങ്ങള്‍ അരങ്ങേറിയതും അദ്ദേഹം കാളിദാസ പുരസ്കാരം നേടിയതും അവിടെയായിരുന്നുവല്ലൊ.
കാളിദാസന്റെ മേഘസന്ദേശത്തില്‍ ഏറ്റവുമധികം വര്‍ണിക്കപ്പെടുന്ന സ്ഥലം ഉജ്ജയിനിയാണ്. 1973 ല്‍ ഭാരതീയ ജനസംഘത്തിന്റെ അഖിലഭാരതീയ പ്രതിനിധിസഭയുടെ നാലു ദിവസത്തെ പഠനശിബിരം ഉജ്ജയിനിയിലെ കാളിദാസ് ഉദ്യാനത്തില്‍ നടത്തപ്പെട്ടു. ലാല്‍കൃഷ്ണ അദ്വാനി മുന്‍ഗാമിയായ അടല്‍ബിഹാരി വാജ്പേയിയില്‍നിന്ന് ചുമതലയേറ്റ ചടങ്ങും അവിടെയായിരുന്നു. പ്രതിനിധികളില്‍പ്പെട്ട പ്രസിദ്ധ അഭിഭാഷകന് പി.ആര്. നമ്പ്യാര്‍ (കിള്ളിക്കുറിശ്ശിമംഗലക്കാരനായിരുന്നു), നമ്പ്യാര്‍ ശൈലിയില്‍ത്തന്നെ ഉജ്ജയിനി യാത്രയെ തന്റെ ‘ഓര്‍മയുടെ തീരത്ത്’ എന്ന ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. സമ്മേളനത്തിലെ ചര്‍ച്ചകളില്‍, ഹിന്ദിയിലോ, മാതൃഭാഷയിലോ വേണം പ്രതിനിധികള്‍ സംസാരിക്കാന്‍ എന്ന് അടല്‍ജി അഭിപ്രായപ്പെട്ടു. പ്രൊഫ. ലക്ഷ്മീ നാരായണന് ഇംഗ്ലീഷില്‍ സംസാരിച്ചു. പി.ആര്. നമ്പ്യാര്‍ ഹിലയാളം എന്നു പറയാവുന്ന ഭാഷയും പ്രയോഗിച്ചു. കേരളത്തിലെ മറ്റു പ്രതിനിധികള്‍ മലയാളം പ്രയോഗിച്ചു. അതു ഹിന്ദിയില്‍ വിവര്‍ത്തനം ചെയ്യേണ്ട ഭാരം എനിക്കായി. തമിഴ്നാട്ടില്‍ നിന്നുവന്ന തിരുക്കോയില്‍ സുന്ദരം മനോഹരമായ ഹിന്ദി ഭാഷയില്‍ത്തന്നെ തന്റെ അഭിപ്രായപ്രകടനം നടത്തി.
ആ സത്രം സമാപിച്ചപ്പോള്‍ അടല്‍ജി മലയാള പ്രതിനിധികളെ പിടിച്ചുനിര്‍ത്തി. സ്വാതന്ത്ര്യത്തിനു മുന്‍പ് ആയിരക്കണക്കിന് മലയാളികള്‍ ഹിന്ദി പഠിച്ചു. ഭാരതമെങ്ങും അതിന്റെ പ്രചാരണത്തിനായി പ്രവര്‍ത്തിച്ച വിവരം അറിയില്ലെ? എന്നന്വേഷിച്ചു. നിരക്ഷരരായിരുന്നവരെ ഹിന്ദി എഴുതാനും വായിക്കാനും പഠിപ്പിച്ചത് മലയാളികളും തമിഴരുമാണെന്നതു മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രീയ ഹിന്ദി നിദേശാലയത്തിന്റെ തലവന്‍ ചന്ദ്രഹാസനും കേരളീയനാണെന്നദ്ദേഹമോര്മ്മിപ്പിച്ചു.
കോട്ടയത്തിനടുത്ത് പനച്ചിക്കാട് ശാഖയില്‍ സ്വയംസേവകനായിരുന്ന ബാലചന്ദ്രവാര്യര്‍ ജയിച്ചശേഷം ആഗ്രയില്‍ പോയി അധ്യാപകനാകുകയും, അവിടെ പഠന ഗവേഷണങ്ങള്‍ നടത്തി ഡോക്ടര്‍ പദവി നേടുകയുമുണ്ടായി. അദ്ദേഹം അവിടുത്തെ ഒരു ഹിന്ദി കോളജിന്റെ പ്രിന്‍സിപ്പലുമായി. ഇടയ്ക്കു നാട്ടില്‍ അവധിക്കാലത്ത് വരുമ്പോള്‍ തൊടുപുഴയില്‍ സംഘചാലക് ആയിരുന്ന എന്റെ അച്ഛനെ കാണാന്‍ വരുമായിരുന്നു. കേരളത്തിലെ ജനസംഘപ്രവര്‍ത്തകര്‍ പരമേശ്വരജിയുടെ നേതൃത്വത്തില്‍ ഉജ്ജയിനിയില്‍ വരുന്ന വിവരം അറിയിച്ചുവെങ്കിലും വാര്യര്‍ വന്നില്ല.
ശിബിരത്തിന്റെ അവസാന ദിവസം മധ്യഭാരത പ്രാന്ത് സംഘചാലകന് പണ്ഡിറ്റ് രാമനാരായണ ശാസ്ത്രി പ്രഭാത് ശാഖയില്‍ പ്രതിനിധികളെ സംബോധന ചെയ്തു. അദ്ദേഹം
വക്രഃ പന്ഥാസ്തവേ ഭവതു ച
പ്രസ്ഥിതസ്യോത്തരാംശാം
സൗധോത്സംഗ പ്രണയവിമുഖോ
മചേ ഭൂരുജ്ജയിന്യാം
വിദ്യുദ്ദാമസ്ഫുരണ ചകിതൈ
സ്തത്ര പൗരാംഗനാനാം
ലോലാപാംഗൈര്യദി നരമസേ
ലോചനൈര്‍ വഞ്ചിതോസി
എന്ന ശ്ലോകം ചൊല്ലി വടക്കോട്ടു പോകുമ്പോള്‍ വഴി വളഞ്ഞാലുമാകട്ടെ ഉജ്ജയിനിയിലെ മാളിക മാടങ്ങളോട് ഉപേക്ഷ കാണിക്കരുത്. മേഘമാര്‍ഗത്തെയും കവിഞ്ഞ ഉജ്ജയിനിയിലെ മാളികകളില് ചെന്നുവിശ്രമിക്കുകയും, ചെയ്തില്ലെങ്കില്‍ താങ്കള്‍ക്ക് വന്‍ നഷ്ടമാവും എന്നര്‍ത്ഥം പറയുകയും ചെയ്താണ് തന്റെ ബൗദ്ധിക് ആരംഭിച്ചത്.
പണ്ഡിത് രാമനാരായണ ശാസ്ത്രി നമ്മുടെ വൈദ്യമഠം വലിയ നാരായണന് നമ്പൂതിരിയെപ്പോലുള്ള വിദഗ്ദ്ധനായിരുന്നു. രാഷ്ട്രപതിയുടെ ആയുര്‍വേദ വൈദ്യന് എന്ന സ്ഥാനവും, കവിരാജ് എന്ന ബഹുമതിയും വഹിച്ചിരുന്നു. 1955 ല്‍ ശ്രീ ഗുരൂജി പട്ടാമ്പിയില്‍ ചികിത്സക്ക് എത്തിയപ്പോള്‍ ശാസ്ത്രി അത് കണ്ടു മനസ്സിലാക്കാന്‍ വന്നു. ഒരു എണ്ണപാത്തി വാങ്ങി തന്റെ നാട്ടില്‍ കൊണ്ടുപോയി എന്നും അറിയാം.
ശിബിരത്തില്‍ ഞങ്ങള്‍ക്ക് ഒരു പ്രഭാതത്തില്‍ മഹാകാല ക്ഷേത്രത്തില്‍ ദര്‍ശനത്തിനു അവസരംകിട്ടി. ഷിപ്രാ നദിയില്‍ ചിറകെട്ടി വെള്ളം നിര്‍ത്തിയിരിക്കയാണ്. ആരാധകന് ശ്രീകോവിലില്‍ കയറി മഹാകാല ലിംഗത്തില്‍ മാല ചാര്‍ത്താം. അന്നു പ്രതിനിധികള്‍ക്കു പുറമേ അധികം ഭക്തന്മാരെ കാണാന്‍ കഴിഞ്ഞില്ല. വിശേഷദിവസങ്ങളില്‍ ആയിരക്കണക്കിനു തീര്ത്ഥാടകരെത്തുമത്രേ. കുംഭമേളയുടെ മഹാസ്നാന ദിവസങ്ങളില്‍ 15-20 ലക്ഷം തീര്‍ത്ഥാടകരെത്തും. അവര്‍ക്ക് നിരക്കാനുള്ള സ്ഥലങ്ങള്‍ ഞങ്ങള്‍ പോയപ്പോള്‍ നിര്‍ജനമായിരുന്നു.
മോദിജി പുതുക്കിയ ക്ഷേത്രം രാഷ്ട്രത്തിനും ഹൈന്ദവ ജനതയ്ക്കുമായി സമര്‍പ്പിച്ച രംഗങ്ങള്‍ നേരില്‍ (ടിവിയില്‍) കണ്ടപ്പോള്‍ പഴയ സ്മരണകള്‍ തെളിയുകയായിരുന്നു. ക്ഷേത്ര പരിസരങ്ങള്‍ 80 ഹെക്ടറോളം വികസനത്തിനു തയ്യാറാക്കപ്പെടുകയാണ്. സ്വച്ഛവും സുന്ദരവുമായി ക്ഷേത്ര സാകല്യം കാണുമ്പോള്‍ ഉള്‍പുളകം പൂണ്ടു. അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ സുപ്രീംകോടതി വിധിയെ തുടര്‍ന്നു നടന്ന നിര്‍മാണാരംഭത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും, സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും എത്തിയപ്പോഴത്തെ ഭാവനിര്‍ഭരമായ അന്തരീക്ഷത്തിനു സമാനമായിത്തോന്നി ഉജ്ജയിനി കണ്ടപ്പോഴും വാരാണസിയിലെ വിശ്വനാഥ ക്ഷേത്രം നൂറ്റാണ്ടുകളായി കഴിഞ്ഞുകൂടിയ ദുര്‍ദശയ്ക്കു പരിഹാരം കാണാന്‍ അവിടത്തെ ലോക്സഭാംഗം കൂടിയായ പ്രധാനമന്ത്രി എടുത്ത ത്വരിത നടപടിയില്‍ അസൂയയും രോഷവും പൂണ്ടവര്‍ നിസ്സഹായരായ അവസ്ഥയിലാണല്ലൊ!
ഭാരതജനതയുടെ ആത്മവീര്യവും വിജിഗീഷയും സുശക്തമാക്കാന്‍ മോദിയുടെ ഈ മുന്‍കൈ എത്ര സഹായകരമാണ്. ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത നിലയിലാണ് ഇന്നും തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിലേയ്ക്കു തലശ്ശേരി തിരുവങ്ങാട്ട് ശ്രീരാമസ്വാമി ക്ഷേത്രത്തിലെയും, ഗോപുരങ്ങളും ചുറ്റുമതിലുകളും എന്നത് -സ്വാതന്ത്ര്യം മുക്കാല്‍ നൂറ്റാണ്ടാവുമ്പോഴും കേരള ഹിന്ദുക്കള്‍ക്ക് അഭിമാനകരമാണോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: