കൃഷ്ണഗിരി: തമിഴ്നാട്ടിലെ ഹൊസൂരില്‍ സര്‍ക്കാര്‍ സ്കൂളിലെ നൂറിലേറെ വിദ്യാര്‍ത്ഥികള്‍ വിഷവാതകം ശ്വസിച്ച് ആശുപത്രിയില്‍. സെപ്റ്റിക് ടാങ്ക് പൊട്ടിയുണ്ടായ വിഷവാതകച്ചോര്ച്ചയാണ് അപകടമുണ്ടാക്കിയത് എന്നാണ് പ്രാഥമിക വിവരം. ഛര്‍ദ്ദിയും തലചുറ്റലുമുണ്ടായതോടെ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരിനടുത്തുള്ള സർക്കാർ സ്കൂളിലെ 6, 7 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ഛർദ്ദിയും തളർച്ചയും അനുഭവപ്പെട്ടു. പ്രഥമാധ്യാപകൻ കുട്ടികളെ പെട്ടെന്നു തന്നെ ക്ലാസ് മുറികളില്‍ നിന്നു മാറ്റി ഗ്രൗണ്ടിലേക്ക് ഇറക്കി നിര്‍ത്തിയതിനാല്‍ കൂടുതല്‍ പേര് അപകടത്തില്‍ നിന്ന് ഒഴിവായി. ഉടൻ തന്നെ വൈദ്യസഹായം തേടുകയും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
കുട്ടികള്‍ തളര്‍ന്നു വീണതറിഞ്ഞ് മാതാപിതാക്കള്‍ പരിഭ്രാന്തരായി സ്കൂളിലെത്തി.രോഗം ബാധിച്ച കുട്ടികൾക്ക് ചികിത്സ നൽകുകയും ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി മെഡിക്കൽ സംഘത്തെ സ്കൂളിൽ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ ഭരണകൂടവും പോലീസും സ്കൂളിലെത്തി സംഭവത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: