കൊട്ടാരക്കര: കോടികളുടെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് 14 ദിവസത്തേക്ക് റിമാന്‍ഡിലായ കേച്ചേരി ചിട്ടി ഫണ്ട് ഉടമ എസ്. വേണുഗോപാലിനെ (57) കൊട്ടാരക്കര പോലീസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. നടപടിക്രമങ്ങള്‍ പാലിക്കാതെ അറസ്റ്റ് ചെയ്തതിനാല്‍ തിങ്കളാഴ്ച വേണുഗോപാലിന് കോടതി ജാമ്യം അനുവദിക്കുകയും ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
താമരക്കുടിയില്‍ വച്ച് നിക്ഷേപകര്‍ വേണുഗോപാലിനെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. നോട്ടീസ് നല്കല് ഉള്‍പ്പടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതോടെയാണ് പോലീസിന്റെ റിമാന്‍ഡ് ആവശ്യവും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവും കോടതി അംഗീകരിച്ചത്. ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയും അനുവദിച്ചു. ഇതിനിടയില്‍ തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ പരാതികള്‍ ലഭിച്ചതായി പോലീസ് പറയുന്നു. 200 പരാതികളാണ് വിവിധ പോലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിരിക്കുന്നത്.
കൊട്ടാരക്കര സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം അഞ്ച് കേസുകള്‍ കൂടി രജിസ്ടര്‍ ചെയ്തു. നാല്പതോളം ശാഖകളിലായി മൂന്നൂറു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പോലീസിന്റെ വിലയിരുത്തല്‍. ഉടമയുടെ സാമ്പത്തിക ഇടപാടുകള്‍, വസ്തുവകകളുടെ വിവരങ്ങള്‍ തുടങ്ങിയവയെല്ലാം പരിശോധിക്കുമെന്നും വിവിധ സ്റ്റേഷനുകളില്‍ നിലനില്‍ക്കുന്ന എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: