പത്തനംതിട്ടയില്‍നിന്ന് പുറത്തുവന്ന വാര്‍ത്ത മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അന്ധവിശ്വാസത്തിന്റെ പേരില്‍ പല ക്രൂരകൃത്യങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും ഇത്രയും നീചവും പൈശാചികവുമായ ഒരു സംഭവം കേരളത്തില്‍ നടന്നിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. എറണാകുളത്ത് താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയും തൃശൂര്‍ സ്വദേശിയുമായ രണ്ട് സ്ത്രീകളെ പല പ്രലോഭനങ്ങളും നല്കി തെറ്റിദ്ധരിപ്പിച്ച് പത്തനംതിട്ട ഇലന്തൂരിലെത്തിച്ച് പ്രാകൃതമായി കൊലപ്പെടുത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ ഷിഹാബ് എന്ന പേരുള്ള ഏജന്റാണ് മൂന്നുമാസത്തെ ഇടവേളയില്‍ ഈ സ്ത്രീകളെ ഇലന്തൂരിലെ വൈദ്യകുടുംബത്തില്‍ വച്ച് അരുംകൊല ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. നരബലി നടത്തി ഒരു സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്ന് ഈ വീട്ടിലെ ദമ്പതിമാരെ ഈ ഏജന്റ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. സ്ത്രീകളെ കബളിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ഷിഹാബ് തന്നെയാണ് റഷീദ് എന്ന സിദ്ധന്റെ വേഷം കെട്ടിയതത്രേ. ഇതിനെ തുടര്‍ന്ന് മൂന്നുപേരും ചേര്‍ന്ന് കൊലപാതകങ്ങള്‍ നടത്തുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എന്തോ വലിയ ശാപം മൂലം ആദ്യത്തെ കൊലപാതകം ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമതും ഒരു പാവം സ്ത്രീയെ നരബലി നല്‍കിയതെന്നാണ് അറിയാന്‍ കഴിയുന്നത്. കൊലചെയ്യപ്പെട്ട തമിഴ്നാട് സ്വദേശിനിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധു നല്കിയ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ് നടുക്കുന്ന സംഭവത്തെ പുറത്തുകൊണ്ടുവന്നത്. മൃഗീയമായി കൊലപ്പെടുത്തി കുഴിച്ചിട്ടിടത്തുനിന്ന് മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് പേര്‍ക്കു പുറമെ കൂടുതല്‍ ആളുകളെ ഇപ്രകാരം കൊലപ്പെടുത്തിയിട്ടുണ്ടോ, മറ്റാര്‍ക്കെങ്കിലും ഇതില്‍ പങ്കാളിത്തമുണ്ടോ എന്നൊക്കെയുള്ള വിവരങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ.
പ്രബുദ്ധ കേരളം എന്ന വിശേഷണത്തിന് അര്‍ഹതയില്ലെന്നാണ് ഈ നരബലികള്‍ നമ്മോടു പറയുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ സമാനമായ ചില സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനെ അപലപിക്കുകയും, കേരളത്തിലേതുപോലെ പുരോഗമന ചിന്താഗതിയാര്‍ജിക്കാന്‍ അവിടങ്ങളിലെ സമൂഹത്തിന് കഴിയാത്തതാണ് ഇതിനിടയാക്കുന്നതെന്ന് കരുതുകയും ചെയ്യുന്നവരാണ് പൊതുവെ മലയാളികള്‍. ഇതിന്റെയടിസ്ഥാനത്തില്‍ ഇത് കേരളമാണെന്ന് ഇടക്കിടെ അഭിമാനംകൊള്ളുകയും ചെയ്യും. സാക്ഷരത പ്രബുദ്ധതയല്ലെന്ന തിരിച്ചറിവ് ഇനിയെങ്കിലും നാം നേടേണ്ടിയിരിക്കുന്നു. വിദ്യാഭ്യാസമുണ്ട്, അറിവുണ്ട് എന്നൊക്കെയുള്ള മേനിപറച്ചില്‍ വെറുതെയാണ്. മൃഗങ്ങള്‍പോലും അറയ്ക്കുന്ന ക്രൂരതകള്‍ ചെയ്യാന്‍ മടിക്കാത്ത മനുഷ്യപ്പിശാചുക്കള് നമുക്കിടയില്‍ വിഹരിക്കുന്നുണ്ട്. ഇതിലൊരാളാണ് പത്തനംതിട്ടയിലെ നരബലിക്ക് കളമൊരുക്കിയ ഏജന്റ്. നിസ്സഹായരായ രണ്ട് സ്ത്രീകളെ കൊലചെയ്യാന്‍ ആദ്യം മുന്നോട്ടുവന്നത് ഒരു സ്ത്രീയാണെന്നത് അമ്പരപ്പുളവാക്കുന്നു. കൂട്ടുപ്രതിയായ ഭഗവത് സിങ് സിപിഎമ്മിന്റെ സജീവപ്രവര്‍ത്തകനും പാര്‍ട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണെന്നു മാത്രമല്ല, കവിതയിലും മറ്റും താല്‍പ്പര്യമുള്ള സാംസ്കാരിക പ്രവര്‍ത്തകനുമാണത്രേ! പുരോഗമന മുഖംമൂടികള്‍ക്കപ്പുറം എന്തും ചെയ്യാന്‍ മടിക്കാത്ത ഇത്തരക്കാര്‍ വേറെയുമുണ്ടാവാം. തനിനിറം പുറത്തുകാണിക്കാതെ അവര്‍ മാന്യന്മാരും ഉപകാരികളുമൊക്കെയായി വിലസുകയായിരിക്കും. പുറമേക്കുള്ള ഭാവപ്രകടനങ്ങള്‍ എന്തുതന്നെയായിരുന്നാലും ആളുകളെ അടുത്തറിയുക തന്നെ വേണം. നാട്ടുകാര്‍ക്ക് നേരിയ സംശയമെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു ബീഭത്സ സംഭവം അരങ്ങേറുമായിരുന്നില്ല.
അവകാശവാദങ്ങള്‍ എന്തൊക്കെയായിരുന്നാലും കേരളീയ സമൂഹത്തിന് അടിസ്ഥാനപരമായ ചില തകരാറുകളുണ്ടെന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന അക്രമസംഭവങ്ങളും, ഒന്നിനുപുറകെ ഒന്നായി സ്വന്തം ചോരയില്‍പ്പെട്ടവരെപ്പോലും അരുംകൊല ചെയ്യുന്നതും സമൂഹമനസ്സ് രോഗാതുരമാണെന്നതിന് തെളിവാണ്. അന്ധവിശ്വാസങ്ങള്‍ക്കൊപ്പം പണത്തിനും സ്വത്തിനും വേണ്ടിയുള്ള ഒടുങ്ങാത്ത ആര്‍ത്തി മനുഷ്യനെ പിശാചാക്കുമെന്ന് ഒരു വനിത സ്വന്തം കുടുംബത്തിലെ ആറുപേരെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ കൂടത്തായി കേസ് ഓര്‍മിപ്പിക്കുന്നു. ഇത്തരം അതിക്രൂരതകളോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണം അല്‍പ്പായുസ്സുകളായിപ്പോകുന്നു. നിര്‍ദോഷമായ ആചാരങ്ങളോടുപോലും കയര്‍ക്കുന്നവര്‍ അന്ധവിശ്വാസങ്ങളുടെ പേരില്‍ നടക്കുന്ന കൊടുംപാതകങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു. ഒരു പീഡയെറുമ്പിനുംവരുത്തരുത് എന്നതുപോലുള്ള ആത്മീയ അറിവുകള്‍ മനുഷ്യന് പകര്‍ന്നു നല്കി സാമൂഹ്യമായ ഉണര്‍വുണ്ടാക്കണം. ഈ ഉത്തരവാദിത്വത്തില്‍നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാരിനും സ്ഥാപനങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മാറിനില്‍ക്കാനാവില്ല. അതോടൊപ്പം കുറ്റം ചെയ്താല്‍ പിടിയിലാകുമെന്നും ശിക്ഷിക്കപ്പെടുമെന്നുമുള്ള ബോധം വ്യക്തികളില്‍ സൃഷ്ടിക്കപ്പെടണം. സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗങ്ങള്‍ തടയാനും, അതിലെ ചതിക്കുഴികളില്‍ വീഴാതിരിക്കാനുമുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം വ്യാപകമായി നടക്കണം. ഏറ്റെടുക്കുന്ന കേസുകള്‍ സമയബന്ധിതമായി അന്വേഷിച്ച് കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണം. ഇലന്തൂരിലെ നരബലിയെപ്പോലുള്ള കൊടുംപാതകങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലും ജാഗ്രതയും സര്‍ക്കാരിനും പൊതുസമൂഹത്തിനും ഉണ്ടായേ തീരൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: