മുംബൈ: മഹാവികാസ് അഘാദി സര്‍ക്കാര്‍ നിലംപൊത്തിയ ശേഷം ഒന്നിന് പിറകെ ഒന്നായി ഉദ്ധവ് താക്കറെയ്‌ക്കും അദ്ദേഹത്തിന്റെ ശിവസേനയ്‌ക്കും തിരിച്ചടി ഒഴിഞ്ഞ നേരമില്ല. ഏറ്റവുമൊടുവില്‍ അച്ഛന്‍റ ബാല്‍ താക്കറെ ശിവസേന രൂപീകരിച്ചതു മുതല്‍ കുടുംബസ്വത്തായി സൂക്ഷിച്ച ശിവസേനയുടെ ‘അമ്പും വില്ലും’ എന്ന ചിഹ്നം തല്‍ക്കാലത്തേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ മാനമാണ് ഉദ്ധവ് താക്കറെയ്‌ക്ക് നഷ്ടമായത്. ശിവസേന എന്ന പേരും മരവിപ്പിച്ചു.
ഇപ്പോള്‍ ഷിന്‍ഡെ പക്ഷത്തിന് അമ്പും വില്ലിനോടും അടുത്തു നില്‍ക്കുന്ന രണ്ടു വാളുകളും പരിചയും ചിഹ്നമായി നല്‍കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മാത്രമല്ല, ബാല്‍താക്കറെയുടെ പേര് മുഖ്യമാക്കി നിലനിര്‍ത്തി ‘ബാലേസാഹേബാഞ്ചി ശിവസേന’ എന്നാക്കിയിരിക്കുകയാണ് ഏക്നാഥ് ഷിന്‍ഡെ. പാര്‍ട്ടിയുടെ പേരിനൊപ്പം ശിവസേന എന്ന വാക്കും നിലനിര്‍ത്താനായത് ഏക്നാഥ് ഷിന്‍ഡെയുടെ വന്‍വിജയമായി.
ഉദ്ധവ് താക്കറെയ്‌ക്ക് ഇപ്പോള്‍ തീപ്പന്തം എന്ന ചിഹ്നമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്നത്. സ്വന്തം പേരിന് പ്രധാന്യം നല്‍കിയ പേരാണ് ഉദ്ധവ് പാര്‍ട്ടിക്ക് നല്‍കിയിരിക്കുന്നത്- ‘ഉദ്ധവ് ബാലാസാഹേബ് താക്കറെ’. സ്വന്തം അണികള്‍ക്കുള്ളില്‍ തന്നെ ഈ പേരിനോട് എതിര്‍പ്പുയരുന്നുണ്ട്. ബാലാസാഹേബ് താക്കറെയെ രണ്ടാമനാക്കി എന്നതാണ് വിമര്‍ശനം.
ഉദ്ധവ് താക്കറെ പക്ഷം ദിവസേനയെന്നോണം നിലം പൊത്തുന്ന കാഴ്ചയ്‌ക്കാണ് മഹാരാഷ്‌ട്ര സാക്ഷ്യം വഹിക്കുന്നത്. ഉദ്ധവ് താക്കറെയുടെ സഹോദരന്‍ വരെ കഴിഞ്ഞ ദിവസം ഏക് നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം പോയി. നിരവധി ശിവസൈനികര്‍ കൂട്ടത്തോടെ ദിവസേന ഷിന്‍ഡെ പക്ഷത്തേയ്‌ക്ക് ഒഴുകിയെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: