മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച് പല്‍ഘാറില്‍ രണ്ട് ഹിന്ദു സന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന സംഭവം ഉണ്ടായത്. പൊതുവെ ക്രിസ്തീയ മതപരിവര്‍ത്തനത്തിന് പേര് കേട്ട പല്‍ഘാറിലൂടെ രാത്രിയില്‍ കടന്നുപോകുകയായിരുന്ന രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ച് അടിച്ചുകൊന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവര്‍ എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു സന്യാസിമാര്‍.
2020 ഏപ്രില്‍ 16ന് ഈ സംഭവം നടന്നിട്ടും ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇതുവരെ കുറ്റവാളികളെ കണ്ടെത്താനായില്ല. കേസന്വേഷണം സിബിഐയ്ക്ക് വിടുക എന്ന ആവശ്യം തടയുകയായിരുന്നു അന്ന് ഉദ്ധവ് താക്കറെ.
ഇപ്പോള്‍ ഏക് നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്ക്ക് വിടാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഏറെ നാളായുള്ള ആവശ്യമാണ് ഇപ്പോള്‍ നടപ്പാകുന്നത്. പല്‍ഘാറില്‍ ഹിന്ദുസന്യാസിമാരെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്കിയ നിരവധി റിട്ട് പരാതികളില്‍ മഹാരാഷ്ട്രയിലെ ഡിജിപി ഓഫീസിലെ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി തന്നെ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് കേസന്വേഷണം സിബിഐയ്ക്ക് കൈമാറാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.
“മഹാരാഷ്ട്രപോലുള്ള ഒരു പുരോഗമന സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിച്ചുകൂട. സന്യാസിമാരെ അടിച്ചുകൊന്ന കേസില്‍ ഹിന്ദുക്കള്‍ക്ക് ആശ്വാസമാകേണ്ട മുഖ്യമന്ത്രി അവിടെ ഉണ്ടായിട്ടും ഒന്നും നടന്നില്ല. സന്യാസിമാരെ മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കിലും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ വെറുതെ വിടരുത്.”- മഹാരാഷ്ട്ര മന്ത്രി ദീപക് കേസര്‍കാര്‍ പറഞ്ഞു.
2020 ഏപ്രില്‍ 16ന് മഹന്ത് കല്പവൃക്ഷ ഗിരി, സുശീല്‍ഗിരി മഹാരാജ് എന്നീ രണ്ട് ഹിന്ദു സന്യാസിമാര്‍ ഗുജറാത്തില്‍ ഒരു ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്രയിലെ പല്‍ഘാറിലൂടെ പോകുകയായിരുന്നു. വാഹനം ഓടിച്ചിരുന്നത് നിലേഷ് യെല്‍ഗേഡ് ആയിരുന്നു. ഈ മൂന്നുപേരെയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് തെറ്റിദ്ധരിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നു എന്നാണ് പറയപ്പെടുന്നത്. സംഭവം അറിഞ്ഞ് കാസ പൊലീസ് സ്റ്റേഷനില്‍ നിന്നും നാല് പൊലീസുകാര്‍ എത്തി. എന്നാല്‍ ആള്‍ക്കൂട്ടം അക്രമാസക്തരായിരുന്നു. അവര്‍ സന്യാസിമാര്‍ യാത്ര ചെയ്തിരുന്ന വാഹനം മറിച്ചിടുക വരെ ചെയ്തു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസുകാരെത്തി. സന്യാസിമാരെയും ഡ്രൈവറെയും ഒരു വിധം പൊലീസ് വാഹനത്തില്‍ കയറ്റിയെങ്കിലും ആള്‍ക്കൂട്ടം വിട്ടില്ല. പൊലീസുകാരെ ആക്രമിച്ച ശേഷം ആള്‍ക്കൂട്ടം രണ്ട് സന്യാസിമാരെയും അവരുടെ ഡ്രൈവറെയും അടിച്ചുകൊന്നു. എന്നാല്‍ ചില വീഡിയോകളില്‍ ആള്‍ക്കൂട്ടം സന്യാസിമാരെ ആക്രമിക്കുമ്പോള്‍ നിശ്ശബ്ദരായി പൊലീസ് നോക്കിനില്ക്കുന്നതു കാണാമായിരുന്നതായി പറയുന്നു.
ഇതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. കൊലപാതകം ഒഴിവാക്കാമായിരുന്നിട്ടും അത് തടയാതിരുന്ന 18 പൊലീസുകാരെ സസ്പെന്റ് ചെയ്തിട്ടുണ്ട്. 126 കുറ്റവാളികളെ ഉള്‍പ്പെടുത്തി കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ 10 പേര്‍ക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്കി. വീഡിയോകളില്‍ ഈ പത്ത് പേര് അത്ര അക്രമാസക്തരായി കാണപ്പെടാത്തതുകൊണ്ടാണ് അവരെ വെറുതെ വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: