മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പരിവാരസമേതം നടത്തിക്കൊണ്ടിരിക്കുന്ന വിദേശയാത്ര ഒരിക്കല്‍ക്കൂടി വിവാദമായിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായിരുന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന് അന്തരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം. കോടിയേരിയുടെ മരണത്തെത്തുടര്‍ന്ന് രണ്ടാഴ്ചക്കാലത്തെ വിദേശയാത്ര മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും നീട്ടിവയ്ക്കേണ്ടിവന്നിരുന്നു. എന്നാല്‍ പാര്‍ട്ടി നേതാക്കളും അണികളും ആഗ്രഹിച്ചതുപോലെ കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിനു വച്ചശേഷം വിലാപയാത്രയായി കണ്ണൂരിലേക്ക് കൊണ്ടുവന്നില്ല. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍നിന്ന് നേരിട്ട് കണ്ണൂരിലേക്ക് എത്തിക്കുകയായിരുന്നു. വളരെ തിടുക്കത്തില്‍ അന്തിമോപചാരങ്ങള്‍ നടത്തി പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെയും മറ്റും വിദേശയാത്രകള്‍ക്ക് തടസ്സം വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്ന വിമര്‍ശനം ഉയര്‍ന്നു. പതിവിനു വിപരീതമായി മുഖ്യമന്ത്രിയുടെ വൈകാരിക പ്രകടനം യാന്ത്രികമായിരുന്നുവെന്നും ചില കോണുകളില്‍നിന്ന് പ്രതികരണങ്ങളുണ്ടായി. ഇതിനെ ശരിവയ്ക്കുംവിധം മുഖ്യമന്ത്രിയും പ്രമുഖ വകുപ്പ് മന്ത്രിമാരും ഒട്ടും സമയം കളയാതെ രാജ്യം വിടുകയും ചെയ്തു. അന്തരിച്ച നേതാവിനോടുള്ള ആദരസൂചകമായി വിദേശസന്ദര്‍ശനം നീട്ടിവയ്ക്കാനോ കുറഞ്ഞപക്ഷം പരിവാരങ്ങളെ ഒഴിവാക്കാനോ തയ്യാറായില്ല. ഇത് വലിയ അമര്‍ഷമാണ് സിപിഎമ്മിനുള്ളില്‍ സൃഷ്ടിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രാ പരിപാടി പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് അനാവശ്യമാണെന്ന് പ്രതിപക്ഷം ആക്ഷേപമുന്നയിച്ചിരുന്നു. സംസ്ഥാനത്തിന്റെ സാമ്പത്തികനില പാടെ തകര്‍ന്ന്, നിത്യനിദാന ചെലവുകള്‍ക്കുപോലും കടമെടുക്കേണ്ടിവരുന്ന സാഹചര്യത്തില്‍ കോടിക്കണക്കിനു രൂപ ഖജനാവില്‍നിന്ന് എടുത്തുകൊണ്ടുള്ള വിദേശസന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ബിജെപിയും കോണ്‍ഗ്രസ്സും ഉള്‍പ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ഈ നിര്‍ദേശം ചെവിക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നു മാത്രമല്ല, ഏറെക്കുറെ കാലിയായ ഖജനാവിന്റെ കാവല്‍ക്കാരനായ ധനമന്ത്രി തന്നെ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്ക് പണം ചെലവഴിക്കുന്നതിനെ ന്യായീകരിക്കുകയും ചെയ്തു. ആഡംബര കാറുകളുടെ വര്‍ധിച്ച തോതിലുള്ള വില്‍പ്പന ചൂണ്ടിക്കാട്ടി കേരളം അത്ര ദരിദ്രമൊന്നുമല്ലെന്നാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രഖ്യാപിച്ചത്. യാഥാര്‍ത്ഥ്യബോധമില്ലാത്തതും, ജനക്ഷേമത്തിന് തീരെ പരിഗണന നല്‍കാത്തതുമായ സമീപനമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സമ്പദ്വ്യവസ്ഥയ്ക്ക് എന്തു സംഭവിച്ചാലും വേണ്ടില്ല, തങ്ങള്‍ ലോകം ചുറ്റാന്‍ തീരുമാനിച്ചാല്‍ അത് നടത്തിയിരിക്കും എന്ന ഇടതുമുന്നണി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യമാണ് മന്ത്രി ബാലഗോപാലിലൂടെ പ്രകടമായത്. ഒന്നും രണ്ടും ദിവസമൊന്നുമല്ല, രണ്ടാഴ്ചക്കാലമാണ് മുഖ്യമന്ത്രി പിണറായിയുടെയും മന്ത്രിമാരുടെയും ലോകംചുറ്റല്‍. രാജ്യത്തിന്റെ പ്രധാനമന്ത്രിപോലും ഇത്രയേറെ നീണ്ടുനില്‍ക്കുന്ന വിദേശസന്ദര്‍ശനങ്ങള്‍ നടത്താറില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
നമ്മുടെ നാട്ടിലേതുമായി യാതൊരു താരതമ്യവുമില്ലാത്ത ഫിന്‍ലാന്റിലെ വിദ്യാഭ്യാസ പരിഷ്കാരം കണ്ടുപഠിക്കാനെന്ന പേരിലും മറ്റും നടത്തുന്ന വിദേശയാത്രകള്‍ പ്രയോജനം ചെയ്യില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് ഒരു മന്ത്രിയും മറുപടി പറഞ്ഞില്ല. ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്റെ കാലത്തും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ 85 വിദേശയാത്രകള്‍ക്ക് എത്ര കോടി ചെലവഴിച്ചെന്നും, ഇതുകൊണ്ടുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്നും സര്‍ക്കാര്‍ പറയുന്നില്ല. ഭരണാധികാരികളെന്ന നിലയ്ക്ക് മന്ത്രിമാര്‍ നടത്തുന്ന വിദേശയാത്രകളില്‍ നികുതിപ്പണം ചെലവഴിച്ച് കുടുംബാംഗങ്ങളെ കൊണ്ടുപോകുന്നതിന്റെ യുക്തി മനസ്സിലാവുന്നുമില്ല. സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന എന്തെങ്കിലുമൊരുകാര്യം പഠിക്കാനാണെങ്കില്‍ അതിന് അറിവും കഴിവുമുള്ള വിദഗ്ധരെയല്ലേ വിദേശങ്ങളില്‍ അയയ്ക്കേണ്ടത്. പലതിനെക്കുറിച്ചും യാതൊരു ഗ്രാഹ്യവുമില്ലാത്ത മന്ത്രിമാര്‍ കുടുംബസമേതം പോകുന്നത് സര്‍ക്കാര്‍ ചെലവില്‍ സുഖിക്കാനാണ് എന്നതല്ലേ വാസ്തവം. ചില മന്ത്രിമാര്‍ ഔദ്യോഗിക യാത്രകളുടെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടത്താനല്ലേ പോകുന്നത്? ഇതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തുണ്ടല്ലോ. മുഖ്യമന്ത്രിയുടെ യുഎഇ സന്ദശനത്തിനൊപ്പം നിയമവിരുദ്ധമായി ഡോളര്‍ കടത്തിയെന്ന കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയെ കഴിഞ്ഞ ദിവസമാണ് സിബിഐ ചോദ്യം ചെയ്തത്. അസുഖകരമായ ഈ സാഹചര്യം ഒഴിവാക്കുകയെന്ന ലക്ഷ്യവും മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ വിദേശയാത്രയ്ക്കുണ്ടെന്ന് സംശയിക്കണം. മന്ത്രിമാരുടെ ഭാര്യയും മക്കളുമൊക്കെ വിദേശയാത്ര നടത്തുന്നത് സര്‍ക്കാര്‍ ചെലവിലല്ലെന്നു പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. അല്ലെങ്കില്‍ ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിടട്ടെ. എല്ലാറ്റിനും ഒരു പരിധിയുണ്ടെന്ന് ഈ ഭരണാധികാരികള്‍ ഓര്‍ക്കുന്നത് കൊള്ളാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: