വിനോദ് മങ്കര
ഇന്ത്യയിൽ തന്നെ രാമായണം പലതരത്തിൽ വായിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യമുഖമുള്ള വാത്മീകിയിൽ നിന്നും വിടുതൽ പ്രഖ്യാപിച്ച് സ്വതന്ത്രാവിഷ്ക്കാരത്തിന്റെ സമ്മാനങ്ങൾ നിരത്തിയവരാണ് തുളസീദാസനും തുഞ്ചത്താചാര്യനും . പ്രകീർത്തനമാണെങ്കിലും രാമായണമുഹൂർത്തങ്ങളെ വെറും 24 വരികളിലേക്ക് കുറുക്കിയ സ്വാതിതിരുനാളും രാമായണകാവ്യത്തെ തന്റെ സ്വതന്ത്ര വിഹായസ്സിലേക്ക് നിവർത്തിവച്ചയാളാണ്. രാമായണ നായകനായ രാമനെക്കുറിച്ച് സ്വാതിയെഴുതിയത് 22 കൃതികളാണ്. അതിലേറ്റം പ്രസിദ്ധം ഭാവയാമി രഘുരാമം തന്നെയും.
സ്വാതിയുടെ തൂലികയിൽ നിന്നും സംസ്കൃതത്തിൽ പിറന്ന ഭാവയാമി, സാവേരി രാഗത്തിലും രൂപകതാളത്തിലുമാണ് അന്ന് സുഭഗമായത്. പിന്നീട് ശെമ്മാങ്കുടി ശ്രീനിവാസ അയ്യരാണ് അതിനെ 7 രാഗങ്ങളാൽ കോർത്ത് രാഗമാലികയാക്കിയത്. മഹാകാവ്യത്തെ ഉത്തരരാമായണമൊഴിച്ചുള്ള 6 കാണ്ഡങ്ങളിലെ 534 സർഗ്ഗങ്ങളെ 24 വരികളിൽ സംക്ഷിപ്തമാക്കിയ സ്വാതിക്കു പിറകേ യാത്ര ചെയ്ത ശെമ്മാങ്കുടിയും , ഭാവയാമി പാടി പാടി അനശ്വരമാക്കിയ എം.എസ്.സുബ്ബുലക്ഷ്മിയും, എം.എസിനെ പരത്തിയൊടുക്കിയ HMV കമ്പനിയുടെ ആൽബവും ഈ കൃതിയെ ഗൗരിയും മനോഹരിയുമാക്കി. എം.എസിനു പുറമേ എം.ഡി.രാമനാഥനും , നെമ്മാറ ബ്രദേഴ്സിന്റെ നാദസ്വരവും എ കന്യാകുമാരിയുടെ വയലിനും ശ്രീവത്സൻ ജെ.മേനോന്റെ ആധുനിക കാലവും ഭാവയാമിയെ കസവുടുപ്പിച്ചു.
ഈ കൃതിയെ ഭരതനാട്യത്തിലേക്കും മോഹിനിയാട്ടത്തിലേക്കും പരാവർത്തനം ചെയ്ത നർത്തകിമാർ ഏറെയാണ്. എന്നാൽ പലർക്കും അത് വഴങ്ങുന്നതായി കണ്ടിട്ടില്ല. ഈ കൃതി തുറന്നിടുന്ന ചാലഞ്ച് ആണിത്. ആറ്റിക്കറുക്കിയ കൃതിയിൽ തന്നെ സ്രഷ്ടാവറിയാതെ ചങ്ങലയറുത്ത ഒരു വെല്ലുവിളി കുടുങ്ങിക്കിടക്കുന്നുണ്ട്. അത് നർത്തകിയെ നിരന്തരം വേട്ടയാടും. ഇതൊന്നുമറിയാതെ വെറും പദാർത്ഥാഭിനയത്തിൽ മുങ്ങിമരിക്കുന്ന നർത്തകിയെ കണ്ട് എത്രയോ വേദികൾ സ്വയം പൊട്ടിച്ചിരിച്ചിരിക്കുന്നു!
6 ചരണങ്ങളിൽ, ബാലകാണ്ഡത്തിലെ 77 സർഗ്ഗങ്ങൾ, അയോധ്യാകാണ്ഡത്തിലെ 119 സർഗ്ഗങ്ങൾ, ആരണ്യകാണ്ഡത്തിലെ 75 സർഗ്ഗങ്ങൾ, കിഷ്കിന്ധാകാണ്ഡത്തിലെ 67 സർഗ്ഗങ്ങൾ, സുന്ദരകാണ്ഡത്തിലെ 68 സർഗ്ഗങ്ങൾ, യുദ്ധകാണ്ഡത്തിലെ 128 സർഗ്ഗങ്ങൾ എന്നിവയിൽ പൂവിടുന്ന രാമചരിതം കുറുകിക്കൂടി 24 വരികളായി പ്രസവിക്കുമ്പോൾ അതിൽ നൃത്ത ഭാഷയെ സന്നിവേശിപ്പിക്കുക ബുദ്ധിയുള്ള നർത്തകിയുടെ ശ്രമാത്മകമായ പ്രവർത്തിയാണ്. നർത്തകി തോറ്റു തുന്നം പാടാൻ എളുപ്പമാണെന്നർത്ഥം. വാത്മീകി ഗുണദോഷസമ്മിശ്രനായ രാമനെ അവതരിപ്പിക്കുമ്പോൾ സ്വാതി രാമന്റെ സത്ഗുണങ്ങളുടെ പൂന്തോട്ടത്തിൽ മാത്രമേ കാഴ്ചയയക്കുന്നുള്ളൂ. അതുകൊണ്ടു തന്നെ ഒരു മണിക്കൂറോളം സത്ഗുണൻ , സത്ഗുണൻ എന്ന് പറഞ്ഞ് നിൽക്കാൻ നർത്തകി നന്നേ കഷ്ടപ്പെടും.
ഇതിനൊക്കെ പുറമേ ഭാവയാമിയുടെ നൃത്താവിഷ്കാരത്തിൽ നിരന്തരം ആവർത്തിക്കപ്പെടുന്ന മാറി മാറി വരുന്ന രംഗങ്ങളുടെ പതിഞ്ഞ ഡിസോൾവ് ഈ കൃതി ആവശ്യപ്പെടുന്നുണ്ട്. അതാണ് ഭാവയാമി നർത്തകിക്കുമുന്നിൽ വയ്ക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. അതിൽ മുടന്തിയാൽ നർത്തകി ശൂർപ്പണഖയായി അവസാനം വരെ നിൽക്കേണ്ടിവരും. ഖലമാരീചൻ എന്നൊക്കെ പറഞ്ഞ് സ്വാതിക്ക് മാറി നിൽക്കാം. നർത്തകിക്ക് അത് വിവരിച്ചാലേ രക്ഷ കിട്ടുകയുള്ളൂ. അതുകൊണ്ട് ഈ കൃതി യഥാർത്ഥത്തിൽ കവിയെയല്ല അടയാളപ്പെടുത്തുന്നത്. അതിലിടപെടാൻ ശ്രമിക്കുന്ന ഗായകനേയോ നർത്തകിയേയോ ആയിരിക്കും. അതുകൊണ്ട് ഈ കൃതി കവിയുടേതല്ല വ്യാഖ്യാതാവിന്റേതാണ്.
ഒരു നർത്തകിക്ക് ഇത് തന്റെ കൃതി എന്ന നിലയിൽ പെരുമാറാനുള്ള സ്വാതന്ത്ര്യം ഭാവയാമി തരുന്നുണ്ട് എന്ന നിലയിൽ വേണം ഡോ. സുനന്ദാ നായരുടെ ഭാവയാമിയുടെ യാത്രയെ കാണേണ്ടത്. സൂര്യ ഫെസ്റ്റിവൽ തുടങ്ങി നിരവധി അരങ്ങുകളിലൂടെ യാത്ര ചെയ്യുന്ന ഭാവയാമി രഘുരാമം എന്ന സ്വാതി കൃതിയെ തന്റേതെന്നപോൽ പരാവർത്തനം ചെയ്യാനാവുന്നു ഈ നർത്തകിക്ക് എന്നത് നർത്തകിയുടേയും മോഹിനിയാട്ടത്തിന്റേയും വളർച്ചയെ സൂചിപ്പിക്കുന്നു.
ശൂർപ്പണഖയുടെ മൂക്കും ചെവിയും ഛേദിച്ചു എന്ന് വാത്മീകി പറയുമ്പോൾ ഭക്തി പ്രസ്ഥാനക്കാർ അതിനെ മൂക്കും മുലയുമാക്കി. സുനന്ദാ നായരുടെ ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കു മാത്രമേ ഛേദിക്കുന്നുള്ളൂ. ഛേദിക്കപ്പെട്ട സ്ത്രീ അവയവം ഒന്നോ രണ്ടോ എന്നല്ല, ഛേദിക്കപ്പെട്ട സ്ത്രീയുടെ മാനാഭിമാനങ്ങൾ എന്നത് വ്യക്തമാവുക എന്നതല്ലേ പ്രേക്ഷക ശ്രദ്ധയെ കൂർപ്പിക്കുന്നത്? ശൂർപ്പണഖയുടെ കാമാതുരതപോലെ തന്നെ ജഡായുവിന്റെ രസ ഭേദങ്ങളും ഭൃഗുരാമന്റെ കാർക്കശ്യവും മാരീചന്റെ കൗശലങ്ങളും ധനുഷ്കോടിയിൽ നിന്നും തലൈമന്നാറിലേക്ക് സമുദ്രത്തിനു കുറുകേ നിർമ്മിച്ച ചിറയും യുദ്ധങ്ങളും പട്ടാഭിഷേകവും വ്യാഖ്യാനത്തിന്റെ വാടാമല്ലിയാൽ പ്രശോഭിതമാവുന്നത് കാണാം.
അതി മനോഹരമായി തുടുത്ത പിന്നണിയിൽ നിന്ന് മദ്ദളത്തിന്റേയും, തവിലിന്റേയും ശംഖിന്റേയും സമയോചിതമായ ഇലക്ട്രോണിക് നാദമുണ്ടായത് അത്ഭുതപ്പെടുത്തുമെങ്കിലും അത്തരം പരീക്ഷണങ്ങളും മോഹിനിയാട്ട നൃത്തവേദിയിൽ ഉണ്ടാവട്ടെ. സ്വാതിയുടെ ഭാവയാമി, സുനന്ദാ നായരുടെ ഭാവയാമിയായി രൂപാന്തരം സംഭവിച്ചത് ഏതർത്ഥത്തിലും ഉന്നതി തന്നെ. ആ കൃതി ആവശ്യപ്പെടുന്നതും ഇത്തരം പരാവർത്തനങ്ങളാണ്. ഭാവയാമിയുടെ ഇത്തരം വായനകൾ ഭാവി തലമുറക്ക് വേണ്ടി ഡിജിറ്റലൈസ് ചെയ്യേണ്ടതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: