ആലപ്പുഴ: വിദേശരാജ്യങ്ങളിലെ വിജയകരമായ മോഡലുകള്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ച് പാഴായവയില് ഷാര്‍ജ മോഡല്‍ ഡ്രൈവിങ് സ്കൂളും. കേരളത്തിന്റെ വെള്ളപ്പൊക്ക പരിഹാരത്തിന് ഡച്ച് മോഡല്‍ റൂം ഫോര്‍ റിവര്‍ പദ്ധതി, ഫ്രാന്‍സ് മോഡല്‍ സാമ്പത്തികാസൂത്രണം, യുഎഇ മോഡല്‍ പോലീസ് നവീകരണം, സ്വിറ്റ്സര്‍ലാന്‍ഡ് മോഡല്‍ ഖരമാലിന്യ സംസ്ക്കരണം തുടങ്ങി പിണറായി വിജയന് പ്രഖ്യാപിച്ച് പാഴായ പദ്ധതികള്‍ നിരവധിയാണ്. കോടിക്കണക്കിന് രൂപ പൊതുഖജനാവില്‍ നിന്ന് ചെലവിട്ടത് മാത്രം നേട്ടം.
ഷാര്‍ജ മോഡല്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ട്രെയിനിങ് സെന്റര്‍ മലപ്പുറത്ത് ആരംഭിക്കുമെന്ന് 2020 ഫെബ്രുവരി 19നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. വേങ്ങരയില്‍ ഇന്‍കലിന് കീഴിലുള്ള 25 ഏക്കര്‍ സ്ഥലത്താണ് സെന്റര്‍ സ്ഥാപിക്കുക. ഡ്രൈവിങ് ടെസ്റ്റിനും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ പ്രത്യേകമായി ഒരുക്കും. മോട്ടോര്‍ വാഹന വകുപ്പിനു കീഴിലുള്ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈവിങ് ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിനായിരിക്കും (ഐഡിടിആര്‍) നടത്തിപ്പ് ചുമതലയെന്നും പിണറായി അറിയിച്ചു.
ഷാര്‍ജയോട് കേരളം അഭ്യര്‍ത്ഥിച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു ഡ്രൈവിങ് ട്രെയിനിങ് സെന്റര്‍. ഇവിടെ ഡ്രൈവിങ് ടെസ്റ്റ് പാസായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിയെടുക്കാനാകുമെന്നതാണ് ഈ സെന്ററിന്റെ പ്രത്യേകയായി പറഞ്ഞത്. ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസന്‍സ് ഇതുവഴി ലഭിക്കും. ഷാര്‍ജയിലെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി ആവശ്യമായ മേല്‍നോട്ടം വഹിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം ഉടന്‍ ഒപ്പിടും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു സംരംഭമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു.
എന്നാല്‍ രണ്ടര വര്‍ഷം പിന്നിട്ടിട്ടും പദ്ധതി യാഥാര്‍ത്ഥ്യമായില്ല. വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രഖ്യാപിക്കുന്ന പതിവ് ‘മോഡലു’കളില്‍ ഒന്നായി ഷാര്‍ജ മോഡലും ഒതുങ്ങി. നോര്‍വേയും ലണ്ടനും ഒക്കെ കുടുംബസമേതം സന്ദര്‍ശിച്ച് മുഖ്യമന്ത്രി അവകാശപ്പെടുന്ന നേട്ടങ്ങളുടെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: