ശ്രീനഗര്‍: ജമ്മു കശ്മീരിലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള ബൃഹദ് പദ്ധതിയുമായി മോദി സര്‍ക്കാര്‍. 65 കേന്ദ്രമന്ത്രിമാരാണ് ഒക്ടോബര്‍ 10 തിങ്കളാഴ്ച മുതലുള്ള ദിവസങ്ങളില്‍ ജമ്മു കശ്മീരിലെ ജനങ്ങളുമായി സംസാരിക്കാന്‍ എത്തുന്നത്.
കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളഞ്ഞ ശേഷമുള്ള മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ വന്‍ പദ്ധതിയാണിത്. ഒക്ടോബര്‍, നവമ്പര്‍ മാസങ്ങളിലായി ജമ്മു കശ്മീരിലെ 20 ജില്ലകള്‍ മന്ത്രിമാര്‍ സന്ദര്‍ശിക്കും. ജമ്മുകശ്മീരിലെ കേന്ദ്രഭരണപ്രദേശങ്ങളിലെ വികസന പദ്ധതികളുടെ ഇപ്പോഴത്തെ സ്ഥിതിവിശേഷം മന്ത്രിമാര്‍ വിലയിരുത്തും. ഇതേക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ട് പിന്നീട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്കും കൈമാറും.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ പങ്കെടുക്കും. ഗ്രാമവികസന സഹമന്ത്രി സാധ്വി നിരഞ്ജന് ജ്യോതി, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ള എന്നിവരാണ് ഒക്ടോബര്‍ 10 മുതല്‍ 12 വരെ മന്ത്രിമാരുടെ യാത്ര തുടങ്ങിവെയ്ക്കുക. ഇവര്‍ ബാരാമുള്ള, റംബാന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും.
വാണിജ്യ വ്യവസായ സഹമന്ത്രിയും അപ്നാദള്‍ നേതാവുമായ അനുപ്രിയ പട്ടേല്‍ ഒക്ടോബര്‍ 12,13 തിയതികളില്‍ ഗന്ദേര്‍ബല്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തും. കേന്ദര് ഷിപ്പിംഗ്,തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഒക്ടോബര്‍ 27,28 തീയതികളില്‍ ഗന്ദേര്‍ബാള്‍ സന്ദര്‍ശിക്കും.
2019 ആഗസ്ത് 5ന് കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്മീരിലേക്കുള്ള മൂന്നാമത്തെ മന്ത്രിതല ദൗത്യമാണിത്. . 2020 ജനവരിയില്‍ 36 കേന്ദ്രമന്ത്രിമാര്‍ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു. രണ്ടാമത്തെ ദൗത്യത്തില്‍ 70 കേന്ദ്രമന്ത്രിമാര്‍ 2021 സപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: