കൊല്ലം: സൂപ്രണ്ടിങ് എന്‍ജിനീയറുടെ വ്യാജഒപ്പും സീലും ഉപയോഗിച്ച് പണം തട്ടിയ സംഭവത്തില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്. കഴിഞ്ഞ ദിവസം യുവമോര്‍ച്ച നടത്തിയ പ്രതിഷേധത്തില്‍ കുറ്റക്കാര്‍ക്ക് എതിരെ നടപടി എടുക്കുമെന്നും വിജിലന്‍സ് അന്വേഷണം നടത്തുമെന്നും ഉറപ്പ് നല്കിയ മേയര്‍ പിന്നീട് മലക്കം മറിഞ്ഞു.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി. ജി. ഗിരീഷ്, കൗണ്‍സിലര്‍മാരായ ടി.ആര്. അഭിലാഷ്, ബി. ഷൈലജ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് മേയര്‍ ഉറപ്പ് നല്‍കിയത്. കോര്പറേഷന് സെക്രട്ടറി സജീവ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാര്, കൊല്ലം എസിപി അഭിലാഷ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച. വിജിലന്‍സ് അന്വേഷണ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് യുവമോര്‍ച്ച സമരം അവസാനിപ്പിച്ചത്.
സെക്യൂരിറ്റി തുക പിന്‍വലിക്കാന്‍ കരാറുകാരന് നല്കിയ രേഖയില്‍ ഒപ്പില്‍ സംശയം തോന്നിയ ട്രഷറി ഉദ്യോഗസ്ഥന് സൂപ്രണ്ടിങ് എന്ജിനീയയറെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു പുറത്തായത്. പരിശോധനയില്‍ കൂടുതല്‍ തട്ടിപ്പ് ബോധ്യമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥ കോര്പറേഷന് സെക്രട്ടറിക്ക് പരാതി നല്കി. സെക്രട്ടറി തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഈസ്റ്റ് പോലീസില്‍ പരാതി നല്കി.
ഇടതുപക്ഷ തൊഴിലാളി സംഘടനയില്പ്പെട്ടവരുടെയും കരാറുകാരുടെയും നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമാണ്. 202021 കാലഘട്ടത്തില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് നിരവധി അനധികൃത പണം പിന്‍വലിക്കലുകളാണ് നടന്നിരുന്നത്. ഇതിന് നേതൃത്വം നല്കിയ ഉദ്യോഗസ്ഥന് ഇപ്പോഴും ശക്തികുളങ്ങര സോണല്‍ ഓഫീസിലുണ്ട്. ഒരേ സെക്യൂരിറ്റി തുകയുടെ രേഖകള്‍ ഹാജരാക്കി നിരവധി കരാറുകള്‍ ഏറ്റെടുത്തതായും കുടുതലും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുന്ന വര്‍ക്കുകളാണ്. കോടികള്‍ വരുന്ന ഇടപാടുകളാണ് നടന്നിട്ടുള്ളതെന്നാണ് പുറത്തു വന്നിട്ടുള്ളത്. അഴിമതിക്ക് പിന്നില്‍ മേയര്‍ക്കും സിപിഎമിനും പങ്കുണ്ട് എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: